കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ എല്ലാ സ്ട്രീമിലും സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം

By on

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വിസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ആവശ്യമെങ്കിൽ ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തുമെന്ന് പട്ടികജാതി പട്ടികവർ​ഗ വകുപ്പ് മന്ത്രി എകെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയെന്ന് എകെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഒരു സ്ട്രീമിൽ മാത്രമായി സംവരണം ചുരുക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ ദളിത്, മുസ്ലീം സംഘടനകൾ വ്യാപക പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
പിഎസ്സിയിലൂടെയും നിലവിലുള്ള ഉദ്യോ​ഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയും നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന തസ്തികകളാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ആക്കി മാറ്റിയത്. എല്ലാ തസ്തികകളിലും സംവരണം പാലിക്കപ്പെട്ടിരുന്നു. കെഎഎസ് നിയമനങ്ങള്‍ മൂന്ന് സ്ട്രീമുകളാക്കി തിരിച്ചു. ഒന്നാമത്തെ സ്ട്രീമില്‍ നേരിട്ടുള്ള പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് നിയമനം നടക്കുക. രണ്ടാമത്തെ സ്ട്രീമില്‍ ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പ്രത്യേക പരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമിക്കുക. മൂന്നാമത്തെ സ്ട്രീം ഗസറ്റഡ് ഓഫീസര്‍മാക്കുള്ളതാണ്. ഇതില്‍ ഒന്നാമത്തെ സ്ട്രീമില്‍ മാത്രമാണ് സംവരണം പരിഗണിക്കുക. ബാക്കി രണ്ട് സ്ട്രീമുകളിലും സംവരണമില്ല. ഇങ്ങനെയായിരുന്നു പുതിയ കേഡർ എന്ന നിലയിൽ സർക്കാർ കെഎഎസ്
രൂപകൽപന ചെയ്തത്. കെഎഎസ് നടപ്പിലാക്കുന്നതിന് മുമ്പ് എല്ലാ സ്ട്രീമുകളിലും 50% ആയി നിലനിന്നിരുന്ന സംവരണം അട്ടിമറിക്കപ്പെടുകയാണ് എന്ന് വ്യാപകമായി പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. കെഎഎസില്‍ സംവരണത്തെ 33% മാത്രമായി ചുരുക്കുന്ന വ്യവസ്ഥയായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.


Read More Related Articles