“ബാബ്റി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നില്ല”; ഖനനത്തിന് സാക്ഷിയായ ആര്‍ക്കിയോളജിസ്റ്റിന്‍റെ അഭിമുഖം പൂര്‍ണ്ണരൂപത്തില്‍

By on

ബാബ്റി മസ്ജിദിൽ 2003ൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ നടത്തിയ ഖനനത്തിൽ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തിയിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ അലഹാബാദ് ഹെെക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍  പുരാവസ്തു വകുപ്പിന്‍റെ ആ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണ് വകുപ്പിലെ തന്നെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന രണ്ട് ആർക്കിയോളജിസ്റ്റുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രിയ വർമ, ജയ മേനോൻ എന്നിവരാണ് ആർക്കിയോളജിക്കൽ ഇന്ത്യയുടെ പക്ഷവാദപരമായ നിലപാടിനെ തുറന്നുകാട്ടുന്ന തെളിവുകള്‍ നിരത്തിക്കൊണ്ട് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ഗവേഷക സംഘത്തിലുണ്ടായിരുന്ന സുപ്രിയ വര്‍മ ഹഫിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ബാബ്റി മസ്ജിദ് ഭൂമിയില്‍ 2003 ല്‍ നടത്തിയ ഖനനത്തിന്‍റെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് വെളിപ്പെടുത്തിയത്. പുരാവസ്തു വകുപ്പിന്‍റെ റിപ്പോര്‍ട്ടും അത് തയ്യാറാക്കാന്‍ അവർ സ്വീകരിച്ച രീതികളും ശാസ്ത്രീയമല്ലെന്ന് 2010ല്‍ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിച്ചിരുന്നു.

മു​ഗൾ ചക്രവര്‍ത്തി ബാബറിന്‍റെ സെെന്യാധിപന്‍ മീർ ബഖി രാമജന്മഭൂമിയിൽ ഉണ്ടായിരുന്ന അമ്പലം തകർത്ത ശേഷം പള്ളി നിര്‍മ്മിച്ചുവെന്ന ആർക്കിയോളജി വകുപ്പിന്‍റെ നി​ഗമനം അന്നത്തെ എൻഡിഎ ​സര്‍ക്കാരിന്‍റെ രാഷ്ട്രീയ താല്‍പര്യത്തിന് വഴങ്ങിയായിരുന്നു എന്നാണ് സുന്നി വഖഫ് ബോർഡിനെ പ്രതിനിധീകരിച്ച് നിരീക്ഷകരായി ഖനന സംഘത്തിലുണ്ടായിരുന്ന സുപ്രിയ വർമയും ജയ മേനോനും പറയുന്നത്.  ബാബ്റി മസ്ജിദ് ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ല എന്നതിന് 2003ൽ കണ്ടെത്തിയ അതിപ്രധാനമായ മൂന്ന് തെളിവുകളാണ് ഹഫിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ സുപ്രിയ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
സുപ്രിയ വർമയുമായി ബേത്വ ശർമ നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം.

