ശൗചാലയമില്ലാതെ ജനലക്ഷങ്ങൾ; 2019ലെ അലഹാബാദ് കുംഭമേളയ്ക്ക് വേണ്ടി 1,22,000 ടോയ്ലറ്റുകൾ പണിയുമെന്ന് യോ​ഗി ആദിത്യനാഥ്

By on

വേണ്ടത്ര ശൗചാലയമില്ലാത്തതടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ജാപ്പനീസ് എൻസിഫലൈറ്റിസ് ഉൾപ്പടെയുള്ള രോ​ഗങ്ങളാൾ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിക്കുന്ന യുപിയിൽ അലഹാബാദ് കുംഭമേംളയ്ക്ക് വേണ്ടി 1,22,000 ടോയ്ലറ്റുകൾ സ്ഥാപിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കുംഭമേളയിലും സ്വച്ഛ് ഭാരത് സന്ദേശം പ്രചരിപ്പിക്കാനാണ് ഇത് ചെയ്യുന്നത് എന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതുവരെ തൃപ്തികരമാണെന്നും നവംബർ 30 ഓടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന​ഗരമാലിന്യം ശരിയായി നിർമാർജനം ചെയ്യാത്ത, ന​ഗര പ്രാന്ത പ്രദേശങ്ങളിൽ താമസിക്കേണ്ടിവരുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കാണ് മഴക്കാലങ്ങളിൽ ജാപ്പനീസ് എൻസിഫലെെറ്റിസ് രോ​ഗബാധയുണ്ടാകുന്നത്. 2017ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോ​ഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിതരായ കുട്ടികളുടെ എണ്ണം കുത്തനെ കൂടുകയാണ് ചെയ്തത്. ഒരു വർഷത്തിനിടെ 2,000ഓളം കുഞ്ഞുങ്ങളാണ് ഉത്തർപ്രദേശിലെ വിവിധ ആശുപത്രികളിലായി ജാപ്പനീസ് എൻസിഫലെെറ്റിസ് ബാധിച്ച് മരിച്ചത്.

2017 ഓ​ഗസ്റ്റ് 10ന് നൂറോളം കുഞ്‍ഞുങ്ങൾ കൊല്ലപ്പെട്ടത് യോ​ഗി ആദിത്യനാഥ് ​സർക്കാർ ലിക്വിഡ് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്തിരുന്ന പുഷ്പ സെയ്ൽസ് എന്ന കമ്പനിക്ക് ലക്ഷക്കണക്കിന് തുകയടക്കാത്തതുകൊണ്ടാണ്. അന്ന് കൂടുതൽ കുഞ്ഞുങ്ങൾ മരിക്കുന്നത് തടഞ്ഞ ഡോ.കഫീൽ ഖാന് നേരെ ക്രൂരമായ പ്രതികാര നടപടികളാണ് യോ​ഗി ആദിത്യനാഥ് സർക്കാർ തുടരുന്നത്. 2018 സെപ്തംബർ മാസത്തിൽ ബഹ്റെെച്ച് ജില്ലാ ഹോസ്പിറ്റലിൽ 45 ദിവസത്തിനിടെ 71 കുഞ്ഞുങ്ങൾ ജാപ്പനീസ് എൻസഫലെെറ്റിസ് ബാധിച്ച് കൊല്ലപ്പെട്ടിരുന്നു. അജ്ഞാതരോ​ഗബാധ കാരണമാണ് കുഞ്ഞുങ്ങൾ മരിച്ചത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഇക്കാര്യം ആശുപത്രി അധികാരികൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ജാപ്പനീസ് എൻസിഫലെെറ്റിസ് കാരണമാണ് കു‍ഞ്ഞുങ്ങൾ കൊല്ലപ്പെട്ടതെന്ന് പുറംലോകത്തെ അറിയിച്ച ഡോ.കഫീൽ ഖാൻ കഴിഞ്ഞ 22 ദിവസമായി ജയിലിലാണ്.


Read More Related Articles