ശബരിമലയിലെ യുവതിപ്രവേശനം തടയാൻ സർക്കാർ നിർദ്ദേശത്തിൽ പൊലീസ് നടപടിയെന്ന് വെളിപ്പെടുത്തല്‍; പ്രദേശവാസികളായ ആദിവാസി സ്ത്രീകളെയും പമ്പയിലേക്ക് കടത്തുന്നില്ല

By on

By Mrudula Bhavani

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ തീരുമാനത്തിന്റെ ഭാ​ഗമായി പൊലീസ് പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. സംസ്ഥാനത്തെ പ്രധാനപ്പെട്ട നിയമപാലന ഏജൻസിയിലെ ഒരു ഉദ്യോ​ഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻപ് പമ്പവരെയെങ്കിലും പോകാൻ‌ സ്ത്രീകൾ‌ക്ക് കഴിയുമായിരുന്നെങ്കിൽ ഇന്ന് 10 വയസ് പ്രായമുള്ള, 10 വയസ്സ് പൂര്‍ത്തിയായ പെൺകുട്ടികളെയടക്കം പമ്പയിലേക്ക് കടത്തി വിടരുതെന്ന് പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഉദ്യോ​ഗസ്ഥൻ പറയുന്നത്.

”പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഉയർന്ന തലത്തിൽ നിന്നുള്ള നിർദേശമാണ് ഒരു സ്ത്രീയെപ്പോലും പമ്പയിലേക്ക് കടത്തിവിടരുതെന്ന്. സ്ത്രീകളെ പമ്പയിലേക്ക് കടത്തിവിടരുത് എന്ന നിർദ്ദേശം ഒരു ​ഗവണ്മെന്റ് തീരുമാനമാണ്, പൊലീസുകാർക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല, പൊലീസുകാരിൽ കുറച്ചുപേർ തന്നെ പറയുന്നത് ഇത് തെറ്റായ ഒരു തീരുമാനമാണ് എന്നാണ്, കാരണം പമ്പ വരെ ആ സ്ത്രീകൾക്ക് പോകാൻ അവകാശമുണ്ട്”

2018 ഡിസംബർ 30 മുതൽ ആണ് സര്‍ക്കാര്‍ നിര്‍ദ്ദേശം പൊലീസ് നടപ്പിലാക്കി തുടങ്ങിയതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ”30ന് ഒരു ആന്ധ്ര സ്വദേശിനിയായ യുവതിയെ അവർ പൊലീസ് കൺട്രോൾ റൂമിൽ വെച്ചു. ഇന്നലെ രണ്ട് യുവതികളെ, ഒരു ആന്ധ്ര സ്വദേശി ഭുവനേശ്വരി, ഒരു തമിഴ്നാട് സ്വദേശി മഹേശ്വരി, മഹേശ്വരിക്ക് 24 വയസാണുള്ളത് എന്ന് തോന്നുന്നു. ഭുവനേശ്വരിക്ക് 33 വയസ്സുണ്ട്. അതിന് ശേഷം അട്ടത്തോട് ഉള്ള രണ്ട് ആദിവാസി സ്ത്രീകൾ റാന്നിയിൽ താമസിക്കുന്നവർ പമ്പയിൽ പോകുകയായിരുന്നു, അവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അവസാനം അവർ ആദിവാസി സ്ത്രീകളാണെന്ന് അറിഞ്ഞപ്പോള്‍ അവരെ വിട്ടു. പിന്നെ പത്ത് വയസ്സും അഞ്ചുമാസവും പ്രായമായ ഒരു പെൺകുട്ടിയെ അവർ വിട്ടില്ല, പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ അവർ പമ്പയ്ക്ക് വിട്ടില്ല. അതും കുടുംബ സമേതം വന്ന കുഞ്ഞുങ്ങളെയെല്ലാം പൊലീസ് കൺട്രോൾ റൂമിലേക്ക് ഒറ്റക്ക് മാറ്റുകയാണ്.

