സാമ്പത്തിക സംവരണ ബില്ലിനെതിരെ തമ്പിദുരൈ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം

By on

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാ​ഗങ്ങൾക്ക് വേണ്ടി സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച ഒരു ബിൽ സർക്കാർ തയ്യാറാക്കി. ആദ്യം തന്നെ എനിക്കറിയേണ്ടത് സംവരണത്തിന്റെ ഉദ്ദേശ്യമെന്താണ് എന്നാണ്. ധനകാര്യമന്ത്രി ഇതിനകം വിശദീകരിച്ചുകഴിഞ്ഞു, എന്തുകൊണ്ടാണ് സംവരണം ആവശ്യം എന്ന്. സംവരണം സാമൂഹ്യനീതിക്ക് വേണ്ടിയുള്ളതായിരിക്കണം. അതാണ് നമ്മുടെ പാർട്ടി നിലപാട്. കാരണം നമുക്കറിയാം, പ്രത്യേകിച്ച് ഇന്ത്യയിൽ ജാതീയത ഉണ്ടെന്ന് നമ്മൾ അം​ഗീകരിക്കേണ്ടിയിരിക്കുന്നു. ബ്രാഹ്മണരുണ്ട്, ക്ഷത്രിയരുണ്ട്, വെെശ്യരുണ്ട്, ശൂദ്രരുണ്ട്. ഞങ്ങൾ ശൂദ്രർ എന്നാണ് വിളിക്കപ്പെടുന്നത്. ഞങ്ങളാണ് ഏറ്റവും അപരിഷ്കൃതർ. ഞാനൊരു ശൂദ്രനാണ്. ഞാനതിൽ അഭിമാനിക്കുന്നു. കാരണം ശൂ​ദ്രർ ആയതുകൊണ്ട് ഞങ്ങൾ വളരെയെറേ സഹിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ സംവരണം ആവശ്യപ്പെടുന്നത്.

ഇപ്പോൾ ​സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണം നൽകണമെന്ന് തീരുമാനമെടുക്കുന്നു. ഇതിനകം തന്നെ പല പദ്ധതികളും നിങ്ങൾ ദരിദ്രവിഭാ​ഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കിയിട്ടുണ്ട്. നിങ്ങളുടെ പ്രധാനമന്ത്രിയും ബിജെപിയും കോൺ​ഗ്രസും പോലും നടപ്പിലാക്കിയ ​ദാരിദ്ര്യ നിർമാർജ്ജന പദ്ധതികളുണ്ട്. ഈ പദ്ധതികളൊക്കെ എന്തിനാണ്?

ഉദാഹരണത്തിന് പ്രധാനമന്ത്രി മുദ്രാ യോജന, അതുപോലെ പല പദ്ധതികളും ഉണ്ട്. മാനവവിഭവ ശേഷി മന്ത്രാലയം എടുത്താൽ പ്രധാനമന്ത്രി ആവാസ് യോജന ഉണ്ട്, പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി വീട് പണിയുന്നതിനായി പദ്ധതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി നിലവിൽ ഒരുപാട് പദ്ധതികൾ ഉണ്ട്. പാവപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാൻ ആ പദ്ധതികൾ ഒക്കെ ധാരാളമാണ്. പിന്നെ എന്തിനാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്?

