‘ഒഡീഷ മോദിയ്ക്ക്’ സമൂഹ മാധ്യമങ്ങളിലെ സാത്വിക പരിവേഷത്തിനപ്പുറം സംശയകരമായ ഭൂതകാലം; ബിബിസി റിപ്പോര്‍ട്ട്

By on

​​ഗ്രഹാം സ്റ്റെയിൻസിനെയും കുട്ടികളെയും കൊലപ്പെടുത്തിയ ബജ്രം​ഗ് ദളിന്‍റെ നേതാവായിരുന്ന പ്രതാപ് ചന്ദ്ര സാരം​ഗി മന്ത്രിയായതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് മാധ്യമമായ ബിബിസിയടക്കം സാരം​ഗിയുടെ ഭൂതകാലത്തെക്കുറിച്ച് സൂചന നൽകുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

മുളകൊണ്ട് നിർമ്മിച്ച കുടിലിൽ നിന്നും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പുറപ്പെടുന്നതടക്കം പ്രതാപ് ചന്ദ്ര സാരം​ഗിയുടെ ദരിദ്ര പശ്ചാത്തലം ആഘോഷിക്കുന്ന ചിത്രങ്ങൾ ഉപയോ​ഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ പുതിയ മന്ത്രിയെ പുകഴ്ത്തുന്ന പോസ്റ്റുകൾ.

ഒഡീഷയിൽ പ്രവർത്തിച്ചിരുന്ന ഓസ്റ്റ്രേലിയൻ ക്രിസ്ത്യൻ മിഷനറി ​ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ് (10), തിമോത്തി (7) എന്നിവരെയും ജീപ്പിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ ബജ്രം​ഗ് ദൾ പ്രവർത്തകർ തീവച്ച് കൊന്ന 1999ൽ ആ സംഘപരിവാർ സംഘടനയുടെ നേതാവായിരുന്നു ഒഡീഷ മോദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതാപ് സാരം​ഗി.

ഗ്രഹാം സ്റ്റെയിൻസിന്‍റെയും മക്കളുടെയും കൊലപാതകത്തിൽ മുഖ്യ പ്രതി ദാരാ സിം​ഗ് അടക്കം 12 ബജ്രം​ഗ് ദൾ പ്രവർത്തകരെ വിചാരണയ്ക്കൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടത്തിയിരുന്നു. എന്നാൽ 2003ൽ തന്നെ മതിയായ തെളിവില്ലെന്ന് ചൂണ്ടാക്കാട്ടി ഒഡീഷ ഹൈക്കോടതി ദാരാ സം​ഗിന്റെ വധശിക്ഷ റദ്ദാക്കി. ജീവപര്യന്തം തടവ് ലഭിച്ച 11 പേരെയും തെളിവില്ലെന്ന് കാട്ടി കോടതി വിട്ടയക്കുകയും ചെയ്തിരുന്നു.

ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ നിരവധി അഭിമുഖങ്ങളില്‍ പ്രതാപ് സാരം​ഗി സംസാരിച്ചിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 2001 ൽ സംഘപരിവാർ സംഘടനകളായ ബജ്രം​ഗ് ദൾ, വിശ്വഹിന്ദു പരിഷത്, ദുർ​ഗാ വാഹിനി എന്നീ സംഘടനകൾ സംയുക്തമായി ഒഡിഷ നിയമസഭാ മന്ദിരം അക്രമിച്ച സംഭവത്തിൽ പ്രതാപ് സാരം​ഗിയ്ക്കെതിരായി അക്രമം, കലാപം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ സ്വത്ത് കേടുവരുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസുണ്ട്.

സാരംഗിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് സാരംഗിയ്ക്കെതിരെ 7 ക്രിമിനല്‍ കേസുകള്‍ ഉണ്ട്. കലാപം, മതത്തിന്‍റെയും ജാതിയുടെയും വംശത്തിന്‍റെയും  പേരില്‍ സമുദായ സ്പര്‍ദ്ധ സൃഷ്ടിക്കല്‍, ബലമായി പണം വാങ്ങല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് കേസുള്ളതായി സാരംഗി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂലങ്ങളും വടികളും അടക്കം സായുധരായ ഹിന്ദുത്വ സംഘടനകൾ 2001 ഡിസംബർ 16 നാണ് ഒഡീഷ നിയമസഭാ മന്ദ്രിം ആക്രമിച്ചത്. അരമണിക്കൂറോളം നീണ്ടു നിന്ന അക്രമത്തിൽ അവർ കണ്ണിൽ കണ്ടതെല്ലാം തകർക്കുകയും എതിരെ വന്നവരെയെല്ലാം മർദ്ദിക്കുകയും ചെയ്തിരുന്നു. ബിജെഡി നേതാവും എംഎൽയുമായ അശോക പാണി​ഗ്രാഹിക്കും നിരവധി മാധ്യപ്രവർത്തകർക്കും സംഘപരിവാർ അക്രമത്തിൽ പരിക്കേറ്റിരുന്നു. ‘ജയ് ശ്രീരാം’, ‘അടൽ ബിഹാരി വാജ്പേയ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു അക്രമം.

പ്രതാപ് സാരം​ഗിയുടെ ലാളിത്യ ജീവിതം ഉയർത്തിക്കാണിച്ചു കൊണ്ടാണ് ബിജെപി അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ പ്രതാപ് സാംര​ഗിയുടെ മന്ത്രിപദ ലബ്ധിയെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത്. സാരം​ഗി സൈക്കിളിൽ യാത്ര ചെയ്യുന്നു, മദ്യവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ‘ഒഡീഷ മോദി’യെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

നിലവില്‍ ബാലസോര്‍ മണ്ഡലത്തില് നിന്നും വിജയിച്ച സാരംഗി ഫിഷറീസ്-കഷീരം, മൃഗ സംരക്ഷണം, ചെറുകിട വ്യവസായം തുടങ്ങിയ വകുപ്പുകളുടെ സബമന്ത്രിയായാണ് ചുമതലയേറ്റിരിക്കുന്നത്.


Read More Related Articles