മേട്ടുപ്പാളയത്ത് ജാതിമതിൽ ‌തകർന്നുവീണ് 17 ദളിതർ കൊല്ലപ്പെട്ടു

By on

തമിഴ്നാട് മേട്ടുപ്പാളയം നാദൂരിൽ നാല് വീടുകൾക്ക് മേൽ ജാതിമതിൽ തകർന്നു വീണ് പതിനേഴ് ദളിതർ കൊല്ലപ്പെട്ടു. അരുന്ധതിയാർ സമുദായത്തിലെ പത്ത് സ്ത്രീകളും രണ്ട് കുട്ടികളുമുൾപ്പെടെയാണ് ഉറക്കത്തിൽ മതിലിനടിയിൽ പെട്ടത്, അയൽക്കാർ വലിയ ശബ്ദം കേട്ടിരുന്നെങ്കിലും കനത്ത മഴ കാരണം കാര്യം അന്വേഷിക്കാൻ കഴിഞ്ഞില്ല.

അനന്ദ കുമാർ (40), നാതിയ (30), ഇവരുടെ മക്കൾ അക്ഷയ (7), ലോ​ഗുറാം (7), അറുക്കണി (50), അമ്മ ചിന്നമ്മാൾ (70), സഹോദരി രു​ക്മണി (40), മക്കൾ ഹരിസുധ (16), മഹാലക്ഷ്മി (10), ശിവകാമി (45), മകൾ വെെദേ​ഗി (20), അവരുടെ ഭർത്താവ് പളനിസാമിയുടെ മരുമകൻ രാമനാഥൻ (20), സഹോദരപുത്രി നിവേത (18), അമ്മ ഓബിയമ്മാൾ (50), തില​ഗവതി (50), ​ഗുരുസ്വാമി (45), മം​ഗളമ്മാൾ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടുകൾ നിന്നിടത്ത് വെളിച്ചം കാണാതിരുന്നപ്പോൾ അന്വേഷിച്ച അയൽക്കാരാണ് മതിൽ തകർന്നുവീണുണ്ടായ അപകടം മനസ്സിലാക്കിയത്. രാവിലെ മാത്രമാണ് ഇവരുടെ ശരീരം പുറത്തെടുക്കാൻ കഴിഞ്ഞത്.

അരുന്ധതിയാർ വിഭാഗത്തിൽ പെട്ട ഇവർ അറുപതോളം വർഷങ്ങളായി താമസിക്കുന്ന സ്ഥലത്ത് പുതുതായി വീടുവെച്ച ടെക്സ്റ്റെെൽ കടയുടമ ശിവസുബ്രഹ്മണ്യം സവർണ വിഭാ​ഗത്തിൽ പെട്ട മുതലിയാർ ജാതിക്കാരനാണ്, അയൽക്കാരായ ദളിതരുമായി അയിത്തം സൂക്ഷിക്കാനാണ് അഞ്ചടി ഉയരത്തിൽ മതിൽ പണിതത്.

ശക്തമായ മഴയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് വലിയ ശബ്ദത്തോടെ മതിൽ തകർന്നുവീണതെന്നും മഴ കാരണം സംഭവിച്ചതെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1998 മുതൽ തന്നെ ഞങ്ങൾ മതിലിന്‍റെ നിർമാണത്തെ എതിർത്തിരുന്നു, അത് അയിത്തം നിലനിർത്തുന്ന സ്വഭാവമുള്ളതായതുകൊണ്ട്. ​ഗൗണ്ടർമാരും നായിഡുമാരും ഒരു ഭാ​ഗത്തും അരുന്ധതിയാർമാർ മറ്റൊരു ഭാ​ഗത്തുമായാണ് താമസിക്കുന്നത്. തങ്ങളുടെ വീട് മുറിച്ചുകടന്നുകൊണ്ട് അരുന്ധതിയാർമാർ പോകുന്നത് തടയാനാണ് അയാൾ മതിൽ പണിതത്. ഇതേപ്പറ്റി ഞങ്ങൾ അധികാരികൾക്ക് പരാതി നൽകിയിരുന്നു, ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല. ആത്തി തമിഴർ പേരവെെ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി കോവെെ രവികുമാർ പറഞ്ഞതായി ദ ഫെഡറൽ റിപ്പോർ‌ട്ട് ചെയ്യുന്നു.

നൂറ്റിയമ്പതോളം അരുന്ധതിയാർ കുടുംബങ്ങൾ നാദൂറിൽ താമസിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് മേട്ടുപ്പാളയത്ത് എത്തിച്ചേർന്ന ദളിതരെ പൊലീസ് അടിച്ചമർത്തുകയുണ്ടായി. കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രഖ്യാപനത്തോട് നഷ്ടപരി​ഹാരത്തുക 25 ലക്ഷമാക്കണമെന്നും ഇത്രയും തുക നൽകാതെ മൃതശരീരം വിട്ടുതരില്ലെന്നും പ്രതിഷേധിക്കുന്ന അവകാശ പ്രവർത്തകരിൽ ചിലർ ആവശ്യപ്പെട്ടു. മൃതശരീരം കൊണ്ടുപോകുന്നതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കയ്യൊപ്പ് ബലപ്രയോ​ഗത്തിലൂടെ വാങ്ങിക്കാൻ പൊലീസ് ശ്രമിച്ചതായും ദ ഫെഡറൽ റിപ്പോർട്ട് ചെയ്യുന്നു.

അലംഭാവം കൊണ്ട് സംഭവിക്കുന്ന മരണം, ഇന്ത്യൻ ശിക്ഷാനിയമം 304എ ചുമത്തിയാണ് ശിവസുബ്ര​ഹ്മണ്യത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തമിഴ്നാട് പ്രോപ്പർട്ടി ആക്റ്റിന്റെ നാലാം വകുപ്പും ചുമത്തിയിട്ടുണ്ട്. ശിവസുബ്രഹ്മണ്യത്തിന്റെ പേരിൽ എസ് സി എസ് ടി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചാർജ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.


Read More Related Articles