രാമക്ഷേത്രത്തിന് മേലെയാണ് ബാബ്റി മസ്ജിദ് പണിതത് എന്നതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ?
ഒരു തെളിവും ഇല്ല. ഇന്നും ആർക്കിയോളജിക്കൽ ആയി ഒരു തെളിവു പോലും ഇല്ല അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന വാദത്തിന്.
രാമക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ നിരത്തുന്ന തെളിവുകൾ എന്താണ്?
മൂന്ന് കാര്യങ്ങളാണ് ഉള്ളത്. ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ കണ്ടെത്തിയതൊന്നും രാമക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവുകളല്ല. ഒന്ന് വെസ്റ്റേൺ വാൾ. രണ്ടാമത്തേത് 50 തൂൺതറകൾ. മൂന്നാമത്തേത് കെട്ടിട അവശിഷ്ടങ്ങൾ. വെസ്റ്റേൺ വാൾ പള്ളിയുടെ പ്രത്യേകതയാണ്. നമാസ് ചെയ്യുമ്പോൾ മുന്നിൽ കാണുന്ന ചുവരാണത്. അതൊരു ക്ഷേത്രത്തിനുള്ള പ്രത്യേകതയല്ല. ക്ഷേത്രം മറ്റൊരു രീതിയിലാണ് നിർമ്മിക്കപ്പെടുന്നത്. ബാബ്റി മസ്ജിദിന്‍റെ അടിയിൽ പഴയ ചില പള്ളികൾ ആണ് ഉള്ളത്.
തൂൺ തറകൾ ആണെന്ന് അവർ അവകാശപ്പെടുന്ന തറകൾ മണ്ണ് ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഇഷ്ടിക കഷ്ണങ്ങളാണ്, ഇവയ്ക്ക് മേൽ തൂണുകൾ നിൽക്കില്ല. ഇതിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് പരാതികൾ നൽകിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഇത് പൂർണമായും ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഇത് തൂൺ തറകൾ ആണെന്ന് അവർക്ക് റിപ്പോർട്ടിൽ സ്ഥാപിക്കണമായിരുന്നു. അവർ അങ്ങനെ സ്ഥാപിക്കുകയും ചെയ്തു.
മൂന്നാമത്തെ തെളിവ് കെട്ടിട അവശിഷ്ടങ്ങൾ ആണ്. അവർ പറയുന്നത് 400 മുതൽ 500 വരെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ്. ഇതിൽ 12 എണ്ണം വളരെ പ്രധാനമാണെന്നാണ് അവർ പറയുന്നത്. ഈ പന്ത്രണ്ടെണ്ണത്തിൽ ഒരെണ്ണം പോലും ഉത്ഘനനത്തിന്റെ സമയത്ത് കണ്ടെടുത്തവയല്ല. ഇവയെല്ലാം കണ്ടെത്തിയത് മസ്ജിദിന്റെ തകർന്നുവീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്. ഇവയിൽ ഒരു ശിൽപം, ഒരു സ്ത്രീയും പുരുഷനും, അവർ അതിനെ ദെെവിക ദമ്പതികൾ എന്നാണ് വിളിക്കുന്നത്. അതല്ലാതെ മറ്റൊന്നും ഇല്ല. ഒരു ക്ഷേത്രം, ഒരു ശിലാക്ഷേത്രം ഇതിനേക്കാളേറെ ശിൽപങ്ങൾ ഉള്ളതായിരിക്കും. എന്നാൽ അവർക്ക് അത്രയേറെ ശിൽപങ്ങൾ ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഈ ശിൽപത്തിന്റെ കാലപ്പഴക്കം കണ്ടെത്താൻ പറ്റില്ലേ?
കല്ലിന്റെ പഴക്കം കണ്ടെത്താൻ കഴിയില്ല. ആർക്കിയോളജിയിൽ കാലപ്പഴക്കം നിർണയിക്കാൻ കഴിയുന്നത് ഒരു വസ്തു ഉൾപ്പെട്ടിരിക്കുന്ന ഭൗമപാളിയുടെ പഴക്കം നോക്കി മാത്രമാണ്. അതിലും ഒാർ​ഗാനിക് ആയ വസ്തുക്കളുടെത് മാത്രമേ നിർണയിക്കാൻ കഴിയൂ. ഉദാഹരണത്തിന് ഒരു കല്ല്, എല്ല്, കരി തുടങ്ങിയവയുടെ. ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ കയ്യിൽ ചില ഡേറ്റുകളുണ്ട്. പക്ഷേ ഈ പറയുന്ന ശിൽപം ഒരു പാളിയിൽ നിന്ന് കണ്ടെടുക്കപ്പെട്ടതല്ല.

