യുപിയിലെ അസം​ഗഡിൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ ലാത്തിച്ചാർജ്; കുട്ടികളെ അറസ്റ്റ് ചെയ്തു

By on

ഉത്തർപ്രദേശിലെ അസംഗഡിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ലാത്തി ചാർജും കണ്ണീര്‍ വാതക പ്രയോഗവും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.  ഫെബ്രുവരി നാല് രാത്രി പതിനൊന്നു മണിയോടെ ബിലരിയാഗഞ്ച് പാർക്കിൽ കൂടിച്ചേർന്ന മുന്നൂറോളം പ്രക്ഷോഭകർക്ക് നേരെയായിരുന്നു രാവിലെ നാല് മണിയോടെ പൊലീസ് ആക്രമണമുണ്ടായത്. 144 ലംഘിച്ചു എന്ന കുറ്റം ചുമത്തി പതിനെട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് റ്റൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെയും ചെറിയ ആണ്കുട്ടികളെയും പൊലീസ് ക്രൂരമായി ലാത്തി ചാർജ് ചെയ്തിട്ടുണ്ട് എന്നും വീടുകളിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് റിപ്പോർട്ട് ചെയ്യുന്നു.

400 ലധികം ആളുകൾ ബിലരിയാ​ഗഞ്ചിലെ പ്രതിഷേധത്തിലേക്ക് എത്തിയിരുന്നതായും പുലർച്ചെ ഒരുമണിയോടെ എത്തിയ പൊലീസ് നാലുമണിയോടെ ലാത്തിച്ചാർജ്ജും കണ്ണീർ വാതക ഷെല്ലുകളും പ്രയോ​ഗിച്ചുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദ ക്വിന്‍റ് റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതായും ദൃക്സാക്ഷികൾ പറയുന്നു. കുട്ടികൾക്കും പരിക്കേറ്റു. കൂടുതൽ പ്രതിഷേധക്കാര്‍ പ്രദേശത്തേയ്ക്ക് വരാതിരിക്കാൻ സമര സ്ഥലത്ത് ​ഗ്യാലൻ കണക്കിന് വെള്ളം പൊലീസ് ഒഴിച്ചതായും റിപ്പോർട്ടിലുണ്ട്.


Read More Related Articles