ബിന്ദു തങ്കത്തെ കൂവിവിളിച്ചും ശരണം വിളിച്ചും അധിക്ഷേപിച്ച് വിദ്യാർത്ഥികൾ, ജാതീയമായി അപമാനിച്ച് സംഘപരിവാർ

By on

ശബരിമല കയറിയ അധ്യാപികയും ദലിത് അവകാശ പ്രവർത്തകയുമായ ബിന്ദു തങ്കം കല്യാണിയെ സ്കൂളിലും വിടാതെ പിന്തുടർന്ന് സംഘപരിവാർ. ഗവണ്മെന്‍റ് ഹയർസെക്കന്‍ററി സ്കൂൾ മെഡിക്കൽ കോളെജ് ക്യാംപസിൽ നിന്നുമാണ് സംഭവത്തെ തുടർന്ന് അ​ഗളിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലേക്ക് ബിന്ദു ടീച്ചർക്ക് ട്രാൻസ്ഫർ കിട്ടിയത്. എന്നാൽ, അ​ഗളിയിലെ സ്കൂളിലും പ്രതിഷേധം തുടരുകയാണ്. സ്വന്തം ക്ലാസിലെ വിദ്യാർത്ഥികൾ ശരണം വിളിച്ച് ടീച്ചറുടെ ക്ലാസ് മുടക്കുകയാണ്. ആദ്യദിവസം സ്കൂളിലെത്തിയപ്പോൾ ശരണംവിളികളുമായി പ്രതിഷേധക്കാർ സ്കൂളിനകത്ത് കടന്നുവെന്നും പൊലീസ് അത് തടഞ്ഞില്ലെന്നും തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്നും ബിന്ദു ടീച്ചർ പറയുന്നു. ഈ നില തുടരുകയാണെങ്കിൽ വിദ്യാർത്ഥികളെ നിയമപരമായി നേരിടുമെന്ന് ടീച്ചർ പറഞ്ഞു.

“ഹയർ സെക്കന്‍ററിയുടെ ജനറൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രകാരം ഞാൻ അ​ഗളി ​ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ഇന്നലെ രാവിലെ ജോയിൻ ചെയ്തു. അതിന് ശേഷം സ്കൂൾ ​ഗേറ്റിന് പുറത്ത് പൊലീസ് പ്രൊട്ടക്ഷനുണ്ടായിരുന്നു.നാജമപവും തെറിവിളിയും മുറപോലെ സംഘപരിവാറുകാർ വന്ന് നടത്തി. അതിന് ശേഷം ഇന്നലെ സ്കൂളിനകത്തേക്ക് രണ്ട് മൂന്നുപേർ കയറിവന്നു. ഭൂമിയും കമലും ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് വന്നത്, എന്തുകൊണ്ടാണ് അവരെ കയറ്റിവിട്ടതെന്ന് തിരിച്ചുവന്നപ്പോൾ കമൽ ചോദിച്ചു…ടീച്ചർക്ക് വളരെ സെക്യൂരിറ്റി പ്രശ്നമുള്ള സമയമല്ലേ എന്ന്. അപ്പോ അത് നാട്ടുകാരാണ് ഞങ്ങൾക്ക് അങ്ങനെ കയറ്റിവിടാൻ പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. പിന്നെ അവർ കമലുമായി സംസാരിക്കുമ്പോൾ കേട്ടത്- ഇവളുടെ ജാതി ഏതാ എന്ന് ചോദിക്കുകയാണ്. അപ്പോ മറ്റൊരുത്തൻ പറയുന്നു അവൾ‌ പട്ടികജാതിക്കാരിയാണ് എന്ന്. വേറൊരുത്തൻ ഭയങ്കരമായി പരിഹസിച്ചുകൊണ്ട് പറയുകയാണ് അവളുമാരൊക്കെ ഇങ്ങനെ അഴിഞ്ഞാടി നടക്കുകയാണ്, അപ്പോ പിന്നെ കൂടുതൽ പറയേണ്ട കാര്യമില്ലല്ലോ എന്ന അർത്ഥത്തിൽ പരിഹാസം.

