സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ ​പാലന്‍പൂര്‍ കോടതി തള്ളി

By on

സെപ്തംബര്‍ 5ന് അറസ്റ്റ് ചെയ്യപ്പെട്ട മുൻ എെപിഎസ് ഒാഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പാലൻപൂർ കോടതി തള്ളി. അഡീഷണൽ സെഷൻസ് ജ‍ഡ്ജി പിഎസ് ബ്രഹ്മഭട്ട് ആണ് സഞ്ജീവ് ഭട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. 22 വർഷം മുമ്പുള്ള ഒരു കേസിലായിരുന്നു അറസ്റ്റ്. 2015ൽ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജീവ് ഭട്ട് നരേന്ദ്രമോദി സർക്കാരിന്റെ നടപടികൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്നു.

1996 ലെ കേസിലാണ് മോദി സർക്കാരിന്റെയും ബിജെപിയുടെയും രൂക്ഷവിമർശകനായ സഞ്ജീവ് ഭട്ട് ഐപിഎസിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിം​ഗ് രാജ്പുരോഹിത് എന്നയാളെ ഹോട്ടൽ മുറിയിൽ നിന്ന് കറുപ്പ് കൈവശം വച്ചതിന് അറസ്റ്റിലായ കേസാണിത്. കറുപ്പ് പൊലീസ് വ്യാജമായി സ്ഥാപിച്ചതാണെന്നാണ് കണ്ടെത്തിയത്. അന്ന് ബനസ്കന്ത എസ്പിയായിരുന്നു സഞ്ജീവ് ഭട്ട്.

ഗുജറാത്തിൽ ബിജെപി മന്ത്രിയായിരുന്ന ഹരേൺ പാണ്ഡ്യയയുടെ കൊലപാതകം സംബന്ധിച്ച രേഖകൾ നശിപ്പിക്കാൻ മോദിയും അമിത്ഷായും ആവശ്യപ്പെട്ടെന്ന് കാട്ടി ഭട്ട് സത്യവാങ്മൂലം സമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു അറസ്റ്റ്. ഗോധ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പ്രദക്ഷിണമായി പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെ മന്ത്രിസഭയിൽ എതിർത്തയാളാണ് കൊല്ലപ്പെട്ട ഹരേൺ പാണ്ഡ്യ. ​ഗുജറാത്ത് വംശഹത്യ കാലത്ത് സംഘർഷം ഒഴിവാക്കാൻ നേരിട്ട് പ്രവ‍ർത്തിച്ച ഏക ബിജെപി മന്ത്രികൂടിയായിരുന്നു അദ്ദേഹം.

മുസ്ലിങ്ങളെ കൊല്ലുന്നതിൽ നിന്ന് കലാപകാരികളെ തടയരുതെന്ന് മോദി പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ പറഞ്ഞുവെന്നും ഹരേൺ പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. 2002 ഫെബ്രുവരി 27 ന് മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോ​ഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 2002 മെയ് മാസത്തിൽ ഔട്ലുക്ക് മാ​ഗസിനോടാണ് ഹരേൺ പാണ്ഡ്യ ഇക്കാര്യം പറഞ്ഞത്. 2002 ഓ​ഗസ്റ്റിൽ അദ്ദേഹം ഇക്കാര്യം ആവർത്തിക്കുകയും വിവരം പുറത്തുവന്നാൽ താൻ കൊല്ലപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു. 2003 മാർച്ച് 26 രാവിലെ 7. 40 ന് ഹരേൺ പാണ്ഡ്യയെ രണ്ട് പേർ വെടിവെച്ച് കൊന്നു. 2007 ലാണ് ഔട്ലുക്ക് ഹരേൺ പാണ്ഡ്യയുടെ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത്. ഹരേൺ പാണ്ഡ്യയയുടെ കൊലപാതകം സംബന്ധിച്ച് പ്രധാനപ്പെട്ട രേഖ നശിപ്പിക്കാൻ മോദിയും അമിത്ഷായും ആവർത്തിച്ച് ആവശ്യപ്പെട്ടെന്നാണ് സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തിൽ പറയുന്നത്.

2002 ലെ ​ഗുജറാത്ത് മുസ്ലിം വംശഹത്യക്ക് അവസരം ഒരുക്കാൻ പൊലീസ് നടപടികൾ തടയും വിധം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നിർദ്ദേശിച്ചുവെന്ന് വെളിപ്പെടുത്തിയതു മുതലാണ് സഞ്ജീവ് ഭട്ടിനെതിരായി ബിജെപി സർക്കാരുകൾ നടപടികൾ ആരംഭിക്കുന്നത്. സഞ്ജീവ് ഭട്ടിന്റെ ഡ്രൈവറായിരുന്ന കെ ഡി പന്തിന്റെ പരാതിയിലായിരുന്നു സഞ്ജീവ് ഭട്ടിനെ ആദ്യം അറസ്റ്റ് ചെയ്തത്. മോദിയുടെ വസതിയിൽ ചേർന്ന യോഗത്തെക്കുറിച്ചുള്ള സത്യവാങ്മൂലത്തിൽ ബലമായി ഒപ്പുവെയ്പ്പിച്ചു എന്നായിരുന്നു കെ ഡി പന്തിന്റെ പരാതി. 2011 സെപ്റ്റംബറിലായിരുന്നു അറസ്റ്റ്. മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നിരവധി പ്രതികാര നടപടികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

പൊലീസ് ട്രെയിനിം​ഗ് കോളജിൽ പ്രിൻസിപ്പലായി നിയമനം നൽകപ്പെട്ട ഭട്ട് ജോലി ഏറ്റെടുക്കാതിരുന്നു എന്നാരോപിച്ച് അദ്ദേഹത്തെ ​ഗുജറാത്ത് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ‌ നിരവധി നിയമനടപടികളുടെ ഭാ​ഗമായി നാനാവതി കമ്മീഷനിലും മറ്റ് നീതിന്യായ സ്ഥാപനങ്ങളിലും ഹാജരാവേണ്ടതുകൊണ്ട് തനിക്ക് കൃത്യനിർവ്വഹണം സാധ്യമല്ല എന്ന് ഭട്ട് വിശദീകരണം നൽകിയിരുന്നു.

സഞ്ജീവ് ഭട്ടിന്‍റെ മോചനത്തിനായുള്ള നിയമപോരാട്ടത്തിലാണ് ഭാ​ര്യ ശ്വേത ഭട്ട്. ഈയടുത്തായി അഹമ്മദാബാദ് മുനിസിപ്പൽ കോർ‍പ്പറേഷൻ ഇവർ താമസിച്ചിരുന്ന വീടിന്റെ വലിയൊരു ഭാ​ഗം തകർത്തിരുന്നു.


Read More Related Articles