ഫാസിസ്റ്റുകൾ വെറുക്കുന്ന ഡോ. കഫീൽ ഖാനെ സ്വീകരിച്ച കോഴിക്കോട് മെഡിക്കൽ കോളജ് സിപിഐഎമ്മിന് രാജ്യദ്രോഹ കേന്ദ്രമാകുന്നത് എന്തുകൊണ്ട്?

By on

രാജ്യദ്രോഹിയാവുക എന്നത് വളരെയേറെ എളുപ്പമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കൊല്ലും കൊലയും പച്ചയ്ക്ക് കത്തിക്കലുമൊക്കെ മാനവികതയുടെ പേരിൽ എതിർക്കുന്നവർ പോലും രാജ്യദ്രോഹികളാകുന്ന ഹൈന്ദവ ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിലാണ് നമ്മുടെ ഓരോ ദിനവും കടന്നു പോകുന്നത്. ബ്രാഹ്മണ്യശക്തികളുടെ നൂറ്റാണ്ടുകളായുള്ള നിലനിൽപ്പ് തന്നെ മറ്റു ജനവിഭാ​ഗങ്ങളോടുള്ള വെറുപ്പിൻമേൽ അധികാരം സ്ഥാപിച്ചുകൊണ്ടാണ് എന്നുള്ളതിനാൽ സംഘപരിവാർ ഭരണം ഇത്തരത്തിലായതിൽ അത്ഭുതവുമില്ല.

പക്ഷെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു പറ്റം ഡോക്ടർമാർ രാജ്യദ്രോഹികളാകുന്നതിനു പിന്നിൽ മറ്റു പലതു കൂടെയുണ്ട്. ഫാസിസ്റ്റു വിരുദ്ധ ശക്തികളെന്നും കനലൊരു തരി മതിയെന്നും നമ്മെ പറഞ്ഞു വഞ്ചിക്കുന്ന ഇടതുപക്ഷത്തിന്റെ കുടിലത ഏറ്റവുമധികം വെളിവാകുന്ന സന്ദർഭമാണിത്. തങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഭരണത്തിലെത്താൻ കഴിയാത്ത കോളേജുകളിലെ യൂണിയനുകളെല്ലാം തീവ്രവാദികളും മഴവിൽ സഖ്യങ്ങളുമാണെന്നതിൽ ഇവർക്ക് ലവലേശം സംശയമുണ്ടാകാറില്ല. ഞാൻ പഠിച്ച കോളേജിലും മറ്റൊന്നായിരുന്നില്ല അവസ്ഥ. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ക്യാംപസുകളിൽ എതിർരാഷ്‌ട്രീയം പറയുന്ന വിദ്യാർത്ഥികളെ കഞ്ചാവെന്നും പെണ്ണുപിടിയനെന്നും തീവ്രവാദിയെന്നും ആരോപിച്ചു തല്ലി ചതയ്ക്കാനും ഭാവി തകർക്കാനും ഇവർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവ വികാസങ്ങൾ.

വിശദമായി തന്നെ എഴുതേണ്ടതുണ്ട് രാജ്യത്തെ മറ്റു ചില സംഭവങ്ങൾ കൂടെ ചേർത്തു അപഗ്രഥിച്ചാലേ നിങ്ങൾക്ക് കോഴിക്കോട്ടെ ഇവരുടെ കുതന്ത്രങ്ങളുടെ യഥാർത്ഥ മുഖം വെളിവാകുകയുള്ളൂ .

