രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് പ്രസിഡന്റ്: വി. ടി. ബൽറാം

By on

കോൺഗ്രസ് നേതാക്കളെ പരസ്യമായി വിമർശിച്ച് യുവ എംഎൽഎ വിടി ബൽറാം. ശബരിമല വിഷയത്തിൽ ഇതാദ്യമായാണ് ബൽറാം പരസ്യ വിമർശനവുമായി രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ രാഹുൽ ഈശ്വറിനെ പിന്തുണച്ചു കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല എന്നായിരുന്നു അജയ് തറയലിന്റെ പരാമർശം. ഇതിനെതിരെയാണ് ബൽറാം പരസ്യ വിമർശനവുമായി വന്നിരിക്കുന്നത്.

“ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.

ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്.”

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം…

Posted by VT Balram on Friday, October 26, 2018


Read More Related Articles