മുന്നാക്ക സംവരണ ബിൽ രാജ്യസഭയിലും പാസായി

By on

മുന്നാക്ക വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനായുള്ള ബില്‍ രാജ്യസഭയിലും പാസായി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. കോൺഗ്രസ് ബിൽ സെലക്ഷൻ കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് തള്ളുകയായിരുന്നു.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (എം) ഉം ബില്ലിനെ അനുകൂലിച്ചപ്പോള്‍ മുസ്‌ലിം ലീഗ് എതിർത്തിരുന്നു. സിപിഐഎം സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മൂന്നിനെതിരേ 323 വോട്ടുകള്‍ക്ക് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ബില്ലിനെ അനുകൂലിക്കുകയായിരുന്നു.

മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്‌സഭയില്‍ ബില്ലിനെതിരേ വോട്ടുചെയ്തത്. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ വിട്ടു പോയി.

സംസ്ഥാന,കേന്ദ്ര സർവ്വീസുകളിലും, വിദ്യാഭ്യാസ മേഖലയിലും മുന്നോക്ക വിഭാഗങ്ങൾ സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.


Read More Related Articles