ഇത് മറ്റെവിടെ നിന്നെങ്കിലും വന്നതാകുമോ?
അതെ, ഇത് മറ്റെവിടെ നിന്നെങ്കിലും വന്നതായിരിക്കും. ഇതിന്റെ കാലപ്പഴക്കം നിർണയിക്കാൻ വഴിയൊന്നുമില്ല. ശരിക്ക് പറഞ്ഞാൽ ഒരു ക്ഷേത്രത്തിന്റെ തെളിവുകളൊന്നും അവിടെ കണ്ടെത്താനായിട്ടില്ല.

ആ തൂൺതറകളുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയില്ലേ?
ഫ്ലോർ ലെവലുകളുടെ കാലപ്പഴക്കം നിർണയിക്കാം. എന്റെ അഭിപ്രായത്തിൽ 12 മുതൽ 15ാം നൂറ്റാണ്ട് വരെയുള്ള പല കാലങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ഉള്ളത്.

പള്ളിയുടെ അടിയിൽ ആയിരുന്നു എന്ന് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ അവകാശപ്പെടുന്ന ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം നിർണയിച്ചിട്ടുണ്ടോ?
ഇല്ല. അവരങ്ങനെ പറയുന്നേ ഇല്ല. അവർ പറയുന്നത് അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് മാത്രമാണ്. അത്രയേ ഉള്ളൂ. അവരൊരു കൃത്യമായ ഡേറ്റ് പറയുന്നില്ല.

റിപ്പോർട്ടിൽ ഇത് പത്താം നൂറ്റാണ്ടിൽ നിന്നുള്ള ക്ഷേത്രമാണ് എന്ന് പറയുന്നില്ലേ?
അവർ അവകാശപ്പെടുന്നത് ഇവിടെ 50 തൂൺതറകളുള്ള വലിയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ്. ഈ തൂൺതറകൾ‍ക്കിടയിൽ മൂന്ന് മുതൽ മീറ്റർ വരെ വ്യാസമുള്ള ഒരു വൃത്താകൃതിയിലുള്ള ദേവാലയം ഉണ്ടായിരുന്നു എന്നുമാണ്, ഇത് പത്താം നൂറ്റാണ്ടിൽ നിന്നുള്ളതാണെന്നും. എന്നാൽ, ഈ വൃത്ത ഘടനയുടെ വശങ്ങളിലുള്ള ചുവരുകൾ ഞാൻ പരിശോധിച്ചിരുന്നു. കണ്ടെത്തലുകൾ രേഖപ്പെടുത്തിയ നോട്ട് ബുക്കിൽ ഇവ ​ഗുപ്ത കാലഘട്ടത്തിൽ നിന്നുള്ളതാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വൃത്തഘടന നാലോ അഞ്ചോ നൂറ്റാണ്ടിലെ ​ഗുപ്ത കാലഘട്ടത്തിൽ നിന്നുള്ളതായിരിക്കും.

അയോധ്യയിൽ എത്ര ഖനനങ്ങൾ നടത്തിയിട്ടുണ്ട്?
ആർക്കിയോളജിക്കൽ സർവേയുടെ ആദ്യത്തെ ഡയരക്ടർ ജനറൽ അലക്സാണ്ടർ കണ്ണിങ്ഹാം 1861-62 കാലഘട്ടത്തിൽ അയോധ്യ പ്രദേശത്ത് ഒരു സർവേ നടത്തിയിരുന്നു. അദ്ദേഹം മൂന്ന് കുന്നുകളെപ്പറ്റി പറയുന്നുണ്ട്. ഈ മൂന്ന് കുന്നുകളിൽ രണ്ടെണ്ണത്തിന് ബുദ്ധിസ്റ്റ് സ്തൂപങ്ങളും മൂന്നാമത്തേതിൽ ഒരു വിഹാരവും കണ്ടെത്തിയിട്ടുണ്ട്. കണ്ണിങ്ഹാമിന്‍റെ കണ്ടെത്തലുകളിൽ രേഖപ്പെടുത്തിയ വായ്മൊഴികളിൽ മൂന്ന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്. പക്ഷേ ബാബ്റി മസ്ജിദ് ഭൂമിയിൽ ഒരു ക്ഷേത്രവും നശിപ്പിക്കപ്പെട്ടതായി രേഖകളിൽ പറയുന്നില്ല.

