‘സക്കരിയ സത്യം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്, നമ്മള്‍ കേള്‍ക്കുന്നേയില്ലെങ്കിലും’

By on

Opinion Shabeeb P Mampaad

”സുഡാനി ഫ്രം നൈജീരിയ‌യിലെ ബിയ്യുമ്മ‌ സാമുവേലിനെ യാത്ര‌യാക്കാന്‍ നേരം ത‌ന്‍റെ മ‌ക‌ന്‍ ദുബായില്‍ നിന്നും കൊടുത്ത‌യച്ച‌ വാച്ച് കാത്തിരിക്കുന്ന‌ സീനുണ്ട്. എന്നാല്‍ അങ്ങ‌നെ ഒരാള്‍ ദുബായിയില്‍ ഇല്ല‌ എന്ന് സുഹൃത്തുക്ക‌ളുടെ സംഭാഷ‌ണ‌ത്തില്‍ നിന്നും വ്യ‌ക്ത‌മാണ്. വാച്ചുമായി വ‌രുന്ന‌യാളോട് ക്യാഷ് ഞാന്‍ പിന്നെത്ത‌രാം എന്നാണ് മ‌ജീദ് പ‌റ‌യുന്ന‌ത്. അപ്പോള്‍ അയാള്‍ എവിടെയാണ്? എന്ത് ചെയ്യുന്നു? ക‌ഴിഞ്ഞ‌ പ‌ത്ത് വ‌ര്‍ഷ‌മായി വിചാര‌ണ‌ ത‌ട‌വുകാര‌നായി ജ‌യിലില്‍ ക‌ഴിയുന്ന‌ പ‌ര‌പ്പ‌ന‌ങ്ങാടി സ‌ക്ക‌രിയ്യ‌യുടെ ഉമ്മ‌യുടെ പേരു‍ം ബിയ്യുമ്മ‌ എന്നാണ്. ഒരുവേള ക്രൈം ബ്രാഞ്ചുകാരെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും തന്റെ മകന്റെ നിത്യജീവിതത്തെക്കുറിച്ച് നിശ്ചയമില്ലാത്തയാളാണ് ബിയ്യുമ്മ. ഓരോ തവണ ഈ സീനുകൾ കാണുമ്പോഴും ഓർമ്മയിലെത്തുക പരപ്പനങ്ങാടി സക്കരിയയാണ്” (അർശക് വാഴക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്).

സക്കരിയയെ ബം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തിട്ട് പത്തു വർഷം തികയുന്നു. 2009 ഫെബ്രുവരി അഞ്ചിന് ആണ് ബം​ഗളൂരു പോലീസ് കൊണ്ടോട്ടിയിലെ കടയിൽ നിന്നും ഒരു നിയമ നിയന്ത്രണങ്ങളും പാലിക്കാതെ സകരിയയെ അറസ്റ്റ് ചെയ്യുന്നത്. രണ്ടു തവണയാണ് സക്കരിയക്ക് പിന്നെ വീട് കാണാനായത്. സഹോദരന്‍റെ കല്യാണത്തിനും പിന്നീട് അതേ സഹോദരൻ വിദേശത്തു വെച്ച് മരണപ്പെട്ടപ്പോഴും.