സ്കിൽ ഡെവലപ്മെന്റ് പ്രോ​ഗ്രാമുകൾ ഉണ്ട്. ദീൻ ദയാൽ ഉപാധ്യായ ​ഗ്രാമീൺ യോജന എന്ന പദ്ധതിയുണ്ട്. സ്കോളർഷിപ് പ്രോ​ഗ്രാമുകൾ ഉണ്ട്, നല്ല വിദ്യാഭ്യാസം ലഭ്യമാക്കാൻ. 5 ലക്ഷം രൂപ പ്രതിവർഷം ഓരോ കുടുംബത്തിനും നൽകുന്ന രീതിയിൽ 10 കോടി നീക്കിവെച്ച പദ്ധതിയുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ തന്നെ നടപ്പിലാക്കുന്ന ഇത്രയധികം പദ്ധതികൾ ഉണ്ടായിരിക്കേ എന്തിനാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്? നിങ്ങളുടെ പദ്ധതികളിൽ നിങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് നിങ്ങൾ സാമ്പത്തിക സംവരണം എന്ന് പറഞ്ഞു വരുന്നത്. നിങ്ങൾ പ്രഖ്യാപിച്ച പദ്ധതികളൊന്നും നിങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കിയിട്ടില്ല അതുകൊണ്ട് നിങ്ങളിപ്പോൾ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ നോക്കുന്നു. അതുകൊണ്ട് അത് നടപ്പിലാക്കൽ ശരിയല്ല.
സാമൂഹ്യനീതി വളരെ പ്രധാനമാണ്.

അംബേദ്കർ അഭ്യസ്തവിദ്യനാണ്. ഒരു ദളിത് കുടുംബത്തിലാണ് അംബേദ്കർ ജനിച്ചത്. ഉന്നതവിദ്യാഭ്യാസവും ജോലിയും നേടിയ ശേഷവും എങ്ങനെയാണ് അംബേദ്കർ വെറുക്കപ്പെട്ടവനായി തുടർന്നത്… എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ടോ അവിടെയൊക്കെ അംബേദ്കർ അപമാനിക്കപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് വിദ്യാഭ്യാസം നേടിയിട്ടും അംബേദ്കർക്ക് ആ അപമാനങ്ങളെ നേരിടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി സംവരണം എന്ന ആശയം തന്നെ കൊണ്ടുവന്നത്. സംവരണം ഉണ്ടായിട്ട് പോലും വിദ്യാഭ്യാസം നേടാനായിട്ട് പോലും ഞങ്ങൾക്ക് തുല്യത നേടാൻ കഴിയുന്നില്ല.

സംവരണം ആരംഭിച്ചത് തമിഴ്നാട്ടിലാണ്. ഒബിസി, എംബിസി, എസ് സി, എസ് ടി എന്നിവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും സംവരണം ഏർപ്പെടുത്തിയത് 1921ലാണ്. ജസ്റ്റിസ് പാർട്ടി ആ സമയത്ത് തുടങ്ങിയത് തന്നെ സംവരണം നടപ്പിലാക്കാൻ ആയിരുന്നു. മനുഷ്യർ തുല്യരായി പരി​ഗണിക്കപ്പെടേണ്ടവരാണ്. ബഹുമാനിക്കപ്പെടണമെങ്കിൽ ജാതി ഇല്ലായ്മ ചെയ്യപ്പെടണം. ജാതീയത നിലനിൽക്കുന്നത് കൊണ്ടാണ് നമുക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ മുൻ​ഗാമികൾ സാമൂഹ്യം എന്നതാണ് സംവരണത്തിന് മാനദണ്ഡമാക്കിയത്, സാമ്പത്തികം അല്ല. നിങ്ങളെന്ത് നിയമം ഉണ്ടാക്കാൻ നോക്കിയാലും അത് സുപ്രിം കോടതിയിൽ തഴയപ്പെടും. നിങ്ങളിതിൽ വിജയിക്കും എന്ന് കരുതരുത്.
1917ൽ രൂപീകരിക്കപ്പെട്ട ജസ്റ്റിസ് പാർട്ടി സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാ​ഗങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. ആദ്യം തന്തെെ പെരിയാർ ജസ്റ്റിസ് പാർട്ടിയോടൊപ്പമായിരുന്നു. അതിന് ശേഷം അദ്ദേഹം ദ്രാവിഡ കഴകം എന്ന പാർട്ടി രൂപീകരിച്ചു.

