കേരളത്തില്‍ ബിജെപി വളര്‍ച്ച സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കഴിവുകേട്-സി മണികണ്ഠന്‍

By on

ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച സിപിഐഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കഴിവുകേടിന്‍റെ ഫലമാണെന്ന് മാനന്തവാടി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം നിരസിച്ച ആദിവാസി യുവാവ് സി മണികണ്ഠന്‍ കീബോഡ് ജേണലിനോട് പറഞ്ഞു. ആദിവാസി ജനതയെ തൊട്ടറിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ ആയിട്ടും കോണ്‍ഗ്രസും സിപിഐഎമ്മും എടുക്കാത്ത നിലപാടാണ് ബിജെപി കൈക്കൊണ്ടതെന്നും മണികണ്ഠന്‍ പറഞ്ഞു. ”ആദിവാസി ജനതയെ തൊട്ടറിഞ്ഞ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളാണ് കോണ്‍ഗ്രസും സിപിഐഎമ്മും. അവരെടുക്കാത്ത നിലപാടാണ് ബിജെപി എടുത്തത്, അതും ബിജെപിയുടെ കേന്ദ്ര നേതൃത്വം എടുത്തത്. അത് ചരിത്രമാണ്.”

ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലെന്ന് നിലപാട് അറിയിച്ചിരുന്നുവെന്നും മണികണ്ഠന്‍ പറഞ്ഞു. ”ഈ കാര്യത്തില്‍ ആകെയുള്ള ലിങ്ക് ഇവര്‍ മൂന്നാഴ്ച മുമ്പ് എന്നെ വിളിച്ച് നാമനിര്‍ദ്ദേശം ചെയ്യുന്നു എന്ന കാര്യം അറിയിച്ചു എന്നതാണ്. അന്ന് തന്നെ ഞാന്‍ എന്‍റെ നിലപാട് വ്യക്തമാക്കിയതാണ്. എനിക്ക് പാര്‍ട്ടിയുമായി അനുഭാവമില്ല, അക്കാദമിക രംഗത്താണ് ഞാന്‍ തുടരാന്‍ ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചതാണ്. പിന്നീട് കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നു അവരോടും ഞാന്‍ എന്റെ നിലപാട് അറിയിച്ചു, ബിജെപി അനുഭാവിയല്ല എന്ന് തുറന്നുപറഞ്ഞു.അതിന് ശേഷം ഇന്നലെയാണ് ഞാനും മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത അറിയുന്നത്. പത്തുപേരുടെ വിഐപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്‍റെ പേരും ചേര്‍ത്തതായി ഞാന്‍ അറിയുന്നത്. അതിന് ശേഷം അവരുടെ കണ്‍വെന്‍ഷനില്‍ പോയി കാര്യങ്ങള്‍ അവതരിപ്പിച്ചു, അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു പക്ഷേ നമുക്ക് വ്യക്തിപരമായി പ്രശ്‌നമില്ലെങ്കില്‍ കൂടി ആശയപരമായി യോജിച്ചുപോകാന്‍ പറ്റാത്തതുകൊണ്ട് തിരിച്ചുപോരുകയാണ് ചെയ്തത്. അതിനുശേഷമാണ് എന്‍റെ നിലപാട് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ സുരേന്ദ്രന്‍റെയും സുരേഷ് ഗോപിയുടെയും കൂടെ പേര് ചേര്‍ക്കണമെങ്കില്‍ അവര്‍ അത് കാര്യമായി ആലോചിച്ച് ചെയ്തത് തന്നെയാകണം. എന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ല, നേരിട്ട് കണ്ട് ഞാന്‍ പറയുന്നത് അവര്‍ കേട്ടിരുന്നെങ്കില്‍ ഇന്നിത് സംഭവിക്കുമായിരുന്നില്ല. അവര്‍ തന്നെ ഉണ്ടാക്കേണ്ട സ്‌പേസ് ആണ് അത്. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്‍റെയും കഴിവുകേടാണ്. ആദിവാസി ജനതയെ തൊട്ടറിഞ്ഞ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളാണ് കോണ്‍ഗ്രസും സിപിഐഎമ്മും. അവരെടുക്കാത്ത നിലപാടാണ് ബിജെപി എടുത്തത്, അതും ബിജെപിയുടെ കേന്ദ്ര നേതൃത്വം എടുത്തത്. അത് ചരിത്രമാണ്.”

ബിജെപി മണികണ്ഠനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന വാര്‍ത്തയോട് “വിളക്കുകാലില്‍ തലകീഴായി കെട്ടിയിട്ടാലും എന്‍റെ ജനതയെ ഞാന്‍ ഒറ്റുകൊടുക്കില്ല” എന്ന ഡോ. ബിആര്‍ അംബേദ്കറുടെ വചനം ഉദ്ധരിച്ചുകൊണ്ടാണ് മണികണ്ഠന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്.


Read More Related Articles