യുദ്ധരം​ഗത്തേക്ക് സ്ത്രീ സെെനികരെ തെര‍ഞ്ഞെടുക്കില്ല; പ്രസവ അവധിയും പരാതികളും പ്രശ്നമാകുമെന്ന് കരസേന മേധാവി ബിപിൻ റാവത്

By on

ഇന്ത്യൻ സെെന്യം സ്ത്രീകളെ യുദ്ധമുന്നണിയിലേക്ക് തെരഞ്ഞെടുക്കില്ലെന്ന് ‍കരസേന മേധാവി ബിപിൻ റാവത്. പ്രസവ അവധി സംബന്ധിച്ച് അവർ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്.  കുട്ടികളെ പ്രസവിച്ച് വളർത്തലാണ് അവരുടെ പ്രധാന ചുമതല, ചെറിയ കുട്ടികളുടെ അമ്മയായ ഒരു കമാൻഡിങ് ഒഫീസർ കൊല്ലപ്പെട്ടാൽ അത് രാജ്യത്തിന് താങ്ങാൻ കഴിയില്ല എന്നും ബിപിൻ റാവത് പറയുന്നു.

യുദ്ധമുന്നണികളിൽ പ്രധാന നേതൃത്വ പദവികളിൽ സ്ത്രീകളെ നിയമിച്ചാൽ ഭൂരിഭാ​ഗവും ​ഗ്രാമീണരായ പുരുഷ സെെനികർക്ക് അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും എന്നും റാവത് പറയുന്നു. വസ്ത്രം മാറുമ്പോൾ സെെനികർ ആരെങ്കിലും ഒളിഞ്ഞുനോക്കും എന്ന് അവർ പരാതി പറയാൻ സാധ്യതയുണ്ടെന്നും ബിപിൻ റാവത് ആരോപിക്കുന്നു.

ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് റാവതിന്റെ വിവാ​ദ പ്രസ്താവന.
സ്ത്രീകൾ മികച്ച സെെനികരായിരിക്കും എന്നത് ഒരു തെറ്റിദ്ധാരണയാണ്. നമുക്ക് എഞ്ചിനിയർമാരായി വനിതാ ഒഫീസർമാരുണ്ട്. എയർഫോഴ്സിലും അവരാണ് ആയുധങ്ങൾ കെെകാര്യം ചെയ്യുന്നത്. പക്ഷേ യുദ്ധരം​ഗത്തേക്ക് അവരെ അയക്കാൻ കഴിയില്ല, കശ്മീരിൽ നമ്മൾ നടത്തിക്കൊണ്ടിരിക്കുന്നത് നിഴൽ യുദ്ധമാണ്.

കമാൻഡിങ് ഒഫീസർ ഒരു സ്ത്രീ ആണെങ്കിൽ‍ ഭീകരവാദികളുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലിൽ അവർ‍ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. ആ സ്ത്രീ ഒരു ചെറിയ കുഞ്ഞിന്റെ അമ്മയാണെങ്കിൽ ആ നഷ്ടം എങ്ങനെ നികത്തും? ബിപിൻ റാവത് ചോദിക്കുന്നു.
യുദ്ധമുന്നണികളിലെ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ സ്ത്രീകൾ ഇനിയും പരിശീലനം ലഭിക്കേണ്ടതുണ്ട് എന്ന് ബിപിൻ റാവത് നേരത്തേ പറഞ്ഞിരുന്നു.


Read More Related Articles