‘ഇത്തവണ അവര്‍ എന്നെ കൊല്ലുമെന്ന് കരുതി’; ജയില്‍ മോചിതനായ ശേഷം കഫീല്‍ ഖാന്‍ സംസാരിക്കുന്നു

By on

കസ്റ്റഡിയിൽ തന്നെ കൊലപ്പെടുത്തുന്നതിനെ പറ്റി ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നുവെന്ന് ഡോക്ടർ കഫീൽ ഖാൻ. സെപ്‌തംബർ 22ന് ബഹ്റൈച് ജില്ലാ ആശുപത്രിയിൽ ജാപ്പനീസ് എൻസിഫലൈറ്റിസ് ബാധിതരായ കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിനിടെ അറസ്റ്റ് ചെയ്ത് അനൗദ്യോഗിക കസ്റ്റഡിയിൽ കൊണ്ടുനടന്ന 24 മണിക്കൂറുകളിൽ തന്നെ ‘എൻകൗണ്ടർ’ ചെയ്ത് കൊലപ്പെടുത്തുന്നതിനെ പറ്റി പൊലീസ് സംസാരിച്ചിരുന്നു. അറസ്റ്റ് വർത്തയായതോടെ അവർ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഡോ.കഫീൽ പറയുന്നു. നവംബർ 5നാണ് ഡോ.കഫീൽ പുറത്തിറങ്ങിയത്.

”ഒന്നരമാസത്തെ തടവ് അവസാനിച്ച് പുറത്തിറങ്ങിയപ്പോൾ ശേഷം മാധ്യമപ്രവർത്തകരെല്ലാം എന്നെത്തേടി വന്നു. ഞാനവരിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ കുടുംബത്തോടൊപ്പം യാത്രയിലാണ്.
ബഹ്റെെച്ച് ജില്ലാ ആശുപത്രിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് പ്രസ് മീറ്റ് നടത്തി മാധ്യമങ്ങളെ അറിയിക്കാനിരുന്ന ചില കാര്യങ്ങൾ ഉണ്ട്. ആശുപത്രി അധികൃതർ പറഞ്ഞത് കുഞ്ഞുങ്ങളുടേത് ‘നി​ഗൂഢ മരണം’ ആണെന്നാണ്. പക്ഷേ മെഡിക്കൽ രം​ഗത്ത് നി​ഗൂഢമരണം എന്നൊരു കാര്യം ഇല്ലല്ലോ. രോ​ഗം തീർച്ചയായും തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു, ഡയ​ഗ്നോസ് ചെയ്യേണ്ടിയിരിക്കുന്നു. ഞാനവിടെ പോയപ്പോൾ ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിച്ച കുഞ്ഞുങ്ങളെ കണ്ടു. ​ഗവണ്മെന്റ് ഇതേപ്പറ്റിയുള്ള വിവരങ്ങൾ മാനിപ്പുലേറ്റ് ചെയ്യുകയാണ്, സ്വന്തം പരാജയം മറച്ചുപിടിക്കാൻ. അവർ ജാപ്പനീസ് എൻസിഫലെെറ്റിസിനെ നിയന്ത്രണ വിധേയമാക്കി എന്നാണ് അവകാശപ്പെടുന്നത്. ഡോക്ടർമാർ രോ​ഗികളെ ബിആർഡി മെഡിക്കൽ കൊളേജിലേക്ക് അയക്കുന്നില്ല. അവർ ജില്ലാ തലത്തിൽ തന്നെ ചികിത്സിക്കുകയാണ് അല്ലെങ്കിൽ ലഖ്നൗവിലേക്കോ ബനാറസിലേക്കോ റഫർ ചെയ്യുന്നു.

