“പൊലീസ് കള്ളക്കേസെടുത്ത് നിരന്തരം വേട്ടയാടുന്നു”, മൂന്നാർ വിട്ടുപോകുകയാണെന്ന് നല്ലതണ്ണി ബ്ലോക് പഞ്ചായത്ത് മെമ്പറും പൊമ്പിളെെ ഒരുമെെ നേതാവുമായ ​ഗോമതി

By on

By Mrudula Bhavani

മൂന്നാർ വിട്ട് പോകുകയാണെന്ന് പൊമ്പിളെെ ഒരുമെെ സമര നേതാവും നല്ലതണ്ണി ബ്ലോക് പഞ്ചായത്ത് മെമ്പറുമായ ​ഗോമതി. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ​ഗോമതി ഇക്കാര്യം അറിയിച്ചത്. 2018 ഡിസംബർ 31ന് തന്റെ പേരിൽ പൊലീസ് നിരന്തരം കള്ളക്കേസുകൾ ചുമത്തുന്നതിൽ പ്രതിഷേധിച്ച് ​ഗോമതി മൂന്നാർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് കേസ് ഒഴിവാക്കാൻ നിർബന്ധിതരായിരുന്നു.

മകന്റെ പേരിലുള്ള ലെെം​ഗിക പീഡന ആരോപണത്തിന്റെ മേൽ ​ഗോമതിക്കെതിരെയും കേസുകൾ എടുത്ത് തുടങ്ങിയതോടെയാണ് മൂന്നാർ വിടാൻ തീരുമാനിച്ചത് എന്ന് ​ഗോമതി പറയുന്നു.

മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി മകനെതിരെ വീണ്ടും ലെെം​ഗിക പീഡന പരാതി നൽകിയതോടെയാണ് ഡിസംബർ മാസാവസാനം പൊലീസ് തുടർച്ചയായി ​ഗോമതിയുടെ വീട്ടിലെത്തി നിരന്തരം ഉപദ്രവിച്ച് തുടങ്ങിയത്. പൊലീസ് വീട്ടിലെത്തി ​ഗോമതിയെ തെറിവിളിക്കുകയും തൂങ്ങിച്ചാകാൻ പറയുകയും ചെയ്തിരുന്നു. മാസം തോറും രണ്ട് കള്ളക്കേസുകൾ വീതം തന്റെ പേരിൽ ചുമത്തുന്നുണ്ടെന്നും ഇനിയും കള്ളക്കേസുകളുമായി കഴിയാൻ പറ്റില്ലെന്നും ​ഗോമതി പറഞ്ഞിരുന്നു. ജനങ്ങൾക്ക് വേണ്ടി സിപിഎംകാരെ എതിർത്ത് സമരം ചെയ്തതാണോ ഞാൻ ചെയ്ത തെറ്റ് എന്ന് ഡിസംബർ 31ന് ​ഗോമതി ചോദിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് ​ഗോമതിയുടെ മകൻ വിവേകിനെതിരെ പതിനാറുകാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി ​ഗർഭിണിയാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് മൂന്നാർ പൊലീസ് സ്റ്റേഷനിൽ പോയി എസ്ഐയെ കാണുകയും ​ഗോമതി എംഎം മണിയെ എതിർത്തത് കൊണ്ടാണ് ഇങ്ങനെ കേസ് ഉണ്ടാക്കിയത് എന്നും മൊഴി നൽകിയെന്നും താൻ ​ഗർഭിണിയല്ലെന്ന് ​വ്യക്തമാക്കിക്കൊണ്ട് തനിക്ക് പെണ്‍കുട്ടി വീഡിയോ സന്ദേശം അയച്ചിരുന്നു എന്നും ഗോമതി പറഞ്ഞു. സിപിഎം കുടുംബമാണ് പെണ്‍കുട്ടിയുടേതെന്നും ഒരു തമിഴ് കുടുംബത്തിലേക്ക് മകളെ വിവാഹം കഴിപ്പിച്ച് അയക്കില്ലെന്ന് തന്‍റെ അഡ്വക്കേറ്റിനോട് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു എന്നും ഗോമതി പറഞ്ഞു.
മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പിന്തുണയില്ലാതെ സമരം നയിച്ച ​ഗോമതി നല്ലതണ്ണി ബ്ലോക് പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Read More Related Articles