രണ്ട് മാസത്തേക്കുള്ള എല്‍പിജി സംഭരിക്കാന്‍ അറിയിപ്പ്, സ്‌കൂളുകള്‍ സായുധ സേനയ്ക്ക്; ജമ്മു കശ്മീരില്‍ ആശങ്ക

By on

ദേശീയപാത അടച്ചുകൊണ്ട് രണ്ടുമാസത്തേക്കുള്ള എല്‍പിജി സംഭരിക്കാനുള്ള സര്‍ക്കാര്‍ അറിയിപ്പും സ്‌കൂളുകള്‍ സായുധ സേനയ്ക്ക് വേണ്ടി ഒഴിച്ചിടണമെന്നുമുള്ള ഉത്തരവും ജമ്മു കശ്മീരില്‍ ആശങ്ക പടര്‍ത്തുകയാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടരുന്ന സായുധ നീക്കങ്ങളുടെ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയ ഈ ഉത്തരവുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ജൂണ്‍ 27ന് ഫുഡ് സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ദേശീയപാതയിലെ മണ്ണിടിച്ചില്‍ കണക്കിലെടുത്ത് ദേശീയപാത അടച്ചിട്ടതിനാല്‍, പ്ലാന്റുകളിലും ഗോഡൗണുകളിലുമായി രണ്ടുമാസത്തേക്കുള്ള എല്‍പിജി സ്റ്റോക്ക് ചെയ്യാന്‍ ജൂണ്‍ 23ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായി എന്നാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദേശീയപാതയിലുള്ള മഞ്ഞുവീഴ്ച കണക്കിലെടുത്ത് ഇത്തരം ഉത്തരവുകള്‍ പതിവാണെങ്കിലും വേനലില്‍ ഇത്തരം നീക്കങ്ങള്‍ പതിവല്ല.

ഗണ്ടേര്‍ബാല്‍ ജില്ലാ പൊലീസ് പുറത്തിറക്കിയ മറ്റൊരു ഉത്തരവ് സിഎപിഎഫ്‌ന് താമസ സൗകര്യം ഒരുക്കാന്‍ വേണ്ടി പതിനാറോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തിലാണ് സായുധ സൈന്യത്തെ കൊണ്ടുവരുന്നത് എന്നാണ് ഉത്തരവ് പറയുന്നത്. എന്നാല്‍ കോവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ യാത്ര പതിനഞ്ച് ദിവസമായി ചുരുക്കിയതിനാല്‍ ഇത്രയധികം മുന്നൊരുക്കം സ്വാഭാവികമല്ലെന്നാണ് കശ്മീരി മാധ്യമങ്ങളുടെ വിലയിരുത്തല്‍. ലഡാക് കേന്ദ്ര ഭരണപ്രദേശത്തോട് അടുത്തുനില്‍ക്കുന്ന പ്രദേശമാണ് കാര്‍ഗില്‍. കാര്‍ഗില്‍ ഗണ്ടേര്‍ബാല്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.

9 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് മുന്നോടിയായി നിലനിന്നിരുന്ന ഭീതിയുടെ അന്തരീക്ഷത്തിന് സമാനമാണ് നിലവില്‍ എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ കശ്മീരി ജനതയുടെ പ്രതികരണം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്തതോടെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കശ്മീര്‍ പ്രദേശങ്ങളും ഇന്ത്യന്‍ നിയന്ത്രണത്തിലായി മാറി. ഇത് ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ നിര്‍ണായകമാകുകയും കശ്മീര്‍ അധിനിവേശം  ആഭ്യന്തര വിഷയമായി അവകാശപ്പെടാനുള്ള അവസരമായി ഉപയോഗിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമാകുകയും ചെയ്തു. മെയ് മാസം മുതല്‍ ആരംഭിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ കശ്മീരിന്റെ രാഷ്ട്രീയത്തിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.


Read More Related Articles