കിളിമാനൂരിൽ ദലിത് കുടുംബത്തെ വീട് കയറി ആക്രമിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാതെ പൊലീസ്; നീതി ലഭിക്കാത്തത് ദലിതരായതുകൊണ്ടെന്ന് ഇരകൾ

By on

ജൂലൈ ഏഴിന് കിളിമാനൂർ മൂർത്തി കാവിൽ മാനസിക ആരോഗ്യ പ്രശ്‌നങ്ങളുളള യുവാവിനെ അടക്കം സ്ത്രീകളും കുട്ടികളും അടക്കമുള്ള ദളിത് കുടുംബത്തെ വീട്ടിൽ കയറി ആറംഗ സംഘം ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടിയെക്കുറിച്ച് വ്യക്തതയില്ലാതെ പൊലീസ്. സംഭവത്തില്‍  പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള എസ് സി എസ് റ്റി അറ്റ്രോസിറ്റീസ് പ്രിവൻഷൻ ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്  മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി നല്‍കുന്ന വിവരം. കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസിന്‍റെ സ്ഥിതിഗതികൾ അന്വേഷിച്ചപ്പോൾ എഫ്ഐആറിലെ വിശദാംശങ്ങൾ പോലും പൊലീസ് വെളിപ്പെടുത്താൻ തയാറായില്ല. കേസില്‍ എഫ് ഐ ആര്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്താന്‍ തയ്യാറായിട്ടില്ല. അക്രമിച്ചവരുടെ പേര് സഹിതം സൂചിപ്പിച്ചാണ്‌ പരാതി നൽകിയതെന്ന് അക്രമിക്കപ്പെട്ട കുടുംബം പറയുന്നു.


കുളി കഴിഞ്ഞ് വരികയായിരുന്ന തംബുരുവിനെ ജൂലൈ ഏഴിന് ആറുപേരടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു. ഇവർ സിപിഐഎം പ്രവർത്തകർ ആണെന്ന് തംബുരുവിന്‍റെ ‘അമ്മ സരസ്വതി പറയുന്നു. ഇതിനു മുമ്പും ഇവിടെയുള്ള യുവാക്കൾ തംബുരുവിനെ ആക്രമിച്ചിട്ടുണ്ട്. അപ്പോഴും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്ന് നടപടിയെടുക്കാം, മകന് ചികിത്സ നൽകണം എന്നും പറയുക മാത്രമാണ് പോലീസ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. സരസ്വതി പറഞ്ഞു. 2,500 രൂപ, ഒരു മൊബൈൽ ഫോൺ, താമസിച്ചുകൊണ്ടിരുന്ന ഷെഡിൽ സൂക്ഷിച്ച വസ്ത്രങ്ങൾ എന്നിവയും അക്രമികൾ നശിപ്പിച്ചു. രണ്ടാം തവണയുണ്ടായ ആക്രമണത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ സരസ്വതിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ല. പരാതി സ്വീകരിച്ചതിന്‍റെ രസീത് പോലും നൽകാൻ തയ്യാറായില്ല.

”അന്വേഷിക്കാം”എന്ന് പറയുക മാത്രം ചെയ്യുകയാണ് ഉണ്ടായത്. സംഭവത്തെക്കുറിച്ച് സരസ്വതി പറയുന്നത് ഇങ്ങനെ ”എന്‍റെ മകനെ അവര്, അഞ്ച് പേരോളം ഉണ്ടായിരുന്നു, അവര് വന്ന് ഉപദ്രവിച്ച്. കുളിക്കാൻ നിന്ന അവനെ ഉപദ്രവിച്ച്. അടികൊണ്ട് അവൻ അവിടന്ന് ഓടി എന്‍റെ വീട്ടില് വരാനായിട്ട് വന്ന്. അവനെ അവിടെ ഇട്ട് അവര് ദേഹോപദ്രവം ചെയ്ത് അടിക്കുകയും ചവിട്ടുകയും ചെയ്തു. അവിടന്ന് അവന്‍റെ അച്ഛൻ അവനേം കൊണ്ട് വരുന്ന വഴി അവൻ അവിടന്ന് ഓടിപ്പോയി. എന്നിട്ട് ഇവര് പിന്നില് വന്ന് ഞങ്ങടെ വീട് കേറി ആക്രമിക്കുകയാണ് ചെയ്തത്. വീട് കയറിയ സമയത്ത് എന്‍റെ മകളെയും പിടിച്ച് തള്ളിയിട്ട്,

രണ്ട് പൊടി കുട്ടികളുണ്ടായിരുന്നു അവരേം തള്ളിയിട്ടുകൊണ്ടാണ് ഇവര് വീടിനകത്ത് കേറി അച്ഛനെ അടിച്ചത്. അച്ഛനെ അടിച്ചതോടെ ഞാൻ ഇവിടന്നങ്ങോട്ട് ചെന്ന്.