കൊണ്ടോട്ടിയിലെ ഇലക്ട്രിക് ഷോപ്പിൽ കയറി സക്കറിയയുടെ ജീവിതത്തിന് തന്നെ ഷട്ടറിടുകയാണ് പോലീസും ഭരണകൂടവും ചെയ്തത്. അതിന്റെ ഭയാനകത മനസ്സിലാകണമെങ്കിൽ ബിയുമ്മയുടെ വാക്കുകൾക്ക് ചെവിയോർത്താൽ മതി. സക്കരിയയും ബിയുമ്മയും കടന്നു വരുന്ന  ആലോചനകളിൽ പ്രധാനം മുസ്ലിം സ്വത്വവും നിലനിൽക്കുന്ന അധികാരരൂപങ്ങൾ അവയുമായി എങ്ങനെയൊക്കെ ഇടപെടുന്നു എന്ന അന്വേഷണം  തന്നെയാണ്. അതിനൊപ്പം തന്നെ വർഷങ്ങൾ കണക്കാക്കിയുള്ള ഓർമകളും എഴുത്തുകളും (‌ഈ എഴുതുപോലും അതിന്റെ ഭാഗം ആണ്) നൈതിക ഉത്തരവാദിത്വങ്ങൾ നിർവേറ്റുന്നതിൽ നാം എത്ര അലസരാണെന്നു കൂടി കാണിക്കുന്നുണ്ട്.
സക്കരിയ പ്രശ്നത്തിലേക്ക് പൊതുശ്രദ്ധ ആകർഷിക്കുന്നതിൽ ശ്രമങ്ങളിൽ ഒന്നായിരുന്നു ഹാശിർ കെ മുഹമ്മദ് സംവിധാനം ചെയ്ത A documentary about disappearance. അതിലും സംവിധായകൻ പിന്നീടും ഉന്നയിച്ച രണ്ടു പ്രധാന കാര്യങ്ങൾ ശ്രദ്ധേയമാണ്. അതിലൊന്ന് സമാനമായ സംഭവങ്ങളിൽ (മുസ്ലിം വേട്ടകൾ, അകാരണമായ അറസ്റ്റുകൾ തുടങ്ങിയവ) എപ്പോഴാണ് നിലപാട് സ്വീകരിക്കേണ്ടത് എന്ന ചോദ്യമാണ്. അതായത് ഒരാൾ അറസ്റ്റു ചെയ്യപ്പെടുമ്പോഴോ അതോ നിരപരാധിത്വം തെളിയിക്കപ്പെടുമ്പോഴാണോ?. സക്കരിയ വിഷയവുമായി ബന്ധപ്പെട്ടു തന്നെ ശക്‌തമായ നിലപാട് സ്വീകരിക്കാനും ഭരണകൂടത്തിന്റെ രൂക്ഷമായ ഹിംസകളെ തുറന്നുകാട്ടുന്നതിലും കനത്ത വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല.

ഒരു പത്തൊമ്പത് വയസ്സുകാരൻ ഒരല്‍പ്പം പോലും സംശയത്തിന് ഇടയില്ലാത്ത പശ്ചാത്തലത്തിൽ അറസ്റ്റിലാവുന്നു. അയാൾ അനേകം വർഷങ്ങൾ അനിശ്ചിതത്വത്തിന്‍റെ ഇരുളിൽ കഴിയേണ്ടി വരുന്നു. കുറ്റകൃത്യവും തെളിവും പ്രതിയും എല്ലാം സക്കരിയ തന്നെ ആയി മാറുന്നത്ര അപകടകരമാണ് കാര്യം. ഇത്തരമൊരു ഭീതിതമായ സാഹചര്യം സന്നിഹിതമായിതീത്തീരുന്നതിന്‍റെ വംശാവലികൾ കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു അന്വേഷണം നമ്മെയെത്തിക്കുന്നത് മുസ്ലിമിനെ കുറിച്ചുള്ള നിർമിതമായ ധാരണകൾ, മുസ്ലിമിനെക്കൊണ്ടുണ്ടാകുന്ന സാധ്യതകൾ, മുസ്ലിമിനെ ഉപയോഗിക്കുന്നതിലുള്ള സൗകര്യങ്ങൾ, മുസ്ലിം പ്രശ്നങ്ങൾ ഉന്നയിക്കൊമ്പോഴുണ്ടാകുന്ന അസ്വാഭാവികതകൾ എന്നിവയിലേക്കു തന്നെയാണ്.

