ബീമാപ്പള്ളിയിലെ മത്സ്യ തൊഴിലാളികൾക്കായി ഫ്ലാറ്റ് നിർമ്മാണം ഉടനെന്ന് മെഴ്സിക്കുട്ടിയമ്മ; നവമാധ്യമങ്ങളിൽ നുണ പ്രചരണമെന്ന് മന്ത്രി

By on

മത്സ്യതൊഴിലാളികൾക്കായുള്ള ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന് സ്വഭാവ പ്രത്യേകത ചൂണ്ടിക്കാട്ടി ബീമാപ്പളളിക്കാരെ ഒഴിവാക്കിയെന്ന ആരോപണം തള്ളിക്കളഞ്ഞ് ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. ബീമാപ്പള്ളിക്ക് സമീപം മുട്ടത്തറയിലാണ് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളികൾക്കായിള്ള ഭവന നിർമ്മാണ പദ്ധതി പൂർത്തിയായത്. എന്നാൽ ഈ പദ്ധതിയിൽ തങ്ങളെ ഒഴിവാക്കി എന്നാരോപിച്ച് ബീമാപ്പളളിക്കാർ രം​ഗത്ത് വന്നിരുന്നു. ഇത്തരം ആരോപണങ്ങൾ നവമാധ്യമങ്ങൾ വഴി ബോധപൂർവ്വം നടത്തുന്ന വിഷലിപ്തമായ പ്രചാരവേലകളാണെന്നും മന്ത്രി ഫെയ്സ്ബുക്പോസ്റ്റിൽ ആരോപിക്കുന്നു. മുട്ടത്തറ കൂടാതെ തിരുവനന്തപുരം ബീമാപ്പള്ളിയിലും കാരോടും ഉടനടി വീട് നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി പറയുന്നു.

കൊല്ലത്തും കണ്ണൂരും നിർമ്മാണം ആരംഭിക്കാനിരിക്കുകയാണ്. സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തിയാക്കി മത്സ്യത്തൊഴിലാളികൾക്ക് കൈമാറാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതൊന്നും കാണാതെ കടുത്ത വിഷം വമിപ്പിക്കുന്ന പ്രചാരവേല നടത്തി ഇൗ സത്പ്രവർത്തിക്ക് തുരങ്കം വെയ്ക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുകയാണ് എന്നും മന്ത്രി പറയുന്നു.

ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ ബിജെപി സർക്കാർ മൂവായിരം കോടി രൂപ മുടക്കി നിർമ്മിച്ചപ്പോൾ കേരളം ജനോപകാര പ്രദമായ ഭവന നിർമ്മാണമാണ് നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില് പ്രചരണം നടന്നപ്പോഴാണ് ചില പ്രദേശവാസികളെ ഒഴിവാക്കിയതായുള്ള ആരോപണം വീണ്ടും ഉയർന്നത്.


Read More Related Articles