തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റം; ബിജിെപിയ്ക്ക് തിരിച്ചടി, പന്തളത്ത് സിപിഐഎമ്മിനെ അട്ടിമറിച്ച് എസ്ഡിപിഐ വിജയം

By on

സംസ്ഥാനത്തെ 14 ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് വൻ മുന്നേറ്റം. 39 വാർഡുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 ലും എൽഡിഎഫ് വിജയിച്ചു. 13 ഇടത്ത് യുഡിഎഫ് വിജയിപ്പോൾ എസ്ഡിപിഐ രണ്ട് സീറ്റിൽ വിജയം നേ‍ടി. രണ്ട് സീറ്റാണ് ബിജെപി നേടിയത്. തൃശൂർ, എറണാകുളം ജില്ലകളിൽ ഇടത് പക്ഷം മുഴുവൻ സീറ്റുകളിലും വിജയിച്ചു. തൃശ്ശൂരിലെ പറപ്പൂക്കരയിൽ ബിജെപിയുടെ സിറ്റിം​ഗ് സീറ്റ് സിപിഐഎം നേടി. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

പത്തനംതിട്ട നഗരസഭയിൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതൻ വിജയിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്ന അൻസർ മുഹമ്മദാണു ജയിച്ചത്. വിമത സ്ഥാനാർഥിയായി മൽസരിച്ച അൻസറിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. പന്തളം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. സിപിഐഎം ഇത്തവണ മൂന്നാംസ്ഥാനത്ത്. രണ്ടാം സ്ഥാനം കോൺഗ്രസിന്.

ഇടുക്കി കുടയത്തൂർ പഞ്ചായത്തിലെ കൈപ വാർഡിൽ സിപിഐഎം സ്ഥാനാർഥിയെ അട്ടിമറിച്ചു സിപിഐ സ്വതന്ത്ര സ്ഥാനാർഥിക്കു വിജയം. സിപിഐ പ്രതിനിധി പി.കെ. ശശി ആണു 73 വോട്ടുകൾക്കു സിപിഎമ്മിലെ രാജൻ പുന്നപ്പാറയെ പരാജയപ്പെടുത്തിയത്. ഇവിടെ സിപിഎം, സിപിഐ, കോൺഗ്രസ് സ്ഥാനാർഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്. സിപിഐഎമ്മിന്റെ സീറ്റായിരുന്നു ഇത്. 13 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിനാണു ഭൂരിപക്ഷം. അടിമാലി പഞ്ചായത്തിലെ തലമാലി വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസ് സഥാനാർഥി മഞ്ജു ബിജു 133 വോട്ടിന് സിപിഐഎമ്മിലെ സ്മിത മുനിസ്വാമിയെ പരാജയപ്പെടുത്തി. കൊന്നത്തടി പഞ്ചായത്തിലെ മുനിയറ നോർത്ത് വാർഡ് സിപിഎമ്മിൽനിന്നും കോൺഗ്രസ് പിടിച്ചെടുത്തു. 194 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി ബിനോയ് മാത്യു, സിപിഐഎമ്മിലെ സുധീഷ് ജോബിയെ പരാജയപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ നാലു തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടു സീറ്റുകൾ എൽഡിഎഫും രണ്ടു സീറ്റുകൾ യുഡിഎഫും നിലനിർത്തി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ വൻകുളത്ത് വയൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഐഎമ്മിലെ പി.പ്രസീതയാണ് വിജയിച്ചത്. ഭൂരിപക്ഷം 1717. സിപിഐഎമ്മിലെ ഡി.ബിന്ദു സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നു രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്‌ലിം ലീഗിലെ സി.കെ. മഹ്‌റൂഫ് വിജയിച്ചു. ഭൂരിപക്ഷം 50. മുസ്‌ലിം ലീഗിലെ കെ. സമീർ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൻസിപി സ്ഥാനാർഥി കിഴക്കയിൽ ബാലൻ 1,212 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ അസീസ് ഫൈസിയെ (മുസ്‍ലിം ലീഗ്) തോൽപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൻസിപി നേതാവ് പി.പി.കൃഷ്ണാനന്ദ് മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്ത് കുന്നിക്കോട് നോർത്ത് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. 146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫിലെ ലീനാ റാണി എൽഡിഎഫ് സ്ഥാനാർഥി ബി.റജീനയെ പരാജയപ്പെടുത്തിയത്. 28 വർഷമായി എൽഡിഎഫ് വിജയിക്കുന്ന വാർഡായിരുന്നു ഇത്.


Read More Related Articles