വ്യാജ വാർത്ത: ജനം ടിവിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം

By on

By Muhammed Farhad

സമൂഹത്തെ ഭിന്നിപ്പിക്കുന്ന രീതിയിൽ നിരന്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ ജനം ടി വിക്കെതിരെ ബഹിഷ്കരണാഹ്വാനം. വർഗീയത പരത്തുന്ന രീതിയിൽ നിരന്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ജനം ടി വിക്ക് പരസ്യം നൽകുന്ന ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്.

കഴിഞ്ഞ ദിവസം ജനം ടി വി ബ്രേക്കിങ്ങ് ന്യൂസായി തിരുവനന്തപുരം വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഐഎസ്-അല്‍ഖ്വെയിദ ഭീകരവാദികള്‍ പിടിമുറുക്കുകയാണെന്ന് വാർത്ത പുറത്തു വിട്ടിരുന്നു. എന്നാൽ മാർച്ച്‌ 14 നു കോളേജിൽ വെച്ച് നടന്ന ആനുവൽ ഡേ ആഘോഷത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചതായിരുന്നു ജനം ടി വി ഐസിസ് സാന്നിധ്യം എന്ന നിലയിൽ അവതരിപ്പിച്ചത്.

നടൻ സലിം കുമാർ അതിഥി ആയി എത്തിയ പരിപാടിയിൽ അദ്ദേഹം അഭിനയിച്ച സിഐ ഡി മൂസയിലെ അദ്ദേഹത്തിന്റെ വേഷം ധരിച്ച് ആരാധകർ അദ്ദേഹത്തെ വരവേൽക്കുകയായിരുന്നു.

മുസ്ലിം മാനേജ്മെന്റ് ആയത് കൊണ്ടാണോ ജനം ടിവി ഇത്തരത്തിൽ വാർത്ത നൽകുന്നത്, മുസ്ലീങ്ങൾക്ക് ഈ നാട്ടിൽ ആഘോഷങ്ങൾ നടത്തണ്ടേ എന്നാണ് സലിം കുമാർ ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനു മുൻപും സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്നതിൽ ജനം ടിവി ശക്തമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല ദർശനത്തിനു ശ്രമിച്ച രഹന ഫാത്തിമയുടെ ഇരു മുടിക്കെട്ടിൽ സാനിറ്ററി നാപ്കിൻ ആയിരുന്നു എന്നായിരുന്നു ജനം ടിവി പ്രചരിപ്പിച്ച മറ്റൊരു വ്യാജ വാർത്ത.

“വർഗീയ വിദ്വേഷം പരത്തി മതാടിസ്ഥാനത്തിൽ കേരളത്തിലെ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്ന ജനം ടിവിക്ക് പരസ്യം നൽകുന്ന ഓരോ കമ്പനികളുടെയും ഉത്പന്നങ്ങൾ മലയാളികൾ ബഹിഷ്കരിക്കണം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറക്കുന്ന ഹിന്ദുത്വ കാർഡ് തന്നെയാണ് സംഘപരിവാർ രാഷ്ട്രീയ ആയുധമായി കേരളത്തിലും ഉപയോഗിക്കുന്നത്. പ്രളയക്കെടുതിയിൽ പോലും കേരളത്തെ മാറ്റി നിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്ത ജനം ടിവിയും അവരുടെ രാഷ്ട്രീയവും നാം കണ്ടതാണ്. പരസ്യത്തിനായി ജനം ടിവിക്ക് നൽകുന്ന ഫണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കോ മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാൻ പരസ്യ കമ്പനികൾ തയ്യാറാവണം. ജനം ടിവിയിൽ നിന്നും പരസ്യം പിൻവലിക്കാത്ത പക്ഷം ഓരോ മലയാളികളും ബഹിഷ്കരണവുമായി മുന്നോട്ട് പോവണമെന്ന് അഭ്യർത്ഥിക്കുന്നു.”- ബഹിഷ്കരണ ക്യാംപെയിനിന്‍റെ ഭാഗമായ ജംഷിദ് പള്ളിപ്രം കീബോര്‍ഡ് ജേണലിനോട് പറഞ്ഞു.

ജനം ടിവിയുടെ വർ​ഗീയ വിദ്വേഷ പ്രചരണത്തിൽ പ്രതിഷേധിച്ച് പരസ്യം നൽ‍കുന്ന കമ്പനിയുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി ഈസ്റ്റേൺ കറിമസാല പ്രൊജക്ട്സിന്റെ സോഷ്യൽ ഡിപ്പാർട്ട്മെന്റിലേക്ക് ജംഷിദ് മെയിൽ വഴി പ്രതിഷേധമറിയിച്ചു. പരസ്യം നൽകുന്ന കമ്പനികളുമായി ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തണമെന്നും ജംഷിദ് പറഞ്ഞു.

 

ജനം ടിവിയുടെ സ്പോൺസേഴ്സ് ആയ കമ്പനികളുടെ ഫെയ്സ്ബുക് പേജുകളിലേക്കുള്ള ലിങ്കുകൾ പ്രചരിപ്പിച്ചും വ്യാജവാർത്തയ്ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

https://m.facebook.com/story.php?story_fbid=2143857999261715&id=100009126083010


Read More Related Articles