ഫാഷിസത്തെ പ്രതിരോധിക്കൽ ദലിത്, മുസ്ലിം ഉത്തരവാദിത്തം മാത്രമല്ല എന്ന തോന്നലുണ്ടാവുന്നു എന്നതാണ് പ്രതീക്ഷ; ഡെത് ഓഫ് എ നേഷൻ സംവിധായകൻ അഹമ്മദ് സഫ്വാൻ

By on

ആസിഫയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ‘ഡെത് ഓഫ് എ നേഷന്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അഹമ്മദ് സഫ്വാന്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നു.

“ഇതെന്റെ ആദ്യത്തെ ഷോർട്ട് ഫിലിമാണ്. മൂന്നുവർഷമായി സ്ക്രിപ്റ്റ് മനസ്സിലുണ്ട്. അര മണിക്കൂറിനുള്ള സ്ക്രിപ്റ്റായിരുന്നു അത്. പിന്നെ ചുരുക്കി മൂന്നുമിനിറ്റാക്കി. എന്റെ ഫാമിലിയൊക്കെ ചെെനയിലാണ്. അവിടെ വെക്കേഷന് പോയപ്പോൾ ഞാൻ ഒറ്റക്കായ സമയത്ത് റൂബിക്സ്ക്യൂബും കൊണ്ട് ഇരിക്കുമായിരുന്നു. അതുമായി ഇരുന്നപ്പോഴാണ് ഈ ചിന്ത വരുന്നത്. ആ സമയത്താണ് നരേന്ദ്രമോദി അധികാരത്തിൽ വരുന്നതും. ആദ്യം ആലോചിച്ചിരുന്നത് ഒരു കുട്ടി റുബിക്സ്ക്യൂബുമായി കളിക്കുന്നത് തന്നെയായിരുന്നു. അതിൽ നിന്നും പിന്നെ ഓരോ ഭാഗങ്ങളായി ഒഴിവാക്കി. ശാന്തപുരം അൽജാമിയ ഇസ്ലാമിയയിലാണ് ഞാൻ പഠിച്ചത്. അവിടെവെച്ചാണ് ഒരു പ്രോ​ഗ്രാമിന് വേണ്ടി സിനിമ ചെയ്തത്. അന്ന് ചുരുക്കി മൂന്നുമിനിറ്റാക്കി. അതിന് ശേഷം അത് പുറത്തൊന്നും റിലീസ് ചെയ്തില്ല.

പിന്നീട് ആസിഫയുടെ ബലാത്സം​ഗ കൊലപാതകം ഉണ്ടായപ്പോൾ അതുമായി ബന്ധപ്പെടുത്തി ഈ കഥാപാത്രത്തെ മുഴുവൻ മാറ്റി ആസിഫയിലേക്ക് എത്തി. യൂട്യൂബിൽ റീച്ചുണ്ട്. ആളുകൾ കണ്ടതിൽ വളരെ ചുരുക്കം പേർ മാത്രമേ നെ​ഗറ്റീവായി കമന്റ് ചെയ്തിട്ടുള്ളൂ. സിനിമയുടെ രാഷ്ട്രീയത്തെ തന്നെയാണ് അവർ നെ​ഗറ്റീവായി കാണുന്നത്. നമ്മൾ ആരെയാണോ അതുകൊണ്ട് വിമർശിക്കുന്നത് അവരുടെ തന്നെ നെ​ഗറ്റീവ് റിപ്ലെെകളാണ്. കേരളത്തിന് പുറത്തുമുള്ള ഒരുപാടുപേർ അഭിപ്രായമറിയിച്ചിട്ടുണ്ട്. നമ്മൾ വിമർശിക്കുന്ന ഈ രാഷ്ട്രീയത്തെ പ്രതിരോധിക്കണം എന്ന ആശയമുള്ളവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത് 31%ന്റെ പിന്തുണയിൽ ആണല്ലോ. അത് കഴിഞ്ഞുള്ള 69% പേർ ഈ വിമർശനത്തെ അംഗീകരിക്കുന്നവർ തന്നെയാണ്.

ആസിഫ കേസിനെക്കുറിച്ച്
ആസിഫ കേസ് ഏറ്റെടുത്ത അഭിഭാഷകയ്ക്ക് പിന്നീട് സംഘപരിവാറിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ ചെറുതാണെങ്കിലും അപകടകരമായ ന്യൂനപക്ഷമാണിവർ. അത്ര ക്രൂരമായാണ് ആസിഫ കൊല്ലപ്പെട്ടത്. അതിലപ്പുറം ഒരുപാടുപേർ സംഘ് ആൾക്കൂട്ടത്താൽ കൊല്ലപ്പെടുന്നു. അത്രയും സമ്മർദ്ദം അവർക്കുണ്ടാകും. എങ്കിലും ഇത്രയും വൾണറബിൾ ആയ ഒരു പാർട്ടിക്ക് വേണ്ടി നിലകൊള്ളുമ്പോൾ കേസിനോട് സൂക്ഷ്മത അവരും പാലിക്കണമായിരുന്നു എന്നും തോന്നുന്നു. ആസിഫയുടെ കേസിൽ കോടതിയുടെ ഇടപെടലും അങ്ങനെയായിരുന്നല്ലോ, പേര് പറയരുത്, എങ്ങനെയെങ്കിലും ആ സംഭവം ഓർക്കപ്പെടാത്ത അവസ്ഥയിലേക്ക് എത്തിക്കുക; സിനിമയിൽ പോലും ഒരു പ്രതീകമായാണ് ആസിഫയെ വെച്ചിരിക്കുന്നത്. തുടക്കത്തിൽ സമർപ്പണം എന്നൊരു ഫ്രെയിം വെച്ചിട്ടാണ്. എന്റെയൊരു സുഹൃത്ത് യാസിർ ആണ് പിന്നെ അതിന് വേണ്ടി വരച്ചത്. നേരിട്ട് പറയാതിരുന്നതാണ്.

ആസിഫയ്ക്ക് മുമ്പ് രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ പ്രതിരോധമുയർത്തിയ ഒരുപാട് പേരിൽ നിന്ന് കനയ്യ കുമാർ മാത്രം ബിംബവൽക്കരിക്കപ്പെട്ടതും, കനയ്യ സവർണനായ ഒരാൾ കൂടിയാണ്, പക്ഷേ ആസമയത്ത് ആ ഐഡന്റിറ്റി പൂർണമായും മറച്ചുപിടിക്കുകയും ഈ തെരഞ്ഞെടുപ്പ് സമയത്ത് കനയ്യകുമാറിന്റെ ബാക്കി കാര്യങ്ങൾ വെളിപ്പെടുകയും ചെയ്തു. കമ്മ്യൂണിസം സവർണ മനോഭാവം വെച്ചുപുലർത്തുക തന്നെയാണ് ചെയ്യുന്നത്. എത്രത്തോളം ഇടതുപക്ഷത്തെ വിശ്വസിക്കാം എന്നതൊരു പ്രശ്നമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ

ഈ തെരഞ്ഞെടുപ്പിലും അവർ അധികാരത്തിൽ വന്നാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകും എന്ന് കരുതരുത് ഇന്ത്യയിൽ. ഇപ്പോൾ 2014ൽ അവർ അധികാരത്തിൽ വരാനുള്ള കാരണം തന്നെ 2000ൽ വാജ്പേയി സർക്കാർ ആറുമാസം ഇന്ത്യ ഭരിച്ചിരുന്നു. അന്നേ ഉള്ള പ്ലാനിങ്ങിന്റെ ഭാ​ഗമാണ് 2014 ലെ വിജയത്തിന്റെ കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ സമയത്ത് ഞാൻ കണ്ട് വളർന്ന കാർട്ടൂൺ ജയ് ഹനുമാനും രാമായണവും അത്തരത്തിലുള്ളവയായിരുന്നു. അന്ന് നമുക്ക് കാണാൻ ആകെയുള്ളത് ദൂരദർശനും ദൂരദർശനിൽ വരുന്ന കാർട്ടൂണുകളുമാണ്. ദൂരദർശനിലൊക്കെ പ്രധാനപ്പെട്ട ഉത്തരവാദിത്ത ചുമതലകളിൽ ഇവരുടെ ആൾക്കാർ നിയമിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇത്തരത്തിൽ ഭാരതസംസ്കാരത്തെക്കുറിച്ച് പറയുന്ന ഒരുപാട് സീരിയലുകൾ, കാർട്ടൂണുകൾ ഇതൊക്കെ നിറച്ചിരുന്നു. കുട്ടികളുടെ മനസ്സിൽ ഇവരാണ് ശരി. ഈ മിത്ത് തന്നെയും യാഥാർത്ഥ്യമാണ് എന്ന് ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിൽ എത്തിച്ചുകഴിഞ്ഞാല്‍ പിന്നീട് അവർ ബാക്കിയെന്ത് കാണുമ്പോഴും അതുമായി ബന്ധപ്പെടുത്തിയേ കാണൂ. അവർക്ക് ഹിന്ദുത്വ സമീപനങ്ങളും ഹിന്ദുത്വ ആശയങ്ങളും ഒരു പ്രശ്നമല്ലാത്ത രീതിയിൽ മാറ്റിയെടുക്കാനും കഴിഞ്ഞു. അതിന്റെ കൂടി ബാക്കി പത്രമാണ് 2014ൽ നമ്മൾ കണ്ടത്.

നരേന്ദ്രമോദിയുടെ ജീവചിത്രത്തെപ്പറ്റി

ഇത്തരം ബ്രാൻഡിങ് സിനിമയ്ക്കെതിരെ സംസാരിക്കാൻ ഇവിടെ ശബ്ദങ്ങളുണ്ട്, പക്ഷേ അതെല്ലാം അസംഘടിതമായി പോകുന്നു. ഇംഫാൽ ടോക്കീസിന്റെ അഖു അവരുടേതായ രീതിയിൽ ഇതിനെതിരെ പ്രതിഷേധമറിയിക്കുന്നവരാണ്, നമ്മുടെ കൂടെയുള്ള ഒരുപാട് എഴുത്തുകാർ ഈ പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. പക്ഷേ അതൊന്നും കേന്ദ്രീകൃത സ്വഭാവത്തിലല്ല. 69% എതിരഭിപ്രായമുള്ളവർ ഉണ്ടായിട്ടും മോദി സർക്കാർ എങ്ങനെ അധികാരത്തിൽ വന്നു? ഈ 69% വിഘടിച്ചുപോയതുകൊണ്ടാണ്. നമ്മളെത്ര കഷ്ടപ്പെട്ട് ചെയ്യുന്ന ഫാസിസ്റ്റ് പ്രതിരോധങ്ങളും വിഘടിച്ചുപോകുന്നുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പലരും ഒരേപോലെ ഫാസിസത്തിനെതിരാണ് സംസാരിക്കുന്നതെങ്കിൽ പോലും അവരൊരിക്കലും ഒന്നിച്ചല്ല. ആ വിടവിൽ കൂടിയാണ് ഈ പറയുന്ന ഫാസിസം കയറിവരുന്നത്. 2014ന് ശേഷമാണ് നമ്മൾ ഒ.രാജ​ഗോപാലിനെ കുറിച്ച് അറിയുന്നത്. കുമ്മനം രാജശേഖരനെ കുറിച്ച് അറിയുന്നത്. മോദി സ്വന്തം നിലയ്ക്ക് ചെയ്യുന്ന ബ്രാൻഡിങ് കൂടാതെ ആർഎസ്എസ്, ബിജെപി രാഷ്ട്രീയ നേതാക്കൾ ചെയ്യുന്ന ബ്രാൻഡിങ് ഉണ്ട്, നെ​ഗറ്റീവ് പബ്ലിസിറ്റി, ട്രോളുകളിലൂടെയൊക്കെ നമ്മൾ അറിഞ്ഞഓ അറിയാതെയോ അവർക്ക് പബ്ലിസിറ്റി കൊടുക്കുന്നുണ്ട്. നമ്മളത് നേരത്തേ ആലോചിക്കേണ്ടിയിരുന്ന കാര്യമായിരുന്നു. ഏറ്റവുമവസാനം സുരേഷ് ​ഗോപിയും അൽഫോൺസ് കണ്ണന്താനവുമൊന്നും മണ്ടന്മാരായിട്ടല്ല. ഒഡിഷയിലുള്ള ഒരാളുമായി ഈയിടെ സംസാരിച്ചിരുന്നു. അയാൾ മായാവതിക്ക് എതിരാണ്. ബം​ഗാളിൽ പ്രശ്നങ്ങളാണ്. അതിനാൽ നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരണമെന്ന് അയാൾ വിചാരിക്കുന്നു.

