‘സംഘപരിവാർ ബന്ധമുള്ള സംഘടനകൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് നൽകരുത്; വിദ്വേഷ പ്രചരണത്തിനെതിരെ നിയമം ശക്തമായി ഉപയോ​ഗിക്കണം’ മനുഷ്യാവകാശ പ്രവർത്തകൻ രവി നായർ

By on

സംഘപരിവാർ ബന്ധമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കേരള സർക്കാർ ഫണ്ട് നൽകരുതെന്ന് സൗത് ഏഷ്യ ഹ്യൂമൻ റൈറ്റ്സ് ഡോക്യുമെന്റേഷൻ എക്സിക്യൂട്ടിവ് ഡയറക്റ്റർ രവി നായർ. വിവേകാനന്ദ സ്കൂൾ പോലെയുള്ള, വനവാസി കല്യാൺ പോലെയുളള ആർഎസ്എസ് ബന്ധമുള്ള സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് നൽകരുതെന്നും രവി നായർ പറഞ്ഞു. സംഘ് രാഷ്ട്ര നിർമ്മിതിയ്ക്കെതിരെ വെൽഫയർ പാർട്ടി എറണാകുളം റ്റൗൺ ഹോളിൽ സംഘടിപ്പിച്ച കൺ‌വൻഷനിൽ സംസാരിക്കുകയായിരുന്നു രവി നായർ. സംഘപരിവാറിനെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള സർക്കാരിനോട് രവി നായർ ആവശ്യപ്പെട്ടു. ”കേരളം പുരോ​ഗമന പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണ് എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിൽ സംഘപരിവാറിനെ ചെറുക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുകയാണ്. അതിന് ഒന്നാമതായി കേരളത്തിലെ മുഴുവൻ അധികാരികളോടും പറയുവാനുള്ളത് സംസ്ഥാനത്തെ പൊതു സ്ഥലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആർ എസ് എസിന്‍റെ മുഴുവൻ ശാഖകളും നിയന്ത്രിക്കണമെന്നും നിരോധിക്കണമെന്നുമാണ്. സംഘബന്ധമുള്ള സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതും സർക്കാർ നിർത്തിവെയ്ക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വിവേകാനന്ദ സ്കൂൾ പോലെയുള്ള, വനവാസി കല്യാൺ പോലെയുള്ള സംഘപരിവാർ ബന്ധമുള്ള ഓർ​ഗനൈസേഷനുകൾക്ക് ഫണ്ട് നൽകാതിരിക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നാണ് പറയാനുള്ളത്”.

സംഘപരിവാറിന്‍റെ വിദ്വേഷ പ്രവർത്തനങ്ങൾ‌ക്കെതിരെ നിയമവും വകുപ്പുകളും ശരിയായി ഉപയോ​ഗിക്കണമെന്നും രവി നായർ പറഞ്ഞു. ”പ്രതിദിനം ഈ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും എതിരെ നടന്നുകൊണ്ടിരിക്കുന്ന ഭീകരമായ ആക്രമണങ്ങൾ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കണം. 153 എ പോലെയുള്ള വകുപ്പുകൾ സംഘപരിവാർ കുറ്റവാളികൾക്കെതിരെ ചുമത്തുവാനും അവരെ ജയിലിലടയ്ക്കുവാനുമുള്ള തന്‍റേടം കേരള സർക്കാർ കാണിക്കണം” രവി നായർ പറഞ്ഞു. ”രാജ്യം ഭരിക്കുന്നവരുടെ അനീതിയ്ക്കെതിരെ കത്തെഴുതിയ അടൂർ ​ഗോപാലകൃഷ്ണനെതിരെ കേസെടുക്കുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത്, കേരളം ഭരിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ, ദലിതർക്കെതിരെ, ആദിവാസികൾക്കെതിരെ സംസാരിക്കുന്ന, അവർക്കെതിരെ പ്രവർത്തിക്കുന്നവരെ വിദ്വേഷ പ്രചരണത്തിന്റെ വകുപ്പുകൾ ചുമത്തി കേസെടുക്കുക എന്നതാണ്”. സംഘപരിവാറിന്‍റെ നൂറാം വാർ‌ഷികം ആഘോഷിക്കാൻ അവരെ അനുവദിക്കരുതെന്നും രവി നായർ തന്‍റെ പ്രസം​ഗത്തിൽ പറഞ്ഞു.
പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെതിരെ പോരാടി ജയിലിൽ പോവാൻ ആയിരങ്ങൾ മുന്നോട്ട് വരണമെന്നും രവി നായർ ആഹ്വാനം ചെയ്തു. അനീതി സമൂഹത്തിൽ ഭൂരിപക്ഷമാവുമ്പോൾ നീതിയുള്ളവരുടെ സ്ഥാനം ജയിലുകളിലാണെന്നും രവി നായർ പറഞ്ഞു.


Read More Related Articles