ഈ രാജ്യത്ത് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ചിലർക്ക് ചിലരെ കൊല്ലാനുള്ള ധൈര്യം എവിടെ നിന്നാണ് വരുന്നത്? വിദ്യാർത്ഥികളുടെ ഭാവി തകർക്കും വിധം അകാരണമായി അവരെ പുറത്താക്കാനും സസ്‌പെൻഡ് ചെയ്യാനും കോളേജ് അധികാരികൾക്ക് ധൈര്യം എവിടെ നിന്നാണ് വരുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും പിന്തുണയുണ്ട് എന്ന ധൈര്യമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് ഇവർക്കുള്ള പിൻബലം. ആസിഫയുടെ ബലാത്സം​ഗ കൊലപാതകം, ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾ തുടങ്ങിയ ഹിംസകളിലൊക്കെ പരസ്യമായ പിന്തുണ ഭരണവർഗ്ഗ പാർട്ടികളിലെ നേതാക്കളുടെ പിൻബലത്തിന്‍റെ ശക്തി നാം നേരിട്ട് കണ്ടതാണ്. വെറുപ്പിന്‍റെ രാഷ്ട്രീയം വിതയ്ക്കുന്നവനെ മാലയിട്ടു സ്വീകരിക്കുമ്പോൾ അത് സമൂഹത്തിനു നൽകുന്ന സന്ദേശം ഹിംസയുടേത് മാത്രമാണ്. ജീവനും അഭിമാനത്തോടെയുള്ള ജീവിതവും തങ്ങളോട് എതിരിടാതെയിരുന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന സന്ദേശമാണ് ഇതിലൂടെ അവർ പ്രാവർത്തികമാക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവവികാസങ്ങൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് രോഹിത് വെമുല എന്ന ചെറുപ്പക്കാരനെയാണ്. ചെറുതെങ്കിലും ചില സാമ്യതകൾ ഇരു സംഭവങ്ങളിലുമുണ്ട്. രോഹിത്തിനെതിരെ എബിവിപി നേതാവ് മുതൽ ബിജെപി എംഎൽഎ വരെ പരാതി നൽകിയത് രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു. തങ്ങളുടെ പാർട്ടിക്കാരനായ എംഎൽഎ യുടെ കത്തിനെ മാനിച്ചു സ്‌മൃതി ഇറാനി വൈസ് ചാൻസലർക്ക് കത്തെഴുതിയത് പല തവണയാണ്. രോഹിത്തിനെ നിർദാക്ഷിണ്യം പുറത്താക്കാനും സ്കോളർഷിപ് റദ്ദാക്കാനും വൈസ് ചാൻസിലർക്ക് ലഭിച്ച ധൈര്യം ഭരണകൂടവും ഭരണവർഗ്ഗ പാർട്ടിയും തന്‍റെ പിന്നിലുണ്ട് എന്ന ബോധ്യമാണ്. ഒടുവിൽ അതെ സർവകലാശാലയിൽ വൈസ് ചാൻസലർ ആയി തിരികെ എത്തിയതിലൂടെ അത് തെളിയുകയും ചെയ്തു .

കോഴിക്കോടും നടന്നത് അതേ തരത്തിലുള്ള കുതന്ത്രം തന്നെയാണ്. HDC മിനുട്സിൽ രാജ്യദ്രോഹകുറ്റം എന്ന് രേഖപ്പെടുത്തിയതിനു സമാന്തരമായി ഇതേ ആരോപണം ഉന്നയിച്ചത് സിപിഐഎം നേതാവായ പി മോഹനൻ മാസ്റ്റർ ആണ്. സംഘപരിവാർ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും അതിന്മേൽ രാഷ്ട്രീയം കളിക്കുന്നതുമെല്ലാം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. അവരുടെ നിലനിൽപ്പ് തന്നെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്മേലാണ്. ഡോക്ടർ കഫീൽ ഖാൻ പ്രസംഗിക്കുന്ന ഓരോ വാക്കും അവരുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയുള്ള ജീവിക്കുന്ന തെളിവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നിരന്തരം വേട്ടയാടുക എന്നത് അവരുടെ അജണ്ടയാണ്.

പക്ഷെ‌, ഫാസിസ്റ്റു വിരുദ്ധ പോരാളികളെന്നു നമ്മെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്ന ഇടതുപക്ഷം എന്തിനാണ് സംഘപരിവാറിനോട് സമാനമായി ആരോപണങ്ങൾ ഉന്നയിക്കുന്നത്? കോഴിക്കോട് മെഡിക്കൽ കോളേജിൽ കുറച്ചുകാലമായി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്നതാണ് മോഹനൻ മാസ്റ്റർ ആരോപിച്ചത്.ഭരണവർഗ പാർട്ടിക്ക് തന്നെ ഇത്തരത്തിലൊരു ആരോപണം ഉണ്ടാകുമ്പോൾ കോളേജ് അധികൃതർക്ക് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ എളുപ്പമാണ് എന്നതിന് ഉദാഹരണമാണ് മുകളിൽ വിവരിച്ച രോഹിത്തിന്റെ ഉദാഹരണം. മോഹനൻ മാസ്റ്ററുടെ ഈ തീവ്രവാദ ആരോപണത്തെ സിപിഎംഓ മറ്റു ഇടതുപക്ഷ പാർട്ടികളോ തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