അടിക്കല്ലേന്ന് പറയനാണ് ഞാൻ ചെന്നത്. അന്നേരം ആ പയ്യൻമാര് എന്നെ അടിച്ച്. ഞാൻ വീണ് എന്‍റെ കാലിന്‍റെ പാദവും, എന്‍റെ മോൾക്കും എനിക്കും കാണാൻ പറ്റാത്ത ഭാ​ഗങ്ങളിലാണ് ചതവുകൾ പറ്റിയത്.അതിന് ശേഷം അവര് അവൻ കിടന്ന വീടും അവന്‍റെ വസ്ത്രങ്ങളും എല്ലാം അവര് നശിപ്പിച്ചു. ചുട്ടുകളഞ്ഞു”.


പരാതി നൽകാൻ എത്തിയപ്പോൾ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ ചികിത്സ തേടാനാണ് നിർദേശിച്ചത്. ഇവർക്ക് സഹായവുമായി എത്തിയ കിളിമാനൂർ തോപ്പിൽ കോളനിയിലെ ക്വാറി വിരുദ്ധ ജനകീയ സമര മുന്നണി പ്രവർത്തകരുടെ ഇടപെടൽ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമിക്കപ്പെട്ടവരുടെ പരാതി സ്വീകരിച്ചതിന് രസീത് നൽകാൻ പോലീസ് തയ്യാറായില്ല എന്ന് ക്വാറി വിരുദ്ധ സമര സമിതിയുടെ നേതാവ് സേതു പറയുന്നു. ദലിതരായതുകൊണ്ടാണ് പൊലീസിൽ നിന്നും ആശുപത്രിയിൽ നിന്നുമൊക്കെ ആക്രമിക്കപ്പെട്ട് കുടുംബത്തിന് അവ​ഗണ നേരിടേണ്ടി വന്നതെന്ന് സേതു പറയുന്നു.
സരസ്വതിക്ക് വലത് ഉപ്പൂറ്റിയിലും ഇടതു കാലിന്‍റെ തുടയിലും ചതവുണ്ട്. അക്രമികളിൽ ഒരാൾ സരസ്വതിയെ ഒരു പാറയിലേക്ക് തള്ളിയിട്ട് തുടയും പിൻഭാഗവും ഇടിച്ചു വീഴുകയായിരുന്നു.

”ഞാനും കുട്ടികളും പീഡനമേറ്റിട്ട് ഇത്രയും ദിവസങ്ങളായി. ഇതുവരെ ഇവിടെ ആശുപത്രിയിൽ ആരും അന്വേഷണത്തിന് വന്നിട്ടില്ല. എന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല”. സരസ്വതി പറയുന്നു. കാസർഗോഡ് വീട്ട് ജോലി ചെയ്യുകയാണ്  സരസ്വതി.  ”അവധിയെടുത്തു വീട്ടിലേക്ക് വന്നതാണ്. അപ്പോഴാണ് ഇത് സംഭവിച്ചത്”.

പൊലീസിന്‍റെ പ്രതികരണം

കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ തംബുരുവിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതനുസരിച്ചായിരിക്കും നടപടി എന്നുമാണ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മറുപടി നൽകിയത്. സിഐ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. എഫ്ഐആർ വിശദാംശങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ തയ്യാറായില്ല. വെബ്‌സൈറ്റിൽ നോക്കിയാൽ മതി എന്നായിരുന്നു പ്രതികരണം. പൊലീസ് സ്റ്റേഷനിലേക്കു ഫോണിൽ വിളിച്ച് അന്വേഷിച്ചാൽ ഇത്തരം വിശദാംശങ്ങൾ അറിയിക്കാറുണ്ട്, എന്നിട്ടും എന്താണ് വെളിപ്പെടുത്താത്തത് എന്നും ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകിയില്ല. കേസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ എസ് സി എസ് റ്റി അറ്റ്രോസിറ്റീസ് പ്രിവൻഷൻ ആക്റ്റ് പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ കിളിമാനൂരിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി വിദ്യാധരന്‍ പറഞ്ഞത്. കേസിനെ പറ്റി വിശദമായി അന്വേഷിച്ചപ്പോൾ നോക്കിയിട്ട് പറയാം എന്നായിരുന്നു മറുപടി. നിലവിൽ ഈ സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യം അവ്യക്തമായി തുടരുകയാണ്.


Read More Related Articles