”അയാളുടെ ചങ്കിൽ സ്വാതന്ത്ര്യം എങ്ങോട്ടും ഒഴുകാനാവാതെ തളംകെട്ടി നിൽക്കുകയാണ്!” ഇംഫാല്‍ റ്റോക്കീസിനെപ്പറ്റി ഷഹബാസ് അമന്‍

By on

മാർച്ച് 18 ന് കൊടുങ്ങല്ലൂരിൽ കോട്ടപ്പുറം കായൽ തീരത്ത് മണിപ്പൂരി റോക്ക് ബാൻഡ് ഇംഫാൽ റ്റോക്കീസ് നടത്തിയ സം​ഗീത പരിപാടിയെക്കുറിച്ച് ​പ്രസിദ്ധ ഗായകനും സം​ഗീത സംവിധായകനുമായ ഷഹബാസ് അമൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. ഇംഫാൽ റ്റോക്കീസിന്റെ പാട്ടുകളുടെ ആഴമറിഞ്ഞ കുറിപ്പായിരുന്നു ഷഹബാസ് അമൻ തന്റെ ഫെയ്സ്ബുക് അക്കൗണ്ടിലൂടെ പങ്ക് വച്ചത്. ഷഹബാസ് അമന്റെ കുറിപ്പ് വായിക്കാം.

”മണിപ്പൂരിന്റെ മാത്രമായ പ്രതിരോധ രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി‌ കേട്ടു നോക്കുകയാണെങ്കിൽ അഖു ചിങാങ്ബം എന്ന പാട്ടെഴുത്തു ഗായകൻ ബോബ് മാർലേക്കും പീറ്റർ ടോഷിനും ഒപ്പം നിന്നാണ് പാടുന്നത് ! നായകത്വം കൊണ്ടല്ല! വ്യസനം കൊണ്ട്‌!അയാളുടെ ചങ്കിൽ സ്വാതന്ത്ര്യം എങ്ങോട്ടും ഒഴുകാനാവാതെ തളംകെട്ടി നിൽക്കുകയാണ്! എത്ര തീപ്പൊരിയാണെന്ന് പറഞ്ഞാലും സങ്കടത്തിന്റെ ഫ്രീക്വൻസി എല്ലാറ്റിന്റെയും മുകളിൽ ചെന്ന് നിൽക്കും! ഒരു ലല്ലബി പാടുമ്പോൾ പോലും തങ്ങളുടെ ദുരവസ്ഥയോർത്ത്‌ കരയേണ്ടി വരുന്ന ഗായകർ ജീവിതത്തിന്റെ വേറെ ലെവലിലാണു നിൽക്കുന്നത്‌‌ ‌! നന്നായുറങ്ങാൻ നല്ലതാരാട്ടുപാട്ടുകൾ നല്ലനീലാംബരിയിൽ നന്നേനേരത്തെ സെറ്റ്‌ ചെയ്ത്‌ വെച്ചിട്ടുള്ള നമുക്ക്‌ അവരുടെ സ്ട്ര​ഗിളുകൾ ഒരിക്കലും മനസ്സിലാവുകയില്ല! പ്രേമഗാനങ്ങളുടെ തേൻകുണ്ടിൽ അങ്ങനേ വീണുകിടക്കുന്ന നമ്മൾക്ക്‌‌ പ്രശ്ന ഭരിത ഗാനങ്ങളിലേക്ക്‌‌ ചെവി നൽകാൻ ഒട്ടും നേരമില്ലാത്തത് സ്വാഭാവികം . മാത്രമല്ല, അങ്ങനെയൊന്ന്‌ ആവശ്യമുണ്ടോ എന്ന് പോലും ചിന്തിക്കുന്നവരാണു നമ്മൾ! സംഗീതത്തിൽ പൊളിറ്റിക്കൽ സിങ്ങിംഗ്‌ എന്ന ഒരു ഷോണറിന് യാതൊരു യുക്തിയുമില്ലെന്നുവരെ ഒരു വേള നാം പ്രസ്താവിച്ചേക്കാം! തീർച്ചയായും ഇതെഴുതുന്നയാൾ ഒരു പ്രേമ ഗായകനാണെന്നതിൽ സംശയം വേണ്ട! അതിനിയും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും! പക്ഷേ, കേരളത്തിൽ ഒരു മാസ്‌ പൊളിറ്റിക്കൽ സിങ്ങർ എന്നെങ്കിലും ഉണ്ടാകണേ എന്ന് ആത്മാർഥമായി ആഗ്രഹിച്ചിട്ടുള്ള ഒരാളും കൂടിയാണ്! ഊരാളിയുടെയൊക്കെ വരവിൽ സന്തോഷം നല്ല പോലെ അനുഭവിച്ചിട്ടുണ്ട്‌!നമുക്ക്‌ എല്ലാ തരം മ്യൂസിക്കും വേണം. എല്ലാ തരം ഗായകരും വേണം. മോണോപൊളി വേണ്ടേ വേണ്ട.