ആശങ്കകളിൽ തന്നെയാണ്. ഇനിയും ഫാസിസ്റ്റ് ഭരണകൂടം വന്നാൽ അതിനേക്കാൾ ഭീകരമായ അവസ്ഥയിലേക്കാണ് മാറുക എന്നതാണ്. പ്രതീക്ഷ നൽകുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ അതിനെ പ്രതിരോധിക്കാനുള്ള ഐക്യം ഉണ്ടാകും എന്നതാണ്. എപ്പോഴൊക്കെ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ പ്രതിരോധിക്കാൻ സ്വാഭാവികമായും ഐക്യം രൂപപ്പെട്ടുവന്നിട്ടുണ്ട്.ഈ കഴിഞ്ഞ അഞ്ച് വർഷത്തെയും ആറ് മാസത്തെ വാജ്പേയി സർക്കാരിന്റെ ഭരണവും കൊണ്ട് എന്ത് നേടിയെടുത്തു എന്നതിന്റെ ഏറ്റവും ചെറിയ രൂപമാണ് നിലവിൽ. ഇതിൽ നിന്നും മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക് നമുക്ക് സ്വപ്നം കാണാൻ പറ്റില്ല. പിന്നെ പ്രതീക്ഷയുള്ളത് ഇതിനെതിരെ ഐക്യം രൂപപ്പെടും എന്നതിലാണ്. കോൺഗ്രസ് നേതാക്കൾ ഇവിഎമ്മുകൾക്ക് കാവൽ നിൽക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അവർ ഇപ്പോൾ കാണിക്കുന്ന ജാ​ഗ്രത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടി കാണിച്ചിരുന്നെങ്കിൽ ഈ അവസ്ഥയിലെത്തില്ലായിരുന്നു.

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടെങ്കിലും എല്ലാവരും എങ്ങനെയെങ്കിലും ഇതിനെ പ്രതിരോധിക്കണം, ഇതൊരു പ്രശ്നമാണ് എന്ന് മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. മുമ്പ് ദളിത് സമുദായമോ മുസ്ലിം സമുദായമോ ന്യൂനപക്ഷ സമുദായങ്ങളോ മാത്രം അഭിസംബോധന ചെയ്തിരുന്ന പ്രശ്നത്തെ പൊതുവായി ആളുകൾ അഭിസംബോധന ചെയ്യുന്നു, മറ്റ് നിവൃത്തികളില്ലാത്തതുകൊണ്ട് മാത്രം അവരത് ചെയ്യുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോഴെങ്കിലും അതിന് തയ്യാറാകുന്നു എന്നതാണ് പ്രതീക്ഷ നൽകുന്ന കാര്യം.

ഡയറക്ടർ സക്കറിയ മുഹമ്മദാണ് ഈ ഫിലിം റിലീസ് ചെയ്തത്. ഞാൻ പഠിച്ച കൊളേജിൽ തന്നെയായിരുന്നു റിലീസ്. അതിന് ശേഷം പൊതുപ്രദർശനം നടത്തിയിട്ടില്ല. നടത്തണമെന്നുണ്ട്, വേദികൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മൾ തമ്മിലുള്ള എല്ലാ ആശയ വ്യത്യാസങ്ങളും ഉൾക്കൊണ്ട് തന്നെ ഫാസിസത്തെ പുറത്താക്കാൻ ഒരുമിച്ച് നിൽക്കുക അതിനുള്ള എല്ലാ വഴികളും ഉപയോ​ഗിക്കുക. സിനിമ സ്വപ്നമാണ്, കയ്യിൽ രണ്ട് കഥകൾ ഉണ്ട്.


Read More Related Articles