അധികാരത്തിലെത്തിയാൽ മുത്തലാഖ് ബിൽ നിർത്തലാക്കുമെന്ന് മഹിളാ കോൺ​ഗ്രസ് അധ്യക്ഷ; നിയമം മുസ്ലിം പുരുഷൻമാരെ ജയിലിലടക്കാൻ വേണ്ടിയെന്നും സുഷ്മിത ദേവ്

By on

2019 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ കോൺ​ഗ്രസ് മുത്തലാഖ് ബിൽ നിർത്തലാക്കുമെന്ന് ദേശീയ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എംപി. മുത്തലാഖ് ബിൽ മുസ്ലിം പുരുഷൻമാരെ ജയിലിൽ അടക്കാനുള്ള ആയുധമായാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയതെന്നും സുഷ്മിത ദേവ് പറഞ്ഞു. ”നിരവധിയാളുകൾ ഞങ്ങളോട് പറഞ്ഞു, മുത്തലാഖ് ബിൽ പാസാക്കിയാൽ സ്ത്രീശാക്തീകരണം സംഭവിക്കുമെന്ന്. പക്ഷേ മുസ്ലിം പുരുഷൻമാരെ ജയിലിൽ അടക്കാനും അവരെ പൊലീസ് സ്റ്റേഷനുകളിൽ നിർത്തിക്കാനുമുള്ള ആയുധമായാണ് നരേന്ദ്രമോദി ഈ ബിൽ തയ്യാറാക്കിയത് എന്നത് കൊണ്ട് ഞങ്ങൾ എതിർത്തു” സുഷ്മിത പറഞ്ഞു

പാർലമെന്റിൽ ബില്ലിനെതിരായി കോൺ‌​ഗ്രസ് നിലകൊണ്ടുവെന്നും 2019 ൽ അധികാരത്തിലെത്തിയാൽ നിയമം ഇല്ലാതാക്കുമെന്ന് വാക്കു നൽകുന്നുവെന്നും സുഷ്മിത ദേവ് പറഞ്ഞു. അതേസമയം യഥാർത്ഥത്തിൽ സ്ത്രീശാക്തീകരണത്തിനായി ഏത് സർക്കാർ‌ നിയമം കൊണ്ടുവന്നാലും തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും സുഷ്മിത കൂട്ടിച്ചേർത്തു. കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു സുഷ്മിതയുടെ പ്രഖ്യാപനം. ദില്ലിയിൽ എഐസിസിയുടെ ന്യൂനപക്ഷ വിഭാ​ഗം ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു മഹിളാ കോൺ​ഗ്രസ് അധ്യക്ഷ.


Read More Related Articles