അതാണ് ആർക്കിയോളജിക്കൽ ആയി ആദ്യമായി നടത്തപ്പെട്ട സർവേ. എന്നാൽ ഖനനം എന്ന വഴിയിലൂടെ നടന്ന കണ്ടെത്തലുകൾ തുടങ്ങുന്നത് 1969-70 കാലഘട്ടത്തിലാണ്. ബനാറസ് ​ഹിന്ദു യൂണിവേഴ്സിറ്റിയുടെ ആർക്കിയോളജി ഡിപ്പാർട്ട്മെന്‍റ് ആണ് ആദ്യമായി ഖനനം നടത്തിയത്. അവർ ബാബ്റി മസ്ജിദ് പരിസരത്ത് ഖനനം നടത്തിയിരുന്നില്ല, പക്ഷേ അതിന്റെ സമീപ പ്രദേശത്ത് നടത്തിയിട്ടുണ്ട്. നമുക്ക് ആകെയുള്ളത് ഇന്ത്യൻ ആർക്കിയോളജി റിവ്യൂ എന്ന പേരിൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ഒാരോ വർഷവും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളാണ്. അത്ര വിശദമായ റിപ്പോർട്ടുകളല്ല അവ. അവർ കണ്ടെത്തിയതിന്‍റെ ഒരു പേജ് റിപ്പോർട്ടാണ് ഉണ്ടാകുക. ചരിത്രാതീത കാലത്ത് നിന്നുള്ള, 6 ബിസി മുതൽ 6എഡി വരെയുള്ള കാലഘട്ടത്തിൽ നിന്നുള്ളതാണ് എന്നാണ് അവർ പറയുന്നത്. മധ്യകാല അധിനിവേശം നടന്നിട്ടുണ്ട് എന്നും അവർ പറയുന്നു അതിൽ കൂടുതൽ ഒന്നുമില്ല. കൂടുതൽ വിശദാംശങ്ങൾ ഇല്ല. അതാണ് അവസാനം. 1975 മുതൽ 1980 വരെ നടന്നത് ബി ബി ലാലിന്‍റെ പ്രൊജക്ട് ആണ്.

ആരാണ് ബി ബി ലാൽ?
ബി ബി ലാലും ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ ഡയരക്ടർ ജനറൽ ആയിരുന്നു. 1972ൽ റിട്ടയർ ചെയ്ത് ലാൽ ​ഗ്വാളിയോറിലെ ജിവാജി യൂണിവേഴ്സിറ്റിയുടെ ആർക്കിയോളജി ഡിപ്പാർട്ട്മെന്‍റിൽ ചേർന്നു.അവിടെനിന്ന് ഷിംലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫെലോ ആയി ചേർന്നു. അവിടെ നിന്ന് രാമായണത്തിന്‍റെ ആർക്കിയോളജി പ്രൊജക്ടുമായി വന്നു. മഹാഭാരതത്തിന്‍റെ ആർക്കിയോളജി പ്രൊജക്ടും ലാൽ ചെയ്തിരുന്നു. രാമായണത്തിന്റെ ആർക്കിയോളജി പ്രൊജക്ടുമായി ബന്ധപ്പെട്ട് ലാൽ അയോധ്യയിൽ ഖനനം നടത്തിയിരുന്നു. രാമായണത്തിൽ പരാമർശിച്ചിട്ടുള്ള മറ്റ് ചില സ്ഥലങ്ങളിലും ഖനനം നടത്തി. അഞ്ച് വർഷത്തോളമാണ് ഖനനം നടത്തിയത്. റിപ്പോർട്ട് ആർക്കിയോളജിക്കൽ റിവ്യൂവിൽ പ്രസിