ദലിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് യുപിയിലെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിലെ ആളുകൾ; പൊലീസ് കേസെടുത്തു

By on

ഉത്തര്‍പ്രദേശ് ബസ്തി ജില്ലയില്‍ ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഭക്ഷണം നിരസിച്ചു, ഭക്ഷണം പാചകം ചെയ്തത് ദളിത് സ്ത്രീ ആണ് എന്നതാണ് ഇവര്‍ ഭക്ഷണം നിരസിക്കാന്‍ കാരണം. സത്യറാം, രവിശങ്കര്‍, രാജു, രാജേഷ്, മന്‍മോഹന്‍, ജഗ പ്രസാദ്, ദിലീപ് കുമാര്‍, രാം പ്രബല്‍ യാദവ്, ശിവകുമാര്‍ എന്നിവരാണ് ഭക്ഷണം നിരസിച്ചത്. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188, 269 എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

സിസ്വ ബറുവാര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വിദേശത്തുനിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നവരാണ് ഇവര്‍. ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ചുമതലയിലുള്ള രാകേഷ് കുമാര്‍ ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കി.

സിസ്വാ ബറുവാര്‍ സ്‌കൂളിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പിന്നീട് ഇവരെ സാവിത്രി വിദ്യാവിഹാര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത് എന്ന് തഹസില്‍ദാര്‍ കിഷോരി നന്ദന്‍ തിവാരി പറയുന്നു.

“ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ പറയുന്നത് കൊറോണ പകരും എന്ന ഭയം കൊണ്ടാണ് മറ്റൊരാള്‍ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാത്തത് എന്നാണ്. സ്വന്തം വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണം എന്നാണ് അവരുടെ ആവശ്യം. വ്യവസ്ഥിതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചതായി ആരോപണം ഉയര്‍ന്നതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്,” ജില്ലാ മജിസ്‌ട്രേറ്റ് ആശാറാം വര്‍മ പറഞ്ഞു.


Read More Related Articles