നോക്കൂ..ഇംഫാൽ ടാക്കീസിനെയൊക്കെ പേടിക്കാൻ സാമാന്യത്തിൽ കവിഞ്ഞ ‘ബുദ്ധി’ വേണം! കോർപ്പറേറ്റുകൾക്ക് അത് എക്കാലത്തും ഉണ്ടായിരുന്നു ! പക്ഷേ നിരോധിക്കാൻ പേടിയല്ലാത്ത വേറൊരു കാരണവും നോക്കണ്ട!ഇൻഫാൽ ടാക്കീസ് എന്ന മ്യൂസിക് ബാൻഡ് അതൊക്കെ നേരിട്ടുകൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത് എന്ന് തോന്നുന്നു.
വാർത്തയനുസരിച്ച്‌, അവർ ഇന്നലെ കൊടുങ്ങല്ലൂരിൽ വന്ന് പാടിയിട്ടുണ്ട്‌ ! കോട്ടപ്പുറം കായൽതീരത്തെ ആംഫീ തിയറ്ററിൽ ‌! ദക്ഷിണേന്ത്യയിൽ തന്നെ ചിലപ്പോൾ ആദ്യമായിട്ടായിരിക്കണം അവർ പാടുന്നത്.അറിയില്ല! ഏതായാലും പൊളിറ്റിക്കൽ സിങ്ങേഴ്സിനു പാടാൻ നല്ല ഇടം കിട്ടുക എന്നത്‌‌ ചെറിയ കാര്യമല്ല. വിവരമറിഞ്ഞ്‌‌ ഒരു കണക്കിൽ അൽഭുതപ്പെട്ടു! വൈകി അറിഞ്ഞതിനാൽ എത്തിപ്പെടാനും കഴിഞ്ഞില്ല.സാധിക്കുന്നവരെല്ലാം പോകേണ്ടതായിരുന്നു എന്ന് അവരുടെ പാട്ടുകൾ തിരഞ്ഞുപിടിച്ച്‌ കേൾക്കുമ്പോൾ നിസ്സംശയം ബോധ്യപ്പെടുന്നു! വ്യക്തിപരമായി ഒരു കാര്യം ഉറപ്പാണു, കൊടുങ്ങല്ലൂരായത്‌ കൊണ്ട്‌, ഏറ്റവും മുന്നിലിരുന്ന് അവരെ ഏറ്റവും നന്നായി കേട്ടിട്ടുണ്ടാവുക ടീയെൻ ജോയ്‌ ആയിരിക്കും! ജോയ്,‌ നജ്മൽ ബാബു ആയതിനു ശേഷം കൊടുങ്ങല്ലൂർ കേട്ട ആദ്യത്തെ പൊളിറ്റിക്കൽ ബ്ലൂസും‌ ഒരു പക്ഷേ ഇതായിരിക്കും!കൊടുങ്ങല്ലൂരിനും മുൻപ്‌ ഫോർട്ട്‌കൊച്ചിയിലും അവർ പാടിയും പറഞ്ഞും ജനഹൃദയം പിടിച്ചെടുത്തിരുന്നതായി അറിയാൻ കഴിഞ്ഞു !ബ്രാവോ ടീം ഇംഫാൽ! നിങ്ങളിലാരെയും ഇതു വരെ നേരിട്ടു കണ്ടിട്ടില്ല, കേട്ടിട്ടില്ല! പക്ഷേ ‌ ഈ ഇന്ത്യാരാജ്യത്ത്‌ നിങ്ങൾക്ക്‌ ഇന്നേ വരെ കിട്ടിയതിൽ വെച്ച്‌ ഏറ്റവും മികച്ച വേദികളിലൊന്ന് തീർച്ചയായും കേരളത്തിലേതായിരുന്നിരിക്കുമെന്ന് പ്രത്യാശിക്കട്ടെ ! അതോ കുറവായിരുന്നോ കേൾക്കാൻ വന്ന് ചേർന്നവർ? അറിയില്ല! ഇനിയും പാടുക,പറയുക,ഇംഫാൽ! നിങ്ങളുടെ സ്വാതന്ത്യത്തിന്റെയും സങ്കടത്തിന്റെയും ലല്ലബി!! നിറയേ സ്നേഹം ..!”

കീബോഡ് ജേണലും മീഡിയ ജയലോഗ് സെന്‍ററും ചേര്‍ന്നാണ് കൊടുങ്ങല്ലൂരില്‍ ഇംഫാല്‍ റ്റോക്കീസിന്‍റെ സംഗീത പരിപാടി സംഘടിപ്പിച്ചത്.


Read More Related Articles