‘1800-3133-60000’ വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ യുനെെറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റിന്‍റെ ഹെല്‍പ് ലെെന്‍ നമ്പര്‍

By on

രാജ്യത്ത് വർധിച്ചുവരുന്ന സംഘപരിവാർ വിദ്വേഷ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദേശീയ തലത്തിലുള്ള അതിവേഗ ഹെൽപ് ലെെൻ പ്രവര്‍ത്തനമാരംഭിച്ചു. തിങ്കളാഴ്ച വെെകുന്നേരം ഡൽഹി പ്രസ് ക്ലബിൽ നടന്ന പരിപാടിയിലാണ് ഹെൽപ് ലെെൻ നമ്പർ പ്രഖ്യാപിച്ചത്. യുനെെറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായ്മയാണ് ടോള്‍ഫ്രീ ഹെല്‍പ് ലെെന്‍ സെന്‍ററിലൂടെ സംഘപരിവാറിന്‍റെ സംഘടിതമായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നിയമസഹായം ഒരുക്കിയിരിക്കുന്നത്. 1800-3133-60000 എന്ന ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും അതിന് സാക്ഷികളാകുന്നവര്‍ക്കും ഉപയോഗപ്പെടുത്താം.

“രാജ്യത്ത് കൂടി വരുന്ന വിദ്വേഷ ആക്രമണങ്ങളുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും സാഹചര്യത്തിലാണ് ഞങ്ങൾ ഒരു ടോൾ ഫ്രീ ഹെൽപ് ലെെൻ ഒരുക്കുന്നത്. അത്തരത്തിലുള്ള ആക്രമണങ്ങളുടെ ഇരകളെ ഞങ്ങൾ സഹായിക്കാൻ ശ്രമിക്കും, കോടതികളിൽ നിന്ന് നീതി ലഭ്യമാക്കുന്നതിന് അവരെ സഹായിക്കും. ഈ ഹെൽപ് ലെെൻ സെന്‍ററിന്‍റെ ലക്ഷ്യം മോബ് ലിഞ്ചിങിന്‍റെ ഇരകൾ വേ​ഗത്തിൽ നീതി ലഭ്യമാക്കുക എന്നതാണ്, ഇത്തരം ആക്രമണങ്ങളുണ്ടാകുമ്പോൾ തന്നെ മാധ്യമങ്ങളിലൂടെ വാർത്ത പുറത്തെത്തിക്കുക, അവ രേഖപ്പെടുത്തുക, അവർക്ക് നിയമസഹായം ലഭ്യമാക്കുക, ഇത്തരം ആക്രമണങ്ങൾക്കെതിരെ മുന്നേറ്റം സജ്ജമാക്കാൻ മതിയായ രേഖ തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രസ്താവനകൾ പുറത്തിറക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അക്രമസംഭവങ്ങൾ അവസാനിക്കുന്നില്ല.” യുനെെറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റിന്‍റെ സ്ഥാപക നേതാവായ നദീം ഖാന്‍ പറയുന്നു.

മൗലാനാ മഹ്മൂദ് മദ്നി, ഡോ. കഫീൽ ഖാൻ, മാധ്യമപ്രവർത്തകൻ ഊർമിളേഷ്, പ്രൊഫസർ ഘസാലാ ജമീൽ, പ്രൊഫസർ അപൂർവാനന്ദ്, മാലിക് മൊതസിം ഖാൻ, പ്രൊഫ. രതൻ ലാൽ, പ്രശാന്ത് ഠണ്ഡൻ, അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ഫസെെൽ അയ്യൂബി, അനസ് തൻവീർ, എഹ്തെസാം ഹാഷ്മി, ശ്രീജി ഭാവ്സാർ, രവി നായർ (സൗത്ത് ഏഷ്യ ഹ്യുമൻ റെെറ്റ്സ് ഡോക്യുമെന്റേഷൻ സെന്റർ) തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

ഇതൊരു നല്ല ഉദ്യമമാണ്. ക്രിസ്ത്യാനികളും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നുണ്ട്. പല അക്രമസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടണമെന്നും മെെനോറിറ്റി ക്രിസ്ത്യന്‍ ഫോറം സ്ഥാപക നേതാവായ ഫാദര്‍ മെെക്കേല്‍ വില്ലെമി പറഞ്ഞു. യോഗി ആദിത്യനാഥും നരേന്ദ്രമോദിയും വിദ്വേഷത്തിന്‍റെ വിത്ത് വിതയ്ക്കുന്നവരാണ്, മതത്തിന്‍റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്നത് അപലപനീയമാണ്, ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. ഈ ഹെല്‍പ് ലെെന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഗ്രാമീണമേഖലകളിലുള്ളവര്‍ക്കാണെന്ന് സുപ്രിം കോടതി അഭിഭാഷകന്‍ എഹ്തിഷാം ഹാഷ്മി പറഞ്ഞു. അടിച്ചമർത്തലുകൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് പറ‍ഞ്ഞു. സ്വയമോ ജനങ്ങളെയോ നിരാശപ്പെടുത്തരുതെന്നും ജാമിയത് ഉലെമ ഹിന്ദിന്‍റെ മൗലാനാ ഹക്കീമുദ്ദീൻ പറഞ്ഞു.


Read More Related Articles