ട്രാൻസ് യുവതീ ഭക്തരെ ശബരിമല കയറാൻ അനുവദിക്കാതെ പൊലീസ്; ‘സ്ത്രീരൂപം മാറ്റണമെന്ന് വാശിപിടിച്ചു’

By on

സ്ത്രീയുടെ രൂപത്തിൽ ശബരിമല കയറാൻ അനുവദിക്കില്ലെന്ന് നിലപാട് എടുത്ത കേരളപൊലീസ് ശബരിമല സന്ദർശനത്തിന് എത്തിയ നാല് ട്രാൻസ്ജെൻഡറുകളെ തടഞ്ഞു. പൊലീസ് തങ്ങളോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ഇവർ പ്രതികരിച്ചു. എരുമേലി ഡവൈഎസ്പി മാനസികമായി പീഡിപ്പിച്ചെന്ന് ഇവർ ആരോപിച്ചു. ക്ഷേത്ര സന്ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോൾ പൊലീസ് വളരെ മോശമായി പെരുമാറിയെന്നും സ്ത്രീരൂപം മാറിയാലേ സുരക്ഷ ഒരുക്കൂ എന്ന നിലപാട് സ്വീകരിച്ചുവെന്നും ഇവർ പറയുന്നു. ആൺരൂപത്തിലേക്ക് മാറണമെന്ന പൊലീസ് വാശിയ്ക്ക് വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിത പൊലീസ് അടക്കം മോശമായി പെരുമാറി എന്നും ഇവർ പറയുന്നു. ജയിലിൽ ആയിരിക്കും എല്ലാവരുടെയും സ്ഥാനമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ”ഇനി ഇങ്ങനത്തെ സാധനങ്ങളെയും കൊണ്ട് ശബരിമലയിൽ കണ്ടുപോവരുതെന്ന് ഡ്രൈവറോട് പറഞ്ഞു”. സുരക്ഷ ആവശ്യപ്പെടാനാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത് എന്നും അനന്യ അലക്സ് എന്ന ട്രാൻസ്വുമൺ എഫ് ബി ലൈവിൽ പറഞ്ഞു. രഞ്ജുമോൾ, അവന്തിക, തൃപ്തി എന്നീ ട്രാൻസ് യുവതികളുമാണ് അനന്യക്കൊപ്പം ഉണ്ടായിരുന്നത്.

ശബരമിലയിൽ കേരള ഹൈക്കോടതി എർ‌പ്പെടുത്തിയിരുന്ന യുവതി വിലക്ക് നീക്കി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന വിധി സെപ്റ്റംബർ 28 നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ചത്. വിധി വന്ന് രണ്ടര മാസങ്ങൾ പിന്നിട്ടിട്ടും ഒരു സ്ത്രീയ്ക്കുപോലും ക്ഷേത്ര സന്ദർശനം നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും പൊലീസിനും കഴിഞ്ഞിട്ടില്ല.

ട്രാൻസ്ജെൻഡറുകളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ പൊലീസ് തടയുന്നു എന്നത് സ്ത്രീപ്രവേശന വിധിയ്ക്ക് മൻപ് തന്നെയുള്ള ആരോപണമാണ്. 2016 ജനുവരിയിൽ ഒരു സംഘം ട്രാൻസ് അയ്യപ്പ ഭക്തർ തങ്ങളെ ക്ഷേത്ര ദർശനം നടത്താൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധമുയർത്തിയിരുന്നു.


Read More Related Articles