അബദ്ധത്തിൽ ബിജെപിയ്ക്ക് വോട്ട് ചെയ്തു; യു പിയിൽ യുവാവ് വിരൽ മുറിച്ചു കളഞ്ഞു

By on

വ്യാഴാഴ്ചയാണ് ഉത്തർപ്രദേശിലെ ബുലന്ദഷറിൽ പവൻകുമാർ എന്ന യുവാവ് വോട്ട് ചെയ്തത്. ദലിത് സമുദായാം​ഗമായ പവൻകുമാർ ബഹുജൻ സമാജ് പാർട്ടിയ്ക്കാണ് വോട്ട് ചെയ്യാൻ ആ​ഗ്രഹിച്ചത്. എന്നാൽ ബിഎസ്പിയുടെ ആന ചിഹ്നത്തിൽ വോട്ട് ചെയ്തത് മാറി ബിജെപിയുടെ താമര ചിഹ്നത്തിൽ പോയി. ഇതോടെ വോട്ട് മഷി പുരണ്ട വിരൽ പവൻ കുമാർ മുറിച്ചു കളഞ്ഞു. സംഭവത്തിന്റെ വിഡിയോ വൈറലായി. ”എനിക്ക് വോട്ട് ചെയ്യേണ്ടിയിരുന്നത് ആനയ്ക്കായിരുന്നു, പക്ഷേ അബദ്ധത്തിൽ എന്റെ വോട്ട് താമരയ്ക്ക് പോയി” പവൻ കുമാർ വിഡിയോയിൽ പറയുന്നു. അബ്ദുല്ലപുര്‍ ഹുല്‍സാപുര്‍ ഗ്രാമവാസിയാണ് 25 കാരനായ പവന്‍ കുമാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിംഗിലാണ് പവന്‍ കുമാര്‍വോട്ട് ചെയ്തത്.

പശുവിന്റെ പേരിൽ സംഘപരിവാർ ആക്രമണം അഴിച്ചുവിടുകയും തുടർന്ന് ഒരു പൊലീസുദ്യോ​ഗസ്ഥനെ വെടിവച്ച് കൊല്ലുകയും ചെയ്ത സ്ഥലമാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷർ. സുബോധ് കുമാർ സിം​ഗ് എന്ന ഇൻസ്പെക്റ്ററെയാണ് വെടിവച്ച് കൊന്നത്. യോ​ഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടന്ന ഈ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. 2018 ഡിസംബർ 3 തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മഹാവ് ​ഗ്രാമത്തിൽ പശുവിന്റെ ശവം കണ്ടെത്തിയെന്നാരോപിച്ച് സംഘപരിവാർ സംഘടനകളാണ് കലാപം ആരംഭിച്ചത്. നാൽപ്പത് കിലോമീറ്റർ അകെല നടന്ന, ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ പങ്കെടുത്ത് ആത്മീയ സം​ഗമത്തിലേക്കായി പശുവിനെ കൊന്നുവെന്നാണ് ബജ്രം​ഗ് ദളും വിശ്വഹിന്ദു പരിഷത്തും ആരോപിച്ചത്. തുടർന്നുണ്ടായ കലാപ ശ്രമം തടയുന്നതിനിടെയാണ് സുബോധ് സിം​ഗിനെ കൊലപ്പെടുത്തിയത്. പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ അഖ്ലാഖ് എന്ന മുസ്ലിമിനെ മർദ്ദിച്ചു കൊന്ന സംഭവത്തിലെ അന്വേഷണ ഉദ്യോ​ഗസ്ഥൻ കൂടിയായിരുന്നു സുബോധ് സിം​ഗ്.


Read More Related Articles