വിദ്യാർത്ഥികളുടെ ഭാവി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി തകർത്തെറിയാൻ കൂട്ടുനിന്നാലും തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന ധൈര്യമാണ് ഭരണവർഗ്ഗ പാർട്ടിയുടെ ഈ പിൻബ‌ലം ഉദ്യോഗസ്ഥർക്കു നൽകുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ടകളോടെയാണ് ഇവിടെ ഇതെല്ലം നടപ്പിലാക്കുന്നത്. വളരെ സുതാര്യമായ രീതിയിൽ ഡോക്ടർ കഫീൽ ഖാനെ മുഖ്യാതിഥിയായി ക്ഷണിച്ചു നടത്തിയ പരിപാടിയിൽ രാജ്യദ്രോഹം ആരോപിക്കൽ മോഹനൻ മാസ്റ്ററെ പോലെയൊരാൾക്ക് കഴിയുകയും അതിനു നേരെ സാംസ്‌കാരിക കേരളം മൗനം പാലിക്കുകയും ചെയ്യുന്നത് ഇവരുടെ അധികാര ശക്തിയാണ് തെളിയിക്കുന്നത്. ഇവർക്കെതിരെ രാഷ്ട്രീയം പറയുന്നവരെ പരസ്യമായി വെട്ടിക്കൊന്നാലും, നേതാക്കൾ ആൾക്കൂട്ടകോടതികൾ വഴി കൊന്നാലും ഏതുവിധേനയും രക്ഷപ്പെടാം എന്നുള്ളതും ഇവർക്ക് മാത്രം സിദ്ധിച്ച കഴിവാണ് .

ഇൻഡിപെൻഡന്റ്സ് ഭരിക്കുന്ന കോളേജ് യൂണിയനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുക, ചുറ്റിപ്പറ്റി ദുരൂഹത നിറഞ്ഞ അന്തരീക്ഷം നിലനിർത്തികൊണ്ട് അവരുടെ സ്വതന്ത്ര രാഷ്ട്രീയപ്രവർത്തനത്തിന് തടയിടുക എന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. തങ്ങൾക്ക് എതിരായി എസ്എഫ്ഐ പോലുള്ള വിദ്യാർത്ഥി സംഘടനകൾ അണിനിരന്നാലും ആത്യന്തികമായി നേട്ടമുണ്ടാവുക അവർക്കു തന്നെയാണ് എന്നറിഞ്ഞുകൊണ്ടുള്ള കുബുദ്ധിയാണത്. തങ്ങളുടെ നേതാക്കളുടെ ഇത്തരം കുടില പ്രചാരണത്തിനെതിരെ ഒരു ഉശിരൻ പ്രതിഷേധം പോലും നടത്താൻ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ എന്ത് നെറികേടുകൾക്കും മൗനാനുവാദം നൽകുന്നതുകൊണ്ട് മാത്രം വേദികൾ ലഭിക്കുന്ന പുരോഗമനകാരികളുടെ മുഖംമൂടി കൂടെയാണ് ഇവിടെ വെളിവാകുന്നത് .

ഇൻഡിപെൻഡൻ്റ്സ് എന്ന സംഘടനയോട് മുൻപെന്നത്തേക്കാളും ആദരവാണിപ്പോൾ. രാജ്യം മുഴുവൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഉലഞ്ഞപ്പോഴും മെഡിക്കൽ ക്യാംപസുകൾ അതിൽനിന്നകലെ ആയിരുന്നു. രാഷ്ട്രീയമെന്നത് ഉപരിപ്ലവമായി പിന്തുടരേണ്ട ഒന്നാണെന്നും തങ്ങളുടെ മേഖലയിലെ പ്രവർത്തനങ്ങൾക്ക് അതുമായി ബന്ധമില്ല എന്ന രീതിയിലായിരുന്നു മിക്ക ക്യാംപസുകളും. ഡോക്ടർ കഫീൽ ഖാനെ മുഖ്യ അതിഥിയായി ക്ഷണിച്ചു നടത്തിയ പരിപാടി വഴി നിങ്ങൾ മെഡിക്കൽ സമൂഹത്തിനു തന്നെ പുതിയൊരു മാതൃകയായി മാറി. അവസരവാദ രാഷ്ട്രീയത്തിന്റെയും പൊള്ളയായ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെയും മുഖംമൂടികളാണ് നിങ്ങൾ വലിച്ചു കീറിയത്. ഇതൊരു തുടക്കം മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അധികാരത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർക്കു നേരെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയം നിരന്തരം ഉയർത്തിപ്പിടിക്കാൻ ഇത്തരം സംഭവവികാസങ്ങൾ നിങ്ങൾക്ക് കൂടുതൽ കരുത്തേകട്ടെ.

ജയ് ഭിം


Read More Related Articles