ശബരിമല യുവതിപ്രവേശനം;  സംസ്ഥാനത്താകെ സംഘപരിവാർ ആക്രമണം , മാധ്യമ പ്രവർത്തകരെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്തു, നാളെ ഹർത്താലിന് ആഹ്വാനം

By on

ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്താകെ ബി.ജെ.പി, ആർ. എസ്. എസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പലയിടങ്ങളിലും പ്രതിഷേധം അക്രമമായി മാറുകയും സംഘർഷം സൃഷ്ടിക്കപ്പെടുകയുമുണ്ടായി.

തിരുവനന്തപുരം ജില്ലയിലെ പ്രധാന പാതകളിൽ പൂർണ്ണമായും ഗതാഗതം സ്തംഭിച്ചു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. തൃശൂർ വടക്കാഞ്ചേരിയിലും അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. പ്രദേശത്തെ കടകളെല്ലാം പ്രവർത്തകർ അടപ്പിക്കുകയാണ്. ക്ലിഫ് ഹൗസിന് മുന്നിലും ശബരിമല കർമസമിതിയുടെ പ്രതിഷേധമുണ്ട്. തൃശ്ശൂരിൽ ബസ് സർവീസ് ഭാഗികമായി നിർത്തി.

ആലപ്പുഴ മാവേലിക്കരയിലും ബിജെപി പ്രവർത്തകർ കടകൾ അടപ്പിക്കുകയും ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. മാവേലിക്കരയിൽ ഭിന്നശേഷിക്കാരുടെ കടയടപ്പിച്ചത് സംഘർഷം സൃഷ്ടിച്ചു.

സെക്രട്ടറിയേറ്റിന് മുന്‍പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. മീഡിയവണ്‍ ക്യാമറാമാന്‍ രാജേഷ് വടകരയ്ക്ക് നേരെ കയ്യേറ്റമുണ്ടായി. കൈരളി ടിവിയുടെ മൈക്ക് അടിച്ചുപൊട്ടിച്ചു. കൊല്ലത്ത് മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി സനലിനെ കയ്യേറ്റം ചെയ്തു.
പമ്പയിലും ശക്തമായ പ്രതിഷേധ പ്രകടന കടങ്ങൾ നടക്കുന്നു. പലയിടത്തും പ്രതിഷേധം അക്രമമായി മാറുകയാണ്.

തിരുവനന്തപുരത്ത്,വനിത മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിനകത്ത് അതിക്രമിച്ച് കയറി മുഖ്യമന്ത്രിക്കെതിിരെ പ്രഖോപനപരമായ മുദ്രവാക്യങ്ങൾ ഉയർത്തിയത് വലിയ സംഘർഷം സൃഷ്ടിച്ചിരുന്നു. കോഴിക്കോട് കലക്ട്രേറ്റിലും വനിതാ മോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കൊച്ചിയിലും തൃശ്ശൂരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധവും നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ നിർബന്ധിച്ച് കടകൾ അടപ്പിയ്ക്കുക്കുന്നതായും പരാതികളുണ്ട്.

ശബരിമലയിലെ യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശബരിമല കര്‍മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് നിലവില്‍ ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല, ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. നാളത്തെ ഹർത്താലിൽ സഹകരിക്കില്ലായെന്ന് വ്യാപാരി വ്യവസായി സംഘം അറിയിച്ചിട്ടുണ്ട്.

 

 


Read More Related Articles