സ്കൂളിന് മുന്നില്‍ തെറിപ്പാട്ട് പാടുന്നവര്‍

അത് കഴിഞ്ഞ് സ്കൂളിനകത്ത് ഉച്ചവരെ പ്രശ്നമൊന്നും ഇല്ലായിരുന്നു ഞാൻ ഒരു ക്ലാസിൽ പോയി. ഉച്ച കഴിഞ്ഞ് കുട്ടികൾ ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോഴേക്കും സ്കൂൾ കോംപൗണ്ടിൽ അന്തരീക്ഷം മാറി. അവർ ഭയങ്കര ശരണം വിളിയും കൂവലും ഞാൻ പുറത്തേക്കിറങ്ങുമ്പോഴും ക്ലാസിനകത്തും ഒക്കെ അതിഭീകരമായി ഹറാസ് ചെയ്യുന്നത് പോലെ ശരണംവിളിയും കൂക്കിവിളിയും എന്തൊക്കെയോ വർത്താനങ്ങളും ഒക്കെ ആയി. ഇന്നലെ ഞാൻ മൂന്ന് ക്ലാസെടുത്തു. മൂന്നാമത്തെ ക്ലാസ് എനിക്ക് തീരെ എടുക്കാൻ പറ്റിയില്ല. ഹ്യുമാനിറ്റീസ് ഫസ്റ്റ് ഇയർ എ ബാച്ചാണ്, രണ്ട് ബെഞ്ചിലെ കുട്ടികൾ ഭയങ്കര പ്രശ്നമുണ്ടാക്കി അവസാനം 15 മിനിറ്റ് ആണ് എനിക്ക് ക്ലാസെടുക്കാൻ പറ്റിയത്. വെെകുന്നേരം സ്റ്റാഫ് റൂമിൽ വന്ന് റിപ്പോർട്ട് ചെയ്തു. ക്ലാസെടുക്കാൻ സമ്മതിക്കുന്നില്ല ഇങ്ങനത്തെ പ്രശ്നമുണ്ടെന്ന്. അന്ന് രാത്രി ഞാൻ ടീച്ചറോട് സംസാരിച്ച് ടീച്ചർ പറഞ്ഞു കുട്ടികളോട് പറയാം നാളെ ധെെര്യമായി വന്ന് ക്ലാസെടുത്തോളൂ എന്ന്. പിന്നെ ഇന്ന് ഞാൻ ഫസ്റ്റ് ഇയർ എ ക്ലാസിൽ ക്ലാസെടുക്കാൻ ചെന്നു, ക്ലാസെടുക്കാൻ ചെന്നപ്പോ തന്നെ അവന്മാർ ക്ലാസിലിരുന്ന് കൂക്കി വിളിക്കാനും ശരണം വിളിക്കാനും തുടങ്ങിയപ്പോൾ ഞാനവരോട് സംസാരിച്ചു. ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ട് വെറുതെ നമ്മൾ തമ്മിൽ പ്രശ്നമുണ്ടാക്കണ്ട നിങ്ങളിങ്ങനെ എന്നെ ഹറാസ് ചെയ്യുകയാണെങ്കിൽ എനിക്ക് നിയമപരമായി പോകേണ്ടിവരും ഞാൻ ടീച്ചറാണ് നിങ്ങൾ സ്റ്റുഡന്റ്സാണ് നമ്മുടെ ഹെൽത്തി ആയ ഒരു റിലേഷൻഷിപ്പ് സ്കൂളിൽ നിലനിർത്തുക ബാക്കി കാര്യങ്ങൾ പുറത്ത് പോയി ചെയ്യുക ഇതിനകത്തേക്ക് ഇത്തരം കാര്യങ്ങൾ കൊണ്ടുവരരുത് എനിക്കത് നിങ്ങളോട് യാതൊരു തരത്തിലും ചർച്ച ചെയ്യാൻ താൽപര്യവുമില്ലെന്നും വാൺ ചെയ്തു. അതിന് ശേഷവും ഞാൻ ക്ലാസ് വിട്ട് വരുന്ന സമയത്ത് ഉച്ചയ്ക്ക് വരാന്തയിലും സ്റ്റെയർകേസിലും കുട്ടികളിങ്ങനെ കൂട്ടംകൂടിനിന്ന് ശരണം വിളിക്കുക, കൂവിവിളിക്കുക, എന്ന രീതിയിൽ തന്നെയാണ് പോകുന്നത്. ഇത് കുട്ടികൾ സ്വമേധയാ ചെയ്യുന്നതാണ് എന്ന് ‍ഞാൻ വിചാരിക്കുന്നില്ല പുറത്തുനിന്ന് ഒരു സംഘം ആൾക്കാർ ഇവരെ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കാനും ഹറാസ് ചെയ്യാനും പറഞ്ഞുവിടുന്നുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്. കഴിഞ്ഞിടയ്ക്ക് ഞാനറിഞ്ഞത് ഇവിടെ എബിവിപി ഒരു യൂണിറ്റ് സ്കൂളിനകത്ത് തുടങ്ങിയിട്ടുണ്ട്. ആ വഴിക്ക് സംഘപരിവാർ, ബിജെപി പ്രവർത്തകർ കയറ്റിവിടുന്നതും ആകാം. എന്തായാലും പിടിഎയും പ്രിൻസിപ്പലും ചേർന്ന് നോക്കട്ടെ ഇല്ലെങ്കിൽ ടീച്ചർ ലീ​ഗലായി മുന്നോട്ട് പോയ്ക്കോളൂ എന്നാണ് പറയുന്നത്. എെഡന്റിഫെെ ചെയ്യുന്ന കുട്ടികളുടെ വിവരം അവർ തരാം പൊലീസ് സ്റ്റേഷനിൽ പരാതികൊടുത്തുതന്നെ മൂവ് ചെയ്തോളൂ എന്നാണ് സ്കൂൾ അധികൃതർ എന്നോട് പറഞ്ഞത്.”

തനിക്കെതിരെ നടക്കുന്ന ജാതി അധിക്ഷേപം, ലെെം​ഗിക അധിക്ഷേപം, കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കെതിരെ എത്രയും വേ​ഗം നടപടി കെെക്കൊള്ളണമെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ട് അ​ഗളി എഎസ്പി, പിടിഎ, കേരള മുഖ്യമന്ത്രി, ഡിജിപി, എസ് സി എസ് ടി മിനിസ്റ്റർ, വനിത കമ്മീഷൻ, ഡിഎച്ച്എസ്ഇ ഡയരക്ടർ, ആർഡിഓ മലപ്പുറം എന്നവർക്ക് പരാതി നൽകിയിട്ടുണ്ട്.


Read More Related Articles