IFFK ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തി; സൗജന്യ പാസുകള്‍ അനുവദിക്കില്ല

By on

അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തി. പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ടില്ലാതെയാണ് മേള നടത്തുക. ഇത്തവണ സൗജന്യ പാസുകള്‍ അനുവദിക്കില്ല. ഡിസംബര്‍ ഏഴുമുതല്‍ 13 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. ആറു നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ട് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സമഗ്ര സംഭാവനക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടാകില്ല. എന്നാല്‍ കോംപറ്റീഷന്‍, ഫിപ്രസി, നൈറ്റ്പാക്, അവാര്‍ഡുകള്‍ ഉണ്ടാകും. ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേഷ്യയില്‍നിന്നായി പരിമിതപ്പെടുത്തും. മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യ വേദിയില്‍ നടത്താറുള്ള കലാസാംസ്‌കാരിക പരിപാടികള്‍, ശില്പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കി. എന്നാല്‍ ഓപ്പണ്‍ഫോറം തുടരും. ഉദ്ഘാടന സമാപന ചടങ്ങുകള്‍ ലളിതമായി നടത്താനും തീരുമനം ആയതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.


Read More Related Articles