കേരളവർമ്മ കോളേജിൽ കാഴ്ച്ചശക്തി കുറവുള്ള വിദ്യാർത്ഥിയെ അടക്കം എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി ആരോപണം; കായിക വിദ്യാർത്ഥികളെ നിരന്തരമായി മർദ്ദിക്കുന്നുവെന്ന് വിഭാഗം മേധാവി

By on

തൃശ്ശൂർ കേരളവർമ്മ കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ മലയാളം വിഭാഗത്തിലെ കാഴ്ചശേഷി കുറവുള്ള വിദ്യാർത്ഥിയെ അടക്കം കഴിഞ്ഞ ദിവസം ക്രൂരമായി മർദ്ദിച്ചതായി പരാതി. ക്യാംപസിൽ കുറച്ച് ദിവസങ്ങളായി കായിക വിഭാഗം വിദ്യാർത്ഥികളും എസ് എഫ് ഐ പ്രവർത്തകരും തമ്മിലുള്ള സംഘർഷങ്ങളുടെ തുടർച്ചയായാണ് കാഴ്ച്ചശേഷി കുറവുള്ള ജിതിൻ കെ, ഷക്കീബ് ഷാ എന്നിവർക്ക് മർദ്ദനം ഏറ്റത്. ക്യാംപസിലെ മലയാളം വിഭാഗം വിദ്യാർത്ഥികളുടെ വിനോദയാത്രയിൽ കായിക വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ് എഫ് ഐ പ്രവർത്തകർ വിദ്യാർത്ഥികളെ മർദ്ദിച്ചത് എന്നാണ് ആരോപണം. ഇവരുടെ എതിർപ്പിനെ തുടർന്ന് വിനോദയാത്രയിൽ കായിക വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ ഒഴിവാക്കിയിരുന്നു. എന്നാൽ സംഭവം കേരളവർമ്മയിലെ എസ് എഫ് ഐ പ്രവർത്തകർ നിഷേധിച്ചു. മർദ്ദനമേറ്റ ഷക്കീബ് ഷാ ഫേസ് ബുക്കിൽ എഴുതിയ പോസ്റ്റിലുടെയാണ് സംഭവം പുറത്തറിഞ്ഞത്. കേരള വർമ്മയിൽ തുടർച്ചയായി കായിക വിഭാഗം വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ക്യാംപസിലെ കായിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ കായിക വിഭാഗം മേധാവി കീബോർഡ് ജേർണലിനോട് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് കായിക വിഭാഗം വിദ്യാർത്ഥികളും എസ് എഫ് ഐ യും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. ക്യാംപസിൽ നടന്ന ഒരു പൊതു പരിപാടിക്കിടയിൽ ഇരു വിഭാഗക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ കായിക വിഭാഗത്തിലെ മൂന്ന് വിദ്യാർത്ഥികളും എസ് എഫ് ഐ പ്രവർത്തകരായിട്ടുള്ള മൂന്ന് വിദ്യാർത്ഥികളും അറസ്റ്റിലായിരുന്നു. ഇതിൽ കായിക വിഭാഗത്തിലെ ഒരു വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയും 14 ദിവസം വീതം റിമാന്റിലാവുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ക്യാംപസിൽ ഇരു വിഭാഗക്കാരും തമ്മിൽ തുടർച്ചയായ വാക്ക് തർക്കവും ചെറിയ രീതിയിലുള്ള സംഘർഷവും നടന്നിരുന്നു.

മലയാളം വിഭാഗത്തിന്റെ വിനോദയാത്രയിൽ ഒക്ടോബറിൽ നടന്ന സംഘർഷത്തിൽ ഉൾപ്പെട്ട കായിക വിഭാഗത്തിലെ മൂന്ന് കുട്ടികളായ ദിനേഷ്, ജിതിൻ കുമാർ, അമൽജിത്ത് എന്നിവരെ പോകാൻ അനുവദിക്കില്ലായെന്ന് എസ് എഫ് ഐ പ്രവർത്തകർ തീരുമാനിച്ചു. ഇത് മലയാളം വിഭാഗത്തിലെ മറ്റു കുട്ടികൾ എതിർത്തുവെങ്കിലും എസ് എഫ് ഐ പ്രവർത്തകർ അവരെ പോകാൻ അനുവദിച്ചില്ല.

ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും ഷക്കീബ് ഷായും, കാഴ്ചശേഷി കുറവുള്ള വിദ്യാർത്ഥിയായ ജിതിൻ കെ യും ഇരുവരുടെയും ബാഗുകളുമായി വിനോദ യാത്രയ്ക്കായി പുറപ്പെടുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. കേരളവർമ്മയിലെ പൂർവ്വകാല വിദ്യാർത്ഥിയും എസ് എഫ് ഐ യുടെ ജില്ലാതല നേതാവുമായ അനൂപ് മോഹൻ ഇവരോട് കായിക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ബാഗുകൾ ഇവിടെന്ന് കൊണ്ടുപോകാൻ പറ്റില്ലായെന്ന് ആക്രോശിക്കുകയും, തങ്ങളുടെ ബാഗുകളാണെന്ന് അറിയിച്ചെങ്കിലും അത് വിശ്വാസത്തിലെടുക്കാതെയാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി ഷക്കീബ് ഷാ കീബോർഡ് ജേർണലിനോട് പറഞ്ഞു. പൂർവ്വകാല വിദ്യാർത്ഥികളടക്കം 50 പേർ ചേർന്നാണ് ഇരുവരെയും മർദ്ദിച്ചത്. പട്ടികയും ഇരുമ്പ് കമ്പിയും എസ് എഫ് ഐ പ്രവർത്തകരുടെ പക്കൽ ഉണ്ടായിരുന്നതായും മർദ്ദനമേറ്റ ഷക്കീബ് പറയുന്നു.

തുടർന്ന് മലയാളം വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കായിക വിഭാഗം കുട്ടികളെ മൂന്നു പേരെയും വിനോദയാത്രയ്ക്ക് കൊണ്ടു പോകണ്ടയെന്ന് തീരുമാനമുണ്ടായതിന് ശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പിരിഞ്ഞ് പോയത്.

കായിക വിഭാഗത്തിലെ കുട്ടികളെ വിനോദയാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിലും, നിരന്തരമായി കായിക വിഭാഗം വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കുന്നതിലും പ്രതിേഷേധിച്ചുകൊണ്ട് കേരളവർമ്മയിൽ ഇനി നടക്കുന്ന സ്പോർട്സ് ആക്ടിവിറ്റികളിൽ നിന്നും കായിക വിഭാഗം വിട്ടു നിൽക്കുമെന്ന് കായിക വിഭാഗം മേധാവി നാരയണ മേനോൻ കീബോർഡ് ജേർണലിനോട് വ്യക്തമാക്കി. എൽത്തുരുത്തിയിലെ സെന്റ് അലോഷ്യസ് കോളേജിൽ നടക്കുന്ന ചവറ ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ നിന്നും കേരള വർമ്മ പിന്മാറിയതായും അറിയിച്ചു.

ഷക്കീബ് ഷായുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത് പോലുള്ള സംഘർഷം ക്യാംപസിൽ നടന്നിട്ടില്ലായെന്നാണ് എസ് എഫ് ഐ പ്രവർത്തകർ കീബോർഡ് ജേർണലിനോട് പ്രതികരിച്ചത്. ഒക്ടോബറിൽ നടന്ന സംഘർഷത്തെ തുടർന്ന് അച്ചടക്ക നടപടി സ്വീകരിച്ച വിദ്യാർത്ഥികളെ കോളേജ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തടയുകയായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിരവധി തവണ ഈ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് എസ് എഫ് ഐ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.


Read More Related Articles