ഇന്ത്യയിലെ ആദ്യ പശുമന്ത്രിയും തോറ്റവരിൽ; സന്തോഷ വകുപ്പ് മന്ത്രിയും തോറ്റു

By on

ഇന്ത്യയിലെ ആദ്യ പശുവകുപ്പ് മന്ത്രിയും സന്തോഷ വകുപ്പ് മന്ത്രിയും പരാജയപ്പെട്ടു. രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിച്ച പശുവകുപ്പിന്‍റെ ആദ്യ മന്ത്രിയായ ഒട്ടറാം ദേവസി എതിരാളിയായ സ്വതന്ത്ര സ്ഥാനാർത്ഥിയോട് 10000 വോട്ടിനാണ് പരാജയപ്പെട്ടത്. ഇന്ത്യയിൽ ആദ്യമായി രൂപീകരിക്കപ്പെട്ട സന്തോഷ വകുപ്പിന്‍റെ മന്ത്രി ലാൽസിം​ഗ് ആര്യയാവട്ടെ മധ്യപ്രദേശിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയോട് 25000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഇന്ത്യയാകെ പശു രാഷ്ട്രീയമുയർത്തി നേട്ടമുണ്ടാക്കാനുള്ള ബിജെപി അജണ്ട രാജസ്ഥാനിൽ തന്നെ ജനം തിരസ്കരിച്ചു എന്നതാണ് ദേവസിയുടെ തോൽവി വ്യക്തമാക്കുന്നത്. 2015 ൽ രാജസ്ഥാനിൽ വിജയിച്ച ഉടൻ ബിജെപി പുതുതായി രൂപീകരിച്ച വകുപ്പാണ് പശുവകുപ്പ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പശുവിനായി ഒരു വകുപ്പ് രൂപീകരിക്കപ്പെടുന്നത്. മുൻ പൊലീസുദ്യോ​ഗസ്ഥൻ കൂടിയാണ് ഇന്ത്യയിലെ ആദ്യ പശുമന്ത്രി ദേവസി. ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി 2300 അഭയകേന്ദ്രങ്ങൾ ഒരുക്കാനായി പശുനികുതി ഏർപ്പെടുത്തുകയാണ് ദേവസി ആദ്യം ചെയ്തത്. പുതുതായി വസ്തുവാങ്ങുമ്പോഴാണ് പശുവകുപ്പ് ഈ നികുതി ഈടാക്കിയിരുന്നത്. എന്നാൽ ഇത്തരത്തിൽ നികുതി ഈടാക്കി നിർമ്മിക്കപ്പെട്ട അഭയ കേന്ദ്രങ്ങളിൽ 2016 ൽ 500 ലധികം പശുക്കൾ വിശന്നുമരിക്കുന്ന സംഭവവുമുണ്ടായി. പശുവിനെക്കൊല്ലുന്നതിന് 10 വർഷം തടവ് കിട്ടുന്ന സംസ്ഥാനത്ത് പശുവകുപ്പിന്‍റെ കീഴിലുള്ള അഭയകേന്ദ്രങ്ങളിൽ പശുക്കൾ കൂട്ടമായി ചത്തൊടുങ്ങി.

ദേവസി

മറ്റ് രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച മാനദണ്ഡമാക്കി രാജ്യപുരോ​ഗതി നിർണ്ണയിക്കപ്പെടുമ്പോൾ രാജ്യത്തെ ജനതയുടെ സന്തോഷം മാനദണ്ഡമാക്കി രാജ്യപുരോ​ഗതി നിർണ്ണയിക്കുന്ന ഭൂട്ടാൻ മാതൃക കണ്ടാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ രാജ്യത്തെ ആദ്യത്തെ സന്തോഷ വകുപ്പ് രൂപീകരിച്ചതും ലാൽസിം​ഗ് ആര്യയെ ആദ്യ സന്തോഷ മന്ത്രിയായി നിയമിച്ചതും. എന്നാൽ ചുമതല ഏറ്റെടുത്ത് അധികം വൈകാതെ കൊലക്കേസിൽ പ്രതിയായി സന്തോഷ മന്ത്രി.

ലാല്‍സിംഗ് ആര്യ


Read More Related Articles