78 കുഞ്ഞുങ്ങളുടെ നി​ഗൂഢ മരണം എന്നു പറഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞു, മെഡിക്കൽ ഫീൽഡിൽ നി​ഗൂഢ മരണം എന്നൊന്നും ഇല്ല എന്ന്. ഞാൻ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെയും കണ്ടു. ​ഗൊരഖ്പൂരിൽ കണ്ട ജാപ്പനീസ് എൻസിഫലെെറ്റിസിന്റെ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളിൽ കണ്ടത്. ഇപ്പോൾ മഞ്ഞുകാലം തുടങ്ങിയത് കൊണ്ട് രോ​ഗബാധ കുറഞ്ഞിട്ടുണ്ട്. ഞാൻ ജാപ്പനീസ് എൻസിഫലെെറ്റിസിനെ കുറിച്ച് സംസാരിക്കുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ല. ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിച്ചു കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് അവർക്ക് വലിയ മാനഹാനി ഉണ്ടാക്കി.

അവർ ഈ രോ​ഗത്തെ മറച്ചുപിടിക്കാൻ നോക്കുകയാണ്. ജില്ലാ ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യങ്ങൾ ഇല്ല. ​ഗൊരഖ്പൂരിലും പരിസര പ്രദേശങ്ങളിലുമായി 72 എൻസിഫലെെറ്റിസ് ട്രീറ്റ്മെന്റ് സെന്ററുകൾ ഉണ്ട്. പക്ഷേ അവിടെയൊന്നും ഡോക്ടർമാരില്ല. രണ്ടോ മൂന്നോ മുറികളും രണ്ടുമൂന്ന് ബെഡും ഒാക്സിജൻ സിലിണ്ടറും ഒക്കെയായി. ഉത്തർപ്രദേശിന് പുറത്തുള്ളവർ ജാപ്പനീസ് എൻസിഫലെെറ്റിസിനെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ വിചാരിക്കും, യോ​ഗി ആദിത്യനാഥ് ഈ രോ​ഗത്തെ പ്രതിരോധിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന്. പക്ഷേ ​ഗ്രൗണ്ട് ലെവലിൽ എല്ലാം തകർന്നിരിക്കുകയാണ്. അവരൊരു പുതിയ പേര് കൊണ്ടുവന്നിരിക്കുകയാണ്. അക്യൂട്ട് ഫെബ്രെെൽ ഇൽനെസ്. ജാപ്പനീസ് എൻസിഫലെെറ്റിസ് രോ​ഗികളെ ഇപ്പോൾ ഈ പേരിലാണ് രേഖപ്പെടുത്തുന്നത്. അവരതിന്റെ പേര് മാറ്റി. പക്ഷേ ആരും അത് റിപ്പോർട്ട് ചെയ്യുന്നില്ല. ഈ വർഷം തന്നെ 2000 കുഞ്ഞുങ്ങളാണ് ജാപ്പനീസ് എൻസിഫലെെറ്റിസ് കാരണം മരിച്ചത്.

24 മണിക്കൂറാണ് അവരെന്നെ അറസ്റ്റ് ചെയ്ത ശേഷം അന്യായ കസ്റ്റഡിയിൽ വെച്ചത്. 16 മുതൽ 18 മണിക്കൂർ വരെ അവർ എന്നെയും കൊണ്ട് ഡ്രെെവ് ചെയ്യുകയായിരുന്നു. മാധ്യമപ്രവർത്തകർ ആരും എന്നെ കാണാതിരിക്കാൻ. അവരെന്നെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരുന്നു. കണ്ണൂരിൽ നിന്നും കൊച്ചിവരെ അല്ലെങ്കിൽ കൊച്ചി മുതൽ മലപ്പുറം വരെ… അങ്ങനെയാണ് എന്നെ മാറ്റിക്കൊണ്ടിരുന്നത്. അവർ പൊലീസുകാരെയും മാറ്റിക്കൊണ്ടിരുന്നു അതിനിടയിൽ. ഈ മൊത്തം നാടകവും ഞാൻ സംസാരിക്കാതിരിക്കാൻ വേണ്ടിയുള്ളതായിരുന്നു.
ഞാൻ ചീഫ് മെഡിക്കൽ ഒാഫീസറുടെ അനുമതിയോട് കൂടിയാണ് ബഹ്റെെച്ച് ജില്ലാ ആശുപത്രിയിൽ പോയത്. ചീഫ് മെഡിക്കൽ സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയതുകൊണ്ട് ഞാൻ പോയ ദിവസം തന്നെ അവർ ചീഫ് മെഡിക്കൽ സൂപ്രണ്ടിനെ മാറ്റുകയും ചെയ്തു. വലിയ തലത്തിൽ