ഹാശിർ പറയുന്നത് സ്റ്റേറ്റ് സ്റ്റോറികളെ അവിശ്വസിക്കാൻ ധൈര്യം കാണിച്ച ഹീറോയെ കുറിച്ചാണ് പ്രധാനമായും സിനിമ സംസാരിക്കുന്നതെന്നാണ്. അതായത് ഭരണകൂടത്തിന്റെ നുണകൾ പൗരന്റെ ജീവിതത്തെ എത്രമേൽ ഭയങ്കരമായി, എത്ര എളുപ്പത്തിൽ  അനിശ്ചിതത്തിലേക് തള്ളിവിടുന്നുണ്ട് എന്നു നമുക്ക് ബോധ്യമുള്ളതാണ്. അത്തരം പശ്ചാത്തലത്തിൽ സ്വന്തം അനുഭവവും ബോധ്യങ്ങളും മുൻനിർത്തി നിലപാടെടുക്കാൻ ആരൊക്കെ ധൈര്യം കാണിക്കും എന്നതാണ് ചോദ്യം.അത്തരത്തിൽ നിലപാട് എടുത്ത സക്കരിയയുടെ അടുത്ത സുഹൃത്തുക്കളും ഉമ്മ പോലും ആവിശ്വസിക്കപ്പെടുകയാണ് പ്രാഥമിക ഘട്ടത്തിൽ ഉണ്ടായത്.

മുസ്ലിം എന്ന സ്വത്വത്തിൽ  സക്കരിയ ഇരുതലമൂർച്ചയിൽ ഭേദ്യം ചെയ്യപ്പെടുന്നുണ്ട്. ഒരു ഭാഗത്ത് ആ പേരിന്റെ മാത്രം ആനുകൂല്യത്തിൽ ഭരണകൂടം തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും അനിശ്ചിതത്വവും സമ്മർദ്ദവും കൊണ്ട് മാരകമായി പ്രഹരിക്കുകയും ചെയ്യുന്നു. മറുവശത്ത് അതേ പേരിന്‍റെ പേരിൽ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തത്തിൽ പൊതുയിടത്തിൽ നിന്ന് അതി നിസാരമായി അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു. സക്കറിയയുടെ, അതുപോലെ അകാരണമായി ജയിലിലകപ്പെട്ട മുസ്ലിം ചെറുപ്പക്കാരുടെ മോചനം എന്തുകൊണ്ടാണ് ഗൗരവതരമായ പ്രശ്നം ആയി പരിഗണിക്കപ്പെടാതിരിക്കുന്നത്?മുസ്ലിമിനെ ബന്ധിക്കുന്ന പ്രശ്നങ്ങളിൽ കേരളത്തിന്‍റെ സാംസ്കാരിക  പൊതു മണ്ഡലത്തിൽ ഇത് വളരെ സാധാരണമായ കാഴ്ചയാണ് താനും.

നിലനിൽക്കുന്ന വ്യവസ്ഥിതികളിൽ സ്വസ്ഥമായ ജീവിതം ഒരു അസാധ്യതതയായി തോന്നിത്തുടങ്ങുന്നതിൽ ഒരു ആദ്‌ഭുതവും ഇല്ല. ബീയുമ്മ  പറഞ്ഞുകൊണ്ടേയിരിക്കുന്നത് പ്രാർത്ഥനയെക്കുറിച്ചും മഹ്ശറ (പരലോകം) യെയും കുറിച്ചാണ്. നീതി പുലരുന്ന മറ്റൊരു ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ഒരു നുണ കൊണ്ട് ജയിൽ മോചനം സാധ്യത ഉണ്ടാകുമ്പോഴും തനിക്ക് നുണ പറയാൻ ഒക്കില്ലെന്നും സമുദായത്തെ ഒറ്റിക്കൊടുക്കാൻ പറ്റില്ലെന്നുമാണ് സക്കരിയ പറയുന്നത്. നുണകൾ ഭരിക്കുന്ന, നുണകളാൽ വലയം ചെയ്യപ്പെട്ട വ്യവസ്ഥിതിയിൽ സത്യം പറഞ്ഞുകൊണ്ടിരിക്കുകയാണ് സകരിയ. നമ്മളത് കേൾക്കുന്നില്ലെങ്കിൽ പോലും.


Read More Related Articles