പെരിയോറുടെ പ്രധാന ലക്ഷ്യം സാമൂഹ്യനീതിയായിരുന്നു. കോൺ​ഗ്രസിലും പെരിയോർ ഉണ്ടായിരുന്നു. കോൺ​ഗ്രസ് പ്രസിഡന്റ് ആയിരുന്നു. ചില സമ്മേളനങ്ങളിൽ സവർണർക്കും അവർണർക്കും പ്രത്യേക സ്ഥലങ്ങളിൽ ഭക്ഷണം വിളമ്പിയപ്പോൾ പെരിയോർ അതിനെ ചോദ്യംചെയ്തു, ആദ്യം നമുക്ക് വേണ്ടത് സാമൂ​ഹ്യനീതിയാണ് എന്നാണ് പെരിയോർ പറയുന്നത്. ജാതീയത ഇല്ലാതായാൽ മാത്രമേ ഇവിടെ സാമൂഹ്യനീതി ഉണ്ടാകൂ.

സ്വാതന്ത്ര്യം നേടി എഴുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിൽ ജാതീയതയുണ്ട്. അതില്ലാതാക്കണമെങ്കിൽ അധികാരം കീഴാളർക്ക് കിട്ടണം. തമിഴ്നാട്ടിലെ ജനസംഖ്യയുടെ 90% ദളിതരും ആദിവാസികളുമാണ്. 10% മാത്രമാണ് സവർണർ. ഈ മുന്നേറ്റം കാരണം മാത്രമാണ് സംവരണീയർക്ക് നീതി ലഭ്യമാകുന്നത്. ഉത്തരേന്ത്യയിലും മുന്നേറ്റങ്ങൾ നടക്കുന്നുണ്ട് സംവരണത്തിന് വേണ്ടി, ജാട്ടുകൾ സമരം ചെയ്യുന്നുണ്ട്, പട്ടേൽ സമു​ദായം സമരം ചെയ്യുന്നുണ്ട്. ഇങ്ങനെ പല സമുദായങ്ങളും ഒബിസി പദവിക്ക് വേണ്ടി സമരം ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ ​സർക്കാർ അവരെ പരി​ഗണിക്കുന്നേയില്ല. ഈ സമുദായങ്ങളെയും ഉൾപ്പെടുത്തി സംവരണം 70% ആക്കൂ, അതിനെ ഞങ്ങൾ സ്വീകരിക്കും.

എംജിആർ ഭരിക്കുന്ന സമയത്ത് സംവരണം നടപ്പിലാക്കി. പിന്നോക്ക വിഭാ​ഗക്കാർക്ക് 50%, എസ് സി, എസ് റ്റി വിഭാ​ഗത്തിന് 19% എന്നിങ്ങനെ 69% സംവരണം ഏർപ്പെടുത്തി. 1993-94ൽ അമ്മ അധികാരത്തിലെത്തിയ ശേഷം അസംബ്ലിയിൽ സംവരണം 60% ആക്കണമെന്ന പ്രമേയം പാസാക്കി. നമ്മൾ പറയുന്നത് 10% കൂട്ടുന്നതിന് പകരം സാമൂഹ്യമായ അനീതി നേരിടുന്നവർക്കുള്ള സംവരണം 69% ആക്കണമെന്നാണ്. കാരണം ഇന്ത്യയിൽ സാമൂഹ്യമായി പിന്നോക്കാവസ്ഥ നേരിടുന്ന ജനവിഭാ​ഗം 90%ൽ കൂടുതലാണ്. 69% ആക്കണമെന്ന് ഇവിടെ പറയുമ്പോൾ നമ്മളോട് മറുപടി പറയുന്നത് 50%ൽ കൂടുതൽ സംവരണം അനുവദിക്കാൻ കഴിയില്ലെന്നാണ് സുപ്രിം കോടതി പറയുന്നത് എന്നാണ്. ഇപ്പോഴെങ്ങനെയാണ് അത് സാധ്യമാകുന്നത്? ഇത് സാധ്യമാണെങ്കിൽ എന്ത് കൊണ്ടാണ് 69% ആക്കാത്തത്? നിങ്ങൾക്ക് എന്താണ് മടി? എഡിഎംകെ പാർട്ടി ആവശ്യം ഇതാണ് ആദ്യം തമിഴ്നാട്ടിലെ ജനങ്ങളുടെ സംവരണം 69% ആക്കൂ. നമുക്കൊരു ശാശ്വത പരിഹാരം വേണം.
മണ്ഡൽ കമ്മീഷൻ പറയുന്നത് പിന്നോക്ക സമുദായങ്ങൾക്ക് സംവരണം നൽകണമെന്നാണ്. ആ റിപ്പോർട്ടിനെ തുടർന്ന് വലിയ എതിർപ്പുണ്ടായി. ചില വിഭാ​ഗം മനുഷ്യർ ഇപ്പോഴും ശൂദ്രരായി പരി​ഗണിക്കപ്പെട്ടിട്ടില്ല. അതാണ് ഞങ്ങളുടെ പ്രശ്നം. അവർ ഞങ്ങളെ അം​ഗീകരിക്കുന്നില്ല.തമിഴ്നാട്ടിൽ ദളിതർക്ക് നേരെ ഇപ്പോഴും പ്രകടമായ വിവേചനം ഉണ്ട്. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ള സവർണ കുടുംബങ്ങൾക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുമെന്നാണ് നിങ്ങൾ പറയുന്നത്. നിങ്ങളുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം എന്തായിരുന്നു? 15 ലക്ഷം രൂപ കള്ളപ്പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് വരുത്തും എന്നല്ലേ പറഞ്ഞത്?

