ജയിലില്‍ മാനസിക പീഡനമെന്ന് ഗുല്‍ഫിഷാ ഫാത്തിമ; ‘ജയില്‍ ഉദ്യോഗസ്ഥര്‍ വിളിക്കുന്നത് വിദ്യാഭ്യാസം നേടിയ ഭീകരവാദി എന്ന്’

By on

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹി സീലംപൂരിലെ സമര നേതാവ് ഗുല്‍ഫിഷാ ഫാത്തിമ ജയിലില്‍ മാനസിക പീഡനം നേരിടുന്നതായി കോടതിയോട് വെളിപ്പെടുത്തി. പൗരത്വ ഭേദഗതി വിരുദ്ധ സമര നേതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ എഫ്‌ഐആര്‍ 59 അടക്കമുള്ള കേസുകളുടെ വിചാരണ നടക്കുന്ന കര്‍കര്‍ദൂമ കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാഭ് റാവതിനോടാണ് ഗുല്‍ഫിഷാ ഇക്കാര്യം വെളിപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെയും തുടർന്ന് മുസ്ലിങ്ങൾക്കെതിരായി നടന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ ആണ് കഴിഞ്ഞ ഏപ്രിലിൽ എംബിഎ വിദ്യാര്‍ത്ഥിയായ ഇരുപത്തിയെട്ടുകാരി ഗുല്‍ഫിഷാ ഫാത്തിമ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടത്.

”ജയിലില്‍ ഞാനൊരു പ്രശ്‌നം നേരിടുന്നുണ്ട്. എന്നെ എന്ന് ജയിലിലേക്ക് മാറ്റിയോ അന്ന് മുതല്‍ ഞാന്‍ ജയില്‍ ജീവനക്കാരിൽ നിന്നും വിവേചനം നേരിടുകയാണ്. അവര്‍ എന്നെ ‘വിദ്യാഭ്യാസം നേടിയ ഭീകരവാദി’ എന്നാണ് വിളിക്കുന്നത്, വര്‍ഗീയമായി അധിക്ഷേപിക്കുകയാണ്. നീ ഇവിടെ കിടന്ന് മരിക്കണം, പുറത്ത് കലാപം ഉണ്ടാക്കിയവളാണ് നീ. മാനസികവും വൈകാരികവുമായ പീഡനം ഇപ്പോഴും തുടരുകയാണ്. ഞാന്‍ സ്വയം മുറിപ്പെടുത്തിയാല്‍ ജയില്‍ അധികൃതര്‍ക്കായിരിക്കും അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം .”- വീഡിയോ കോണ്‍ഫറന്‍സ് ഹിയറിങ്ങില്‍ ഗുല്‍ഫിഷാ പറഞ്ഞു.

ഗുല്‍ഫിഷയുടെ അഭിഭാഷകന്‍ മഹ്മൂദ് പ്രാചയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്കെതിരെയാണോ ഈ ആരോപണം എന്ന് ജഡ്ജ് ഗുൽഫിഷായോട് ചോദിച്ചു. ഈ വിഷയത്തില്‍ പ്രത്യേക പരാതിയുമായി മുന്നോട്ടുപോകുമെന്നും ഗുല്‍ഫിഷായുടെ വാക്കുകള്‍ ഇന്നത്തെ ഉത്തരവില്‍ രേഖപ്പെടുത്തണമെന്നും മഹ്മൂദ് പ്രാച പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

17,000 പേജുകളുള്ള, എഫ്‌ഐആര്‍ 59ന്റെ കുറ്റപത്രം എങ്ങനെ കുറ്റാരോപിതര്‍ക്കും അഭിഭാഷകര്‍ക്കും ലഭ്യമാക്കും എന്നതിനെക്കുറിച്ചായിരുന്നു പിന്നീട് നടന്ന വാദം. കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി കുറ്റാരോപിതര്‍ക്ക് കംപ്യൂട്ടര്‍ വഴി ലഭ്യമാക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു.


Read More Related Articles