കിതാബ് പ്രതിഷേധത്തിന് പിന്തുണ പിൻവലിക്കുന്നുവെന്ന് കൽപറ്റ നാരായണൻ; തീരുമാനം ഉണ്ണി ആറിനോട് സംസാരിച്ച ശേഷം

By on

കിതാബ് നാടകത്തിനും സംവിധായകൻ റഫീക് മം​ഗലശ്ശേരിക്കും പിന്തുണയറിയിച്ചുകൊണ്ടുള്ള സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധക്കുറിപ്പിന് തന്‍റെ പിന്തുണ പിൻവലിക്കുന്നതായി കവി കൽപറ്റ നാരായണൻ.  നാടകത്തിന്‍റെ മൂലരചനയായ വാങ്കിന്‍റെ രചയിതാവ് ഉണ്ണി ആറിനോട് സംസാരിച്ച ശേഷം സംഭവത്തിന്‍റെ നിജസ്ഥിതി അറിഞ്ഞാണ് താന്‍ നിലപാട് വ്യക്തമാക്കുന്നതെന്ന് കല്‍പറ്റ നാരായണന്‍ അറിയിച്ചു. ചില സാംസ്കാരിക പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രതിഷേധക്കുറിപ്പില്‍ തന്‍റെ പേര് ചേര്‍ത്തത് തെറ്റിദ്ധാരണയുടെ പുറത്താണെന്നും കാര്യം വ്യക്തമായപ്പോൾ പിന്തുണ പിൻവലിക്കുകയാണെന്നും കൽപറ്റ നാരായണൻ ഫേസ്ബുക്കിൽ വ്യക്തമാക്കി. പ്രതിഷേധക്കുറിപ്പില്‍ പേര് ചേര്‍ത്ത് പ്രചരിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റിന് താഴെ കമന്‍റായാണ് കവി നിലപാട് വ്യക്തമാക്കിയത്.

“ഇതില്‍ എന്‍റെ പേര് വന്നത് ഒരു തെറ്റിദ്ധാരണ മൂലമാണ്. ആര്‍ .ഉണ്ണിയോടന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി അറി ഞ്ഞത്. ഉണ്ണിയെ അവി ശ്വസിക്കാന്‍ കാരണമില്ല. എന്റെ പിന്തുണ പിന്‍വലിക്കുന്നു”-ഇതാണ് കമന്‍റ്.

എഴുത്തുകാരി ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയ്ക്ക് താഴെയായിരുന്നു ഈ കമന്‍റ്.

നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണ് കിതാബിന് നേരെ ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതിൽ പ്രതിഷേധം അറിയിക്കുന്നു എന്നുമാണ് ഇരുനൂറോളം പേർ ഒപ്പുവെച്ച പ്രസ്താവന.

എന്നാല്‍ തന്‍റെ വാങ്ക് എന്ന കഥയെ വികൃതമായി അവതരിപ്പിച്ച നാടകമാണ് കിതാബ് എന്ന് ഉണ്ണി ആര്‍ നേരത്തെ പ്രതികരിച്ചിരുന്നു, കഥയിലെ പെൺ ആത്മീയത ചോർത്തിക്കളഞ്ഞാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ കഥയുടെ പേരിൽ ഇസ്ലാം പ്രാകൃതമതമാണ് എന്ന് ചിത്രീകരിക്കാനുള്ള അജണ്ടയ്ക്കൊപ്പം നിൽക്കാൻ കഴിയില്ലെന്ന് ഉണ്ണി ആർ പ്രതികരിച്ചിരുന്നു.  ഇനി ഒരിടത്തും ഈ നാടകം അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഉണ്ണി ആര്‍ ഡിപി െഎക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിപ്പിക്കേണ്ട എന്ന് സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു.


Read More Related Articles