അവർ പ്ലാൻ ചെയ്തൊരു ​ഗെയിം ആയിരുന്നു അതെന്ന് എനിക്കന്ന് മനസ്സിലായിരുന്നില്ല. അതെനിക്ക് പറ്റിയ ഒരു തെറ്റാണ്. അന്ന് രാവിലെ ഞാൻ ചീഫ് മെഡിക്കൽ സൂപ്രണ്ടുമായി സംസാരിച്ചിരുന്നു. സിഎംഎസിനെ മാറ്റി മറ്റൊരു ഡോക്ടറെ നിയമിച്ചു എന്ന വാർത്ത അറിഞ്ഞ് രാവിലെ ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ ഒന്നുകൊണ്ടും പേടിക്കാനില്ല എന്നാണ് പറഞ്ഞത്. ഒരു ഠാക്കൂർ ആണ് പുതിയ സിഎംഎസ്. ഞാൻ വിളിച്ചുചോദിച്ചപ്പോൾ പുതിയ സൂപ്രണ്ട് തിങ്കളാഴ്ചയേ ചാർജ് എടുക്കൂ എന്നും താങ്കൾ ശനിയാഴ്ച വരൂ എന്നും എന്നോട് പറഞ്‍ഞു.ഞാൻ ബഹ്റെെചിൽ എത്തിയപ്പോൾ മനസ്സിലായത് അയാൾ ആക്ടിങ് സൂപ്രണ്ട് ആയി അവിടെ ഉണ്ടെന്നാണ്.
എന്റെ‌ മേൽ നാഷണൽ സെക്യൂരിറ്റി ആക്ട് ചുമത്തിയിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. എന്നെ മാത്രമല്ല അവർ ഉപദ്രവിച്ചത്. എന്‍റെ മുഴുവൻ കുടുംബത്തെയുമാണ് അവർ പീഡിപ്പിച്ചത്. എന്‍റെ സഹോദരനെയും അറസ്റ്റ് ചെയ്തു. ഇത്തവണ ഞാൻ കരുതിയത് അവരെന്നെ കൊല്ലും എന്ന് തന്നെയാണ്. എന്നെ കൊലപ്പെടുത്തുന്നതിനെ പറ്റി പൊലീസുകാർ തന്നെ സംസാരിക്കുന്നുണ്ടായിരുന്നു. എന്റെ അറസ്റ്റിന് മാധ്യമശ്രദ്ധ ലഭിച്ചതുകൊണ്ട് മാത്രമാണ് അവർക്കത് ചെയ്യാൻ കഴിയാഞ്ഞത് എന്ന് തോന്നുന്നു. പക്ഷേ മാധ്യമങ്ങളും പല തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. എനിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങി എന്ന് വാർത്ത കൊടുത്തു. പലരും എന്നെ ജയിലിലടച്ച കാര്യം അറിഞ്ഞതുതന്നെ ഇല്ല. ഒന്നരമാസം ഞാൻ എവിടെയായിരുന്നു എന്നൊക്കെ പലരും ചോദിക്കുന്നു. പലരും അറിഞ്ഞില്ല 40 ദിവസം ഞാൻ ജയിലിലായിരുന്നു എന്ന്. ഒരു ലെെവ് വീഡിയോ ഇടുമ്പോൾ പത്തുലക്ഷം പേർ വരുമെങ്കിലും കമന്‍റ് ചെയ്യുമെങ്കിലും ശരിയായ പോരാട്ടത്തിനുള്ള സമയം വന്നപ്പോൾ അവരൊന്നും തന്നെ മിണ്ടിയില്ല. എന്തായാലും എന്‍റെ പോരാട്ടം മറ്റൊരു രീതിയിലായിരിക്കണം എന്ന് തോന്നുന്നു.


Read More Related Articles