”അവിടെ സ്ത്രീകളെ കയറ്റാതിരിക്കാൻ ഹെെന്ദവ സംഘടനകളോടൊപ്പം ചാനലുകാരുണ്ട്, സംഘടനകൾ ഒക്കെ പരിശോധിക്കുന്നുണ്ട്. പമ്പ വരെ ആരും പരിശോധിക്കാനില്ല പമ്പയിൽ ചെന്ന് കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത്? സ്ത്രീകളെ ഇപ്പോഴും അങ്ങോട്ട് വിടാതിരിക്കാൻ കൃത്യമായി സ്ത്രീകളെ അരിച്ചുപെറുക്കിക്കൊണ്ട് തന്നെയാണ് ശബരിമലയിലേക്ക് ആളുകളെ വിടുന്നത്. നിലയ്ക്കൽ എത്തുമ്പോൾ തന്നെ കെഎസ്ആർടിസി ബസ്സുകളിൽ നിന്ന് അവരെ ഇറക്കി വിടുകയാണ്. ദൂരെ നിന്ന് കുടുംബസമേതം വന്ന സ്ത്രീകൾ ആ പുരുഷന്മാരെ പമ്പയ്ക്ക് വിടുകയും സ്ത്രീകളെ പൊലീസുകാരുടെ ക്യാമ്പിൽ അവരെ ഇരുത്തുകയും ചെയ്യുകയാണ്. ഇങ്ങനെ പിടിച്ചുകൊണ്ടുവന്ന സ്ത്രീകളൊക്കെ ഒറ്റയ്ക്ക് തന്നെയാണ് നിലയ്ക്കൽ കഴിയേണ്ടി വരിക. പത്തരവയസ്സുള്ള കുഞ്ഞിനെ തനിയെ പിടിച്ചിരുത്തുക, കൂടെ വന്നവരെ പറഞ്ഞയക്കുക എന്നിങ്ങനെയാണ് പൊലീസ് ചെയ്യുന്നത്.

വനിതാ പൊലിസുദ്യോഗസ്ഥരുടെയടക്കം അഭിപ്രായം ഇതാണെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ”അത്തരം അഭിപ്രായങ്ങൾ അവർക്കിടയിൽ പോലും ഉണ്ട്. ഇത് വലിയ മോശപ്പെട്ട പരിപാടി ആണെന്ന് ചിലർക്കെങ്കിലും അഭിപ്രായമുണ്ട്. നിലയ്ക്കലിൽ നിന്ന് വരുമ്പോൾ താഴെയെത്തുമ്പോൾ വീണ്ടും പൊലീസ് പരിശോധിക്കും. വീണ്ടും അകത്തേക്ക് കയറ്റിവിടും.
ഭുവനേശ്വരി ആന്ധ്ര സ്വദേശിയാണ്, കണ്ണൂരിലാണ് താമസിക്കുന്നത്. ഭർത്താവിനൊപ്പമാണ് വന്നത്. ആ സ്ത്രീകൾ ശബരിമലയ്ക്ക് പോകാൻ വേണ്ടി വന്നതല്ല ഭർത്താക്കന്മാരുടെ കൂടെ പമ്പ വരെ വന്നതാണ്. ഞങ്ങൾ ശബരിമലയ്ക്ക് പോകാൻ വേണ്ടി വന്നതല്ല എന്ന് അവർ പറയുന്നുണ്ടായിരുന്നു. തീർച്ചയായും ശബരിമലയ്ക്ക് പോകണം എന്ന് പറയുന്ന സ്ത്രീകളുടെ മനോഭാവമോ ആറ്റിറ്റ്യൂഡോ ആയിരുന്നില്ല അവർക്ക്. അവർ നിസ്സം​ഗരായിട്ടായിരുന്നു നിന്നത്, കാരണം അവരുടെ കൂടെയുള്ള പുരുഷന്മാരെ പറഞ്ഞുവിട്ടല്ലോ. അതിന് ശേഷമല്ലേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നത്. ഇപ്പോഴും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലയ്ക്കലിലും ഉണ്ട് പൊലീസ്. നിലയ്ക്കൽ പ്രധാന ​ഗേറ്റിന്റെ അവിടെ വരുന്ന വണ്ടികളെല്ലാം നിർത്തിച്ച് സ്ത്രീകളുണ്ടോ എന്ന് പരിശോധിച്ചാണ് മുന്നോട്ട് വിടുന്നത്. ”
ആർഎസ്എസിന്റെ ആളുകൾ പല രൂപത്തിലും ഭാവത്തിലും ഇതിനകത്തും പുറത്തുമായി ഉണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ”കച്ചവടക്കാരായും ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥരായും ഒക്കെ ആര് എസ് എസുകാരുണ്ട്. ദേവസ്വം വകുപ്പും വളരെ അയ‍ഞ്ഞ, മൃദുസമീപനമാണ് ആർഎസ്എസ്കാരോട് സ്വീകരിക്കുന്നത്. നിയമപരമായി നേരിടേണ്ട, 144 പ്രഖ്യാപിച്ച ഒരു പ്രദേശത്ത് ആർഎസ്എസുകാരെ കയറ്റിവിടുന്നു.” അദ്ദേഹം പറയുന്നു.


Read More Related Articles