ഡോ.പായൽ തദ്വിയുടെ ആത്മഹത്യ റാഗിങ് കാരണം; ജാതി അധിക്ഷേപത്തിന് തെളിവുകളില്ലെന്ന് സർക്കാർ നിയമിച്ച സമിതിയുടെ റിപ്പോർട്ട് 

By on

ഡോ. പായൽ തദ്വിയുടെ ആത്മഹത്യ റാഗിങ് മൂലമാണെന്ന് മഹാരാഷ്ട്ര സർക്കാർ നിയമിച്ച സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മുംബെെ ബിവെെഎൽ നായർ ഹോസ്പിറ്റലിലെ ഹോസ്റ്റൽ മുറിയിൽ മെയ് 22നാണ് പായലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ഗെെനക്കോളജി വിദ്യാർത്ഥിനിയായിരുന്ന ഡോ.പായൽ തദ്വി ആത്മഹത്യ ചെയ്തത് റാഗിങ് കാരണം ആണെന്നും ജാതി അധിക്ഷേപത്തിന് തെളിവുകൾ ഇല്ലെന്നും സമിതി തയ്യാറാക്കിയ 16 പേജുകളുള്ള റിപ്പോർട്ട് പറയുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലാണ് റിപ്പോർട്ട് ഇപ്പോഴുള്ളത്, ഈ റിപ്പോർട്ട് ദിവസങ്ങൾക്കകം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന് കെെമാറും. ജോലി, പഠന ഭാരവും നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നത് സൃഷ്ടിച്ച സമ്മർദ്ദവുമാണ് പായലിനെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചത് എന്നും റിപ്പോർട്ടിലുള്ളതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നാലംഗ സമിതി മുപ്പത്തിരണ്ടു പേരുടെ മൊഴികളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഡോക്ടർമാർ, ഹോസ്റ്റലിൽ താമസിച്ചിരുന്നവർ, പായൽ തദ്വിയുടെ കുടുംബാംഗങ്ങൾ, ഡോ.ഭക്തി മെഹ്റ, ഡോ.അങ്കിത ഖണ്ഡേൽവാൾ, ഡോ.ഹേമ അഹുജ എന്നിങ്ങനെ കുറ്റാരോപിതരായ മൂന്ന് ഡോക്ടർമാരുടെ മൊഴികൾ ആണ് റിപ്പോർട്ടിലുള്ളത്. ജൂൺ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കുറ്റാരോപിതരായ സീനിയർ ഡോക്ടർമാർ.

ഗെെനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ് ഡോ.പായൽ തദ്വിയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മുതിർന്ന ഡോക്ടറുടെ അവഗണനയാണ് പായൽ തദ്വിയെ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയത്, എന്നാൽ ഡിപ്പാർട്ട്മെന്റിനോ മൂന്ന് കുറ്റാരോപിതരായ ഡോക്ടർമാർക്കെതിരെയോ എന്തെങ്കിലും നടപടിയെടുക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നില്ല.

കേസിന്റെ പുരോഗതി അന്വേഷിക്കാൻ മുംബെെയിലെത്തിയ നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് ചെയർപേഴ്സൺ നന്ദകുമാർ സായ് പറയുന്നത് കേസ് അന്വേഷണത്തിൽ നിരവധി പഴുതുകളുണ്ടെന്നാണ്. പൊലീസിന്റെ അസാന്നിധ്യത്തിലാണ് ഡോ.പായലിന്റെ ശരീരം ഹോസ്റ്റലിൽ നിന്നും കാഷ്വാലിറ്റി ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയത്, ഇതിന് അനുവദിച്ചത് ഹോസ്പിറ്റൽ ഡീൻ ആണ്. റൂം അടിയന്തരമായി സീൽ ചെയ്തിരുന്നില്ല. അന്വേഷണം തുടർന്നത് പ്രോട്ടോകോൾ അനുസരിച്ചല്ല. ക്രെെം ബ്രാഞ്ച് കേസ് ഉചിതമായി അന്വേഷിക്കും എന്നാണ് കരുതുന്നത് എന്നും നന്ദ് കുമാർ സായ് പറഞ്ഞിരുന്നു. നാഷണൽ കമ്മീഷൻ ഉടൻ തന്നെ റിപ്പോർ‌ട്ട് സർക്കാരിന് സമർപ്പിക്കും എന്നും നന്ദ് കുമാർ സായ് പറഞ്ഞു.

ഡോ.പായലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മുറിവുകളുടെ സ്വഭാവം അതൊരു ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സൂചനകള്‍ നല്‍കുന്നതായി പായലിന്റെ അഭിഭാഷകൻ നിതിൻ സത്പുത് കോടതിയെ നേരത്തെ അറിയിച്ചിരുന്നു.


Read More Related Articles