പൊലീസിനെ വിമർശിക്കുന്ന വെനസ്വേലൻ കവിത പോസ്റ്റ് ചെയ്ത എസ്എഫ്ഐ നേതാവിന് പൊലീസിന്‍റെ സൈബറാക്രമണവും ഭീഷണിയും

By on

പൊലീസിനെതിരെയുള്ള വെനസ്വേലൻ കവിതയുടെ പരിഭാഷ സ്വന്തം ഫേസ്ബുക് വോളിൽ പ്രസിദ്ധീകരിച്ച എസ്എഫ് നേതാവിനെതിരെ പൊലീസുകാരുടെ സൈബർ ആക്രമണവും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തലും. എസ്എഫ്ഐ കുണ്ടറ ഏരിയ കമ്മറ്റിയം​ഗവും ബേബി ജോൺ മെമ്മോറിയൽ കോളജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ഹനീനെതിരെയാണ് പൊലീസുകാർ അസഭ്യ വർഷവും ഫോണിൽ വിളിച്ച് ഭീഷണിയും നടത്തിയത്. മി​ഗുവെൽ ജെയിംസിന്‍റെ ‘പൊലീസിനെതിരെ’ എന്ന കവിതയാണ് ഹനീൻ വോളിൽ പ്രസിദ്ധീകരിച്ചത്. പോസ്റ്റ് ഇട്ടശേഷം മോശം കമന്റുകൾ ഇടുന്നത് കൂടാതെ, ഫോണിൽ വിളിച്ച് കള്ളക്കേസിൽ കുടുക്കും എന്നും പൊലീസുകാർ ഭീഷണി മുഴക്കി എന്നാണ് ഹനീം പറയുന്നത്. കേരള പൊലീസിൽ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന പ്രൊഫൈലുകളിൽ നിന്നു തന്നെയാണ് ഹനീനെതിരെ സൈബറാക്രമണം നടത്തുന്നത്. പ്രശസ്ത സേവനത്തിന് കേരളാ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയെന്ന് പ്രൊഫൈലിൽ വ്യക്തമാക്കുന്ന പൊലിസുദ്യോ​ഗസ്ഥരും ആക്രമണത്തിന് മുന്നിലുണ്ട്. ഫെയ്സ്ബുക്കിലും ഫോണിലും കൂടാതെ വാട്സാപ്പിലും ഭീഷണി മുഴക്കുന്നുണ്ടെന്ന് ഹനീം പറയുന്നു. കവിതയുടെ പൂര്‍ണ്ണ രൂപവും പോസ്റ്റ് ലിങ്കും ചുവടെ

പോലീസിനെതിരെ’/ Miguel James, Venezuelan Poetry.

എന്‍റെ കലാജീവിതം മുഴുവൻ
പോലീസിനെതിരെയാണ്..

ഞാനൊരു പ്രണയ കവിതയെഴുതുമ്പോൾ
അത് പോലീസിനെതിരെയാണ്…
ഞാൻ ഉടലുകളുടെ നഗ്നതയെപ്പറ്റി
പാടുമ്പോൾ
അത് പോലീസിനെതിരെയാണ്…

ഞാനീ ഭൂമിയെ
ഒരു രൂപകമാക്കി മാറ്റുമ്പോൾ,
സത്യത്തിൽ പോലീസിനെതിരായ
ഒരു രൂപകം ചമയ്ക്കുകയാണ്…

എന്‍റെ കവിതകളിൽ
ഞാൻ കുപിതനായി സംസാരിക്കുമ്പോൾ
യഥാർത്ഥത്തിൽ എന്‍റെ രോഷം
പൊലീസിനോടാണ്..

ഞാൻ എന്നെങ്കിലും ഒരു കവിതയെഴുതുന്നതിൽ
വിജയിച്ചിട്ടുണ്ടെങ്കിൽ,
അത് പോലീസിനെതിരെയാണ്..

പൊലീസിനെതിരായിട്ടല്ലാതെ
ഞാനൊരു ഈരടിയോ ഒരു വരിയോ
ഒരു വാക്കുപോലുമോ കുറിച്ചിട്ടില്ല..

ഇന്നുവരെ ഞാനെഴുതിക്കൂട്ടിയ ഗദ്യമെല്ലാം
പൊലീസിനെതിരായിട്ടുള്ളതാണ്..

എന്‍റെ കലാജീവിതം,
ഈ കവിതയടക്കമുള്ള
എന്റെ സമ്പൂർണ്ണ കലാജീവിതം
എന്നും എപ്പോഴും പോലീസിനെതിരെ മാത്രമാണ്…

വിവർത്തനം കടപ്പാട് : Alberto Caeiro

ഹനീമിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്


Read More Related Articles