യുദ്ധത്തിലെ ലൈം​ഗികാതിക്രമത്തിനെതിരായ പോരാട്ടം; നാദിയ മുറാദിനും ഡെനിസ് മുകൈജേയ്ക്കും സമാധാന നൊബേൽ

By on

സ്റ്റോകോം: യുദ്ധരം​ഗത്ത് ലൈം​ഗികാതിക്രമം ആയുധമാക്കുന്നതിനെതിരെയുള്ള പോരാട്ടം നടത്തിയ നാദിയ മുറാദിനും ഡോക്ടർ ഡെനിസ് മുകൈജേയ്ക്കും സമാധാനത്തിനുള്ള നൊബേൽ സമ്മാനം. ആഫ്രിക്കൻ‌ രാജ്യമായ കോം​ഗോയിൽ നിന്നുള്ള ​ഗൈനക്കോളജിസ്റ്റാണ് ഡെനിസ് മുകൈജേ. മൂന്ന് വർഷം ഐഎസ് തടവിൽ കഴിഞ്ഞ ഇറാഖി യസീദി വനിതയാണ് നാദിയ മുറാദ്. ഐസിസ് തടവറയിൽ തനിക്കും മറ്റനേകം പെൺകുട്ടികൾക്കും നേരിടേണ്ടി വന്ന കൊടിയ ലൈം​ഗിക പീഡനം ലോകത്തോട് വിളിച്ച് പറഞ്ഞത് നാദിയ മുറാദാണ്. 19 ആം വയസിലാണ് നാദിയ മുറാദ് ബാസി താഹ എന്ന 19 കാരിയെ വടക്കൻ ഇറാഖിലെ കോജോ ​ഗ്രാമത്തിലെ സിഞ്ജാറിൽ നിന്ന് ഐ എസ് തട്ടിക്കൊണ്ട് പോയത്. തന്റെ രക്ഷിതാക്കളും സഹോദരങ്ങളും അടക്കം 600 ലധികം ആളുകളുടെ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന നാദിയ ഐഎസ് ലൈം​ഗിക അടിമകളാക്കിയ മൂവായിരത്തോളം വരുന്ന യസീദി സ്ത്രീകളിലൊരളായിരുന്നു. സമൂഹത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ നേരിട്ട ലൈം​ഗിക അതിക്രമത്തെക്കുറിച്ച് നിശബ്ദയായിരിക്കാൻ നാദിറ തയ്യാറായില്ല എന്ന് നൊബേൽ സമിതി വിലയിരുത്തി. തടവിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2015ൽ ബെൽജിയൻ ദിനപത്രമായ ലാ ലിബ്രെ ബെൽജിഖിനോടാണ് നാദിയ താൻ അനുഭവിച്ച കൊടിയ പീഡനങ്ങൾ വെളിപ്പെടുത്തുന്നത്. 2016 ൽ 23 ആം വയസിൽ നാദിയ മനുഷ്യക്കടത്ത് ഇരകളുടെ അഭിമാനത്തിന്റെ ആദ്യ അംബാസഡറായി.

കോം​ഗളീസ് ആഭ്യന്തര യുദ്ധത്തിൽ ലൈം​ഗികാതിക്രമത്തിന് ഇരയായവർക്ക് വേണ്ടി നിലകൊള്ളുന്ന ഫിസിഷ്യനാണ് ഡെനിസ് മുകൈജേ. 2008 മുതൽ പാൻസി ഹോസ്പിറ്റൽ എന്ന സ്ഥാപനവും മുകൈജേയും മറ്റ് ജീവനക്കാരും ലൈം​ഗികാത്രികമത്തിന് ഇരയായ ആയിരക്കണക്കിന് സ്ത്രീകളെയാണ് ചികിത്സിച്ചത്. യുദ്ധങ്ങളിലെ ലൈം​ഗികാതിക്രമത്തിനെതിരായ പ്രവർത്തനങ്ങളുടെ അന്താരാഷാട്ര പ്രതീകമെന്നാണ് മുകൈജേയെ നൊബേൽ സമിതി വിശേഷിപ്പിച്ചത്.


Read More Related Articles