എന്താണ് സാമ്പത്തിക സംവരണം? ഇന്ന് നിങ്ങൾ ദരിദ്രരാണെങ്കിലും നാളെ നിങ്ങൾ വിദ്യാഭ്യാസം നേടി തൊഴിൽ നേടിയേക്കും. ഈ വർഷം സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന നിങ്ങൾക്ക് തൊഴിൽ ലഭിക്കും, സംവരണവും ലഭിക്കും. അപ്പോൾ ഈ വ്യക്തിക്ക് സംവരണത്തിന്റെ ആനുകൂല്യവും അതല്ലാതെയുള്ള പണവും ലഭിക്കും, അയാൾ അതിസമ്പന്നനാകും. അപ്പോൾ നൽകിയ സംവരണം പിൻവലിക്കുമോ? സാമ്പത്തികാവസ്ഥ മാറാൻ സാധ്യതയുണ്ട്, മാറും. അതിനാൽ അതിനെ ഒരു മാനദണ്ഡമാക്കാൻ കഴിയില്ല, പക്ഷേ ജാതി മാറില്ല.

സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം വേണ്ടത്, സംവരണത്തിന്റെ അടിസ്ഥാന ആശയം തന്നെ സാമൂഹ്യനീതിയാണ്.പരാജയപ്പെടാൻ പോകുന്ന ഒരു ശ്രമമാണ് നിങ്ങൾ നടത്തുന്നത്. നമ്മുടെ നിയമമന്ത്രി ഇവിടെയുണ്ട്. ഞാനും ഒരിക്കൽ നിയമമന്ത്രി ആയിരുന്നു. ഈ ബില്ലിന് ഒരിക്കലും സുപ്രിം കോടതി അനുമതി നൽകില്ല. ചിലപ്പോൾ തെരഞ്ഞെടുപ്പിന് ഇത് ഉപകാരപ്പെട്ടേക്കാം. ഒബിസി സംവരണം ആവശ്യപ്പെടുന്ന വിഭാ​ഗങ്ങളെ പരി​ഗണിക്കുക. അവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കുക. ദരിദ്രരാണ് എന്ന് കാണിക്കാൻ സർട്ടിഫിക്കറ്റ് കറപ്ഷൻ നടക്കും. ഇതോടൊപ്പം വലിയ തോതിൽ അഴിമതി വരും. അതിനെ നിയന്ത്രിക്കാൻ കഴിയില്ല.


Read More Related Articles