മാതൃഭൂമി സാഹിത്യോൽസവത്തിൽ നിന്ന് ഒഴിവാക്കിയോ? അറിയിച്ചിട്ടില്ലെന്ന് ഉമർ ഖാലിദ്

By on

2019 ജനുവരിയിൽ നടക്കാനിരിക്കുന്ന മാതൃഭൂമി സാഹിത്യോൽസവത്തിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. യൂത്ത് അൺറെസ്റ്റ് ഇൻ ഇന്ത്യ എന്ന പാനലിൽ ആദ്യം ഉൾപ്പെട്ടിരുന്ന ഉമർ ഖാലിദിന് പീന്നീട് പരിപാടിയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ല.

അംബേദ്കറെെറ്റ് റാപ്പറും ജെഎൻയു വിദ്യാർത്ഥിയുമായ സുമീത് സമോസ്, സംഘപരിവാർ ഭരണകാലത്ത് രാജ്യത്ത് നടക്കുന്ന വി​ദ്യാർത്ഥി സമരങ്ങളെക്കുറിച്ച് ‘ഫെർമെന്‍റ്’ എന്ന പുസ്തകമെഴുതിയ മാധ്യമപ്രവർത്തക നിഖില ഹെൻറി എന്നിവരാണ് മറ്റ് പാനലിസ്റ്റുകൾ. പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇവർക്ക് അറിയിപ്പ് ലഭിച്ചെങ്കിലും സംഘാടകർ ഉമർ ഖാലിദുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല.

“അവരെന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് ഒക്ടോബറിലാണ്. ഇമെയിൽ വഴിയാണ് ക്ഷണിച്ചത്. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ശേഷം പിന്നെ സംഘാടകർ ആരും എന്നോട് സംസാരിച്ചിട്ടില്ല. എന്നെ പരിപാടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അത് എന്നെ അറിയിച്ചിട്ടില്ല. ഒൗദ്യോ​ഗികമായി ഒരു രീതിയിലും എന്നോട് സംസാരിച്ചിട്ടില്ല. നിഖിലയെയും സുമീതിനെയും അവർ വീണ്ടും ക്ഷണിച്ചിരുന്നു. നിഖില ഹെൻറി ആണ് പ്രധാന പാനലിസ്റ്റ്. ആ സമയത്ത് നിഖില എന്നോട് ചോദിക്കുകയായിരുന്നു ഉമറിനെ അവർ വിളിച്ചിരുന്നോ എന്ന്. പിന്നെ നിഖില ഇതേപ്പറ്റി സംഘാടകരോട് അന്വേഷിക്കുകയായിരുന്നു. അവരെ രണ്ടുപേരെയും വീണ്ടും ക്ഷണിച്ചിട്ടുണ്ട്, എന്നെ ക്ഷണിച്ചിട്ടില്ല. ഞാൻ പരിപാടിയിൽ പങ്കെടുക്കേണ്ട എങ്കിൽ എന്നെ അത് അറിയിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. ഫെസ്റ്റിവൽ ഡയരക്ടർ സബിൻ ഇഖ്ബാൽ ആണ് എന്നെ ക്ഷണിച്ചത്.” ഉമർ ഖാലിദ് പറയുന്നു.

ഉമർ ഖാലിദിനെ സാഹിത്യോൽസവത്തിൽ നിന്ന് ഒഴിവാക്കിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഫെസ്റ്റിവൽ ഡയറക്ടർ സബിൻ ഇഖ്ബാൽ തയ്യാറായില്ല. രണ്ട് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന യോ​ഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് സബിൻ ഇഖ്ബാൽ പറയുന്നത്.


Read More Related Articles