മോഹൻലാലിന്‍റെ രണ്ടാമൂഴം, എം. ടി. കോടതിയിൽ; ബി. ആര്‍. ഷെട്ടി കൂടെയുള്ളപ്പോള്‍ ഭയമില്ലെന്ന് സംവിധായകൻ

By on

മോഹൻലാൽ നായകനായി എത്തുമെന്ന് പ്രഖ്യാപിച്ച പ്രശസ്ത നോവൽ രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ടാണ് എം.ടി. കോടതിയെ സമീപിക്കുക. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. ഇത് ലംഘിച്ചതിനാണ് കോടതിയെ സമീപിക്കാനുള്ള നീക്കവുമായി എം.ടി. രംഗത്തെത്തിയത്. മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എം ടി വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്.

എന്നാൽ എം.ടി. കോടതിയെ സമീപിക്കുന്നെന്ന വാർത്തകൾക്ക് മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം നടക്കുമെന്നും എം.ടി.യുമായുള്ള ആശയവിനിമയത്തിൽ കുഴപ്പം കൊണ്ടാണ് ഇപ്പോഴുള്ള വാർത്തകൾ എന്നും നിർമ്മാതാവ് ബി.ആർ. ഷെട്ടി കൂടെയുള്ളപ്പോൾ പ്രൊജക്റ്റ് നടക്കുന്നതിനെക്കുറിച്ച ഭയമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

ശ്രീകുമാർ മേനോന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്

രണ്ടാമൂഴം നടക്കും!

എം. ടി. സാറിനെ പ്രോജക്ടിന്‍റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്‍റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്റ്റിന്‍റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്‍റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്‍റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍  ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്‍റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്‍. ഷെട്ടിയെ പോലൊരു നിര്‍മ്മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല.


Read More Related Articles