പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നപ്പോഴൊക്കെ ആർഷഭാരത കുലസ്ത്രീകൾ എവിടെയായിരുന്നു?-രേഷ്മ നിഷാന്ത് അഭിമുഖം

By on

രേഷ്മ നിഷാന്ത്/മൃദുല ഭവാനി

കണ്ണൂർ ഇരിണാവ് ആണ് എന്റെ വീട്. ശരണം വിളികളുമായി പന്തം കൊളുത്തിക്കൊണ്ടാണ് വന്നത്. വീട് വളഞ്ഞവരിൽ കണ്ടുപരിചയമുള്ള കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലാം പുറത്തുനിന്ന് വന്നവരാണ്. ഈ വിധിക്കെതിരെ പ്രതിഷേധം കത്തിനിൽക്കുന്ന സമയത്താണിത്. വീട്ടുകാരൊക്കെ ഭയങ്കരമായി ടെൻഷനിലായി. അതാണ് ഒരു വിഷമം അല്ലാതെ എനിക്ക് പ്രത്യേകിച്ച് വിഷമമൊന്നും തോന്നുന്നില്ല. വീട്ടുകാർ ഒന്ന് തളർന്നു. സംഭവം നടക്കുന്ന സമയത്ത് ഞാൻ എന്റെ വീട്ടിലായിരുന്നു. അവിടെയൊരു ചെറിയ ചടങ്ങുണ്ടായിരുന്നു, പുത്തരി. അതിന് വേണ്ടി പോയതാണ്. ഞാനവിടെനിന്ന് ഇറങ്ങാൻ ഇവർ കാത്തിരിക്കുകയായിരുന്നു. പൊലീസ് വന്ന് അവരോട് സംസാരിച്ചു. സംസാരിക്കുമ്പോൾ അവരിതാണ് പറയുന്നത് പെണ്ണ് മാലയിട്ടതിന്‍റെ പ്രതിഷേധമാണ് ഒരു പെണ്ണിനെ ഒരിക്കലും മല ചവിട്ടാൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്.

ഞാൻ എന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കാരണം ഞാനൊരു മോബ് വയലൻസ് സൃഷ്ടിക്കാനോ ഒരു വിപ്ലവം എന്നുള്ള നിലയ്ക്കോ അല്ലെങ്കിൽ ഞാനൊരു പോസ്റ്റ് ഇട്ട് വെെറലാക്കാനോ അതിനൊന്നുമല്ല ഞാൻ ശ്രമിച്ചത്. ഞാൻ ചെയ്തത് എല്ലാവരും പാലിക്കുന്ന അതേ ആചാരവിധികളോട് കൂടിയാണ് വ്രതം അനുഷ്ഠിക്കുന്നത്. അതിൽ എടുത്തുചോദിക്കാനുള്ള ഒരു സാധ്യത ആർത്തവം എന്ന വിഷയത്തിലാണ്. അതിലെന്‍റെ വീക്ഷണം എന്താണ് എന്ന് ഞാൻ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അത് പൂർത്തിയാക്കും, കെട്ടുനിറയുണ്ടാകും. അതിന് ശേഷം മല കയറാൻ വേണ്ടിയാണ് ഞാനിത് ചെയ്തത്. മാലയൊക്കെ ഇട്ട് ഇത്രയും ആചാരവിധി പ്രകാരം പോകുന്ന ഒരാളിനെ തടയുന്നത് എങ്ങനെ എന്നുള്ളതാണ് എന്റെ ചോദ്യം. അവർ വിശ്വാസികളാണ് എന്നുണ്ടെങ്കിൽ ഇത്രയും വ്രതത്തോട് കൂടി വരുന്ന ഒരാളെ തടയാൻ അവരുടെ സാമാന്യ ബോധം സമ്മതിക്കരുതല്ലോ. വ്രതമെടുത്ത് വന്ന,അയ്യപ്പനാകട്ടെ മാളികപ്പുറമാകട്ടെ, ഇത്രയും വ്രതശുദ്ധിയോട് കൂടി വരുന്ന ഒരാളെ തടയാനുള്ള സാമാന്യ യുക്തി, സാമാന്യ ബോധം അവർക്കുണ്ടാകണ്ടേ?

ഞാൻ തനിച്ചല്ല. ഒരിക്കലും ഞാൻ തനിച്ചല്ല. എന്റെ കൂടെ വേറെയും സ്ത്രീകളുണ്ട്. വരുന്ന ദിവസങ്ങളിൽ നിങ്ങളതറിയുകയും ചെയ്യും. രേഷ്മ നിഷാന്ത് എന്ന വ്യക്തി ആദ്യമായി അക്കാര്യം ഫെയ്സ്ബുക്കിൽ പറഞ്ഞു എന്നേ ഉള്ളൂ. അത് രേഷ്മ നിഷാന്തിന് വിശ്വാസത്തിന്‍റെ ബാക്​ഗ്രൗണ്ട് ഉണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ടാണ്. ഞാനൊരു വിശ്വാസിയാണ്. ഇതുപോലെ തന്നെ വ്രതമെടുത്ത് ശബരിമല ചവിട്ടാൻ കാത്തുനിൽക്കുന്ന പെണ്ണുങ്ങൾ വേറെയുമുണ്ട്. അവരെന്തായാലും മറനീക്കി പുറത്തുവരിക തന്നെ ചെയ്യും.

ശബരിമല സംരക്ഷണ യാത്ര എന്ന പേരിൽ തെരുവിലിറങ്ങിയവരോട് ഇന്നലെ അർച്ചന പദ്മിനി പറഞ്ഞ അതേ കാര്യമേ എനിക്കും പറയാനുള്ളൂ. ഈ ഊളകളുടെയൊക്കെ പിന്നാലെ പോയിട്ട് നമുക്ക് പ്രത്യേകിച്ച് കാര്യമില്ല. അവരെന്താണ് എന്നതിനെ പറ്റി ബോധ്യം അവർക്കില്ലാത്തതുകൊണ്ടാണ് അവർക്കിങ്ങനെ തെരുവുയുദ്ധം നടത്തേണ്ടിവരുന്നത്. അല്ലെങ്കിൽ ഞാൻ അശുദ്ധയാണ് എന്നെ പ്രവേശിപ്പിക്കരുത് എന്നു പറഞ്ഞ് തെരുവിലേക്കിറങ്ങേണ്ട കാര്യം വരുന്നില്ല. പിന്നെ അത് മാത്രമല്ല ഇത്തരം ഒരു തെരുവുയുദ്ധം കേരളം കാണുന്നത് ആദ്യമായിട്ടാണ്. ഇതുപോലെയുള്ള സമരങ്ങൾ നടത്തേണ്ട ഒട്ടനവധി അവസ്ഥകൾ കേരളത്തിലുണ്ടായിട്ടും ഇതുവരെയും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എത്രയെത്ര സ്ത്രീകളെ, പെൺകുഞ്ഞുങ്ങളെ വളരെ പെെശാചികമായ രീതിയിൽ പീഡിപ്പിക്കുകയും കൊല്ലപ്പെടുകയും ഈ പറയുന്ന ആർഷഭാരത കുലസ്ത്രീകളിൽ ഒരെണ്ണം പോലും വെളിയിലിറങ്ങി വന്നിട്ടില്ല. പ്രതികരിക്കേണ്ടുന്ന അവസ്ഥകളിൽ പ്രതികരിക്കാതെ ഇങ്ങനെ ഞങ്ങൾക്ക് അശുദ്ധിയാണ് ഞങ്ങൾ ഒന്നിനും കൊള്ളാത്തവരാണ് എന്ന് പറയുന്ന ഊളകൾക്കെതിരെ പ്രതികരിക്കാൻ എന്തായാലും ഞാനില്ല. ഞാൻ മാത്രമല്ല അത്യാവശ്യം തലയ്ക്കകത്ത് ആൾത്താമസമുള്ള ഒരു പെണ്ണും തയ്യാറാകുന്നില്ല. അതത്രയേ ഉള്ളൂ അങ്ങനെ കാണേണ്ട കാര്യമേയുള്ളൂ.


Read More Related Articles