കവളപ്പാറ-പുത്തുമല പുനരധിവാസ മാതൃക പെട്ടിമുടിയിലും നടപ്പാക്കുമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയെന്ന് ​ഗോമതി

By on

ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ നടന്ന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. 2019ലെ പ്രളയകാലത്ത് കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സ്വീകരിച്ച അതേ രീതി തന്നെ പെട്ടിമുടിയിലും സ്വീകരിക്കുമെന്ന് സന്ദര്‍ശനത്തെ തുടര്‍ന്ന് നടന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസവും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. പെട്ടിമുടി ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള സഹായവും യോഗത്തില്‍ കണ്ണന്‍ ദേവന്‍-ടാറ്റ കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു.

”കമ്പനിയുടെ ഭാഗത്ത് നിന്ന് കുറച്ച് നടപടികളുണ്ടാകണം. അവരെല്ലാം തൊഴില്‍ നഷ്ടപ്പെട്ടവരാണ്. അവിടെ താമസിച്ചവര്‍ മറ്റ് ലയങ്ങളിലാണ് താമസിക്കുന്നത്, വേറെ ലയങ്ങള്‍ കൊടുത്തു അറ്റകുറ്റപ്പണികള്‍ നടത്തണം. കൂട്ടത്തില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നം ലയങ്ങളുടെ പൊതുവായ പ്രശ്‌നമാണ്. ആ പ്രശ്‌നം സര്‍ക്കാരിന്റെ ഗൗരവമായ പരിഗണനയിലുള്ളതാണ്. അവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാർ തീരുമാനിക്കും. പൊതുവെയുള്ളത് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്, ആ കാര്യങ്ങള്‍ ഗൗരവമായി തന്നെ പരിഗണിക്കുന്നതാണ്. പെട്ടിമുടിയില്‍ നിന്നാണ് ഇടമലക്കുടിയിലേക്ക് പോകുന്നത്. റോഡ് മെച്ചപ്പെടുത്തുന്നത് സര്‍ക്കാരിന്റെ നേരത്തെ തന്നെയുള്ള പരിഗണനയിലുള്ളതാണ്.’ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. “ഓരോ തോട്ടം തൊഴിലാളിക്കും ഒരേക്കര്‍ ഭൂമി” എന്ന പൊമ്പിളൈ ഒരുമൈ സമരത്തെ തുടര്‍ന്ന് ഉന്നയിക്കപ്പെട്ട ആവശ്യം ഈ സാഹചര്യത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.

 

ഇതേ സമയം മൂന്നാര്‍ ടൗണില്‍ മുഖ്യമന്ത്രിയെ കണ്ട് തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളെ കുറിച്ച് സംസാരിക്കാനെത്തിയ ദേവികുളം ബ്ലോക് പഞ്ചായത്തംഗവും പെമ്പിളൈ ഒരുമൈ നേതാവുമായ ജി.ഗോമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാര്‍ ടൗണില്‍ നിന്നുള്ള പ്രതിഷേധത്തിനിടെ ഫെയ്‌സ്ബുക്കില്‍ ലൈവില്‍ ഗോമതി പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്,

”മൂന്നാര്‍ കോളനിയിലുള്ളവര്‍ക്ക് പട്ടയം വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വര്‍ഷമായി സമരം ചെയ്യുന്നു, തനിയെ ആയിരുന്നു സമരം ചെയ്തത്. എണ്‍പത്തിനാല് പേര്‍ മണ്ണിനടിയില്‍ പെട്ട് ഏഴുദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി വരുന്നത്. എന്തു സംഭവിച്ചാലും മുഖ്യമന്ത്രിയെ കാണാതെ ഇവിടെനിന്നും പോകുന്നില്ല. പൊമ്പിളൈ ഒരുമൈ പോരാട്ടം നടന്നിട്ട് ഒടുവില്‍ എല്ലാവരും തനിയെയാക്കി പോയി. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കാരണം എനിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് വേണ്ടി ഫണ്ട് പോലും അനുവദിച്ച് തരാറില്ല. സിപിഎംന്റെ രാജേന്ദ്രന്‍ എംഎല്‍എ ഭൂമി വാഗ്ദാനം ചെയ്ത് ജയിച്ചപ്പോള്‍ കമ്പനി ഭൂമിയല്ലാതെ ഇവിടെ ഭൂമിയില്ല എന്ന് പറഞ്ഞു. ഞാന്‍ സിപിഎം വിട്ടു. പൊമ്പിളൈ ഒരുമൈ സമരം നടന്നു, അന്ന് കുടിയും കൂത്തുമുണ്ടായിരുന്നു, കാട്ടിലായിരുന്നു പണി എന്ന് പറഞ്ഞു. തോട്ടംതൊഴിലാളികളായ സ്ത്രീകളെ അപമാനിച്ചു എംഎം മണി. കൂലിക്കും ബോണസിനും വേണ്ടി നടുറോഡില്‍ പോരാടിയ തോട്ടംതൊഴിലാളികളെ അപമാനിച്ചു.

ഇത് ഒരു പെട്ടിമുടി മാത്രം, ഇനിയും ആയിരം പെട്ടിമുടി ഇവിടെയുണ്ട്. ഈ എണ്‍പത്തിനാല് ജീവനുകള്‍ ഇതിന്റെയെല്ലാം രക്തസാക്ഷികളായി മാറിയിരിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി വീടും ഭൂമിയും വേണം. ഞങ്ങളുടെ മക്കള്‍ പഠിച്ച് ഓട്ടോ ഡ്രൈവറും കാര്‍ ഡ്രൈവറും റിസോര്‍ട്ടുകളിലെ കക്കൂസ് കഴുകിയും റോഡില്‍ നിന്ന് ‘റൂമിറ്ക്ക് വാങ്കെ’ എന്ന് വിളിച്ചും ജീവിക്കുന്നു, ഞങ്ങളുടെ മക്കള്‍ക്ക് സ്വാതന്ത്ര്യം വേണം. ആര്‍ക്കും നട്ടെല്ലില്ല ഇവിടെ. ഇതുതന്നെയാണ് അവസരം എന്ന് തിരിച്ചറിഞ്ഞ് സമരം ചെയ്യണം. കന്നിമലയിലേക്ക് ഇന്നലെ കുറച്ചുസാധനങ്ങള്‍ കൊണ്ടുപോയിരുന്നു. അവിടെ ഉള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ പാത്രങ്ങളില്ല. എന്റെ ജീവന് എന്തുതന്നെ സംഭവിച്ചാലും ഞാന്‍ മുഖ്യമന്ത്രിയെ കാണാതെ പോകില്ല.” ഇത്രയും പറഞ്ഞപ്പോഴേക്കും വനിതാ പൊലീസ് ഗോമതിയെ റോഡില്‍ നിന്നും ബലം പ്രയോഗിച്ച് എഴുന്നേല്‍പിക്കുന്നതും ലൈവില്‍ ദൃശ്യമാണ്. വൈകുന്നേരത്തോടെ ​ഗോമതിയെ വിട്ടയച്ചു.

”പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസത്തിന് കമ്പനിവീടുകളല്ല വേണ്ടത്, സ്വന്തം വീടുകളാണ്. കേരള മുഖ്യമന്ത്രിക്ക് മേലുള്ള വിശ്വാസം പോയി,’ “സ്ഥലത്തിന്റെ പ്രശ്‌നം ഗൗരവമായി പരിഗണിക്കും” എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെപ്പറ്റി ഗോമതി കീബോര്‍ഡ് ജേണലിനോട് പ്രതികരിച്ചു. പ്രളയമോ അതുപോലുള്ള ദുരന്തങ്ങളോ ഉണ്ടാകുമ്പോഴല്ലാതെ ഭരണാധികാരികള്‍ തന്റെ ആളുകളെ കാണുന്നില്ല, തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ആയിട്ടും ഇവിടെ വരുന്നവര്‍ ആ രീതിയില്‍ എന്നോട് സംസാരിക്കുന്നില്ല, ഗോമതി പറഞ്ഞു.

”പെട്ടിമുടി ഉരുള്‍പൊട്ടലിന് ശേഷം തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചത് മുഖ്യമന്ത്രി അറിഞ്ഞോ എന്ന് എനിക്കറിയില്ല. അതുകൊണ്ട് നേരിട്ട് സംസാരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. വീട് പോയവര്‍ക്ക് സ്വന്തമായി വീട് വെച്ചുകൊടുക്കണം. കമ്പനിവീട് വേണ്ട. അവര്‍ക്ക് പൂജ്യത്തില്‍ നിന്ന് തുടങ്ങണം. മക്കളുടെ പഠനച്ചെലവ് വഹിക്കണം. ഭൂമിയില്ല. ഇതെല്ലാം പറയാന്‍ വേണ്ടിയാണ് പോയത്. ചിറ്റുവാര ഓസി ഡിവിഷനില്‍ നിന്ന് എന്നെ ഇന്ന് രാവിലെ വിളിച്ചിരുന്നു. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ അവിടെയുള്ളവര്‍ പേടിയിലാണ് കഴിയുന്നത്. ഇനി ഒരു പെട്ടിമുടിയുണ്ടാവരുത്.” ഗോമതി പറയുന്നു.

“മൂന്നാര്‍ ടൗണില്‍ പൊലീസ് ഒരു ഓട്ടോ ഡ്രൈവറെ തെറിവിളിക്കുകയും തല്ലുകയും ചെയ്യുന്നുണ്ടായിരുന്നു മുഖ്യമന്ത്രി വരുന്നുണ്ട് എന്ന് പറഞ്ഞ്. കോവിഡ് കാരണം പറഞ്ഞ് ഒരു മാധ്യമത്തെയും മുഖ്യമന്ത്രി വരുന്ന സമയത്ത് പെട്ടിമുടിയിലേക്ക് വിട്ടില്ല. അവിടെ ഇപ്പോള്‍ മണ്ണിനടിയില്‍ പെട്ടവരെ എടുത്തുകൊണ്ടിരിക്കുന്നവര്‍ക്ക് കോവിഡ് ബാധകമല്ലേ? മാറിമാറി ഭരിക്കുന്ന എല്‍ഡിഎഫും യുഡിഎഫും അറിയണ്ടേ തോട്ടം തൊഴിലാളികള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന്? മാധ്യമപ്രവര്‍ത്തകരെ ഇത്രയധികം നാണംകെടുത്തുമ്പോഴും മാധ്യമങ്ങള്‍ക്ക് എന്താണ് ഇത്രയും പേടി?’, ഗോമതി ചോദിക്കുന്നു.

ഇതുപോലുള്ള പല വാഗ്ദാനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടുണ്ട് എന്നും അതെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് ഗോമതി പറയുന്നത്. ”കേരള മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയി. പത്രസമ്മേളനങ്ങള്‍ മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നടക്കുന്നത്. ലയങ്ങളില്‍ ഒരു റൂം അധികമായി വെച്ച് തരാം, ആശുപത്രി, സ്‌കൂള്‍ എന്നെല്ലാം ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തതല്ലേ?  വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുമെങ്കില്‍ ആകട്ടെ,” ഗോമതി പറഞ്ഞു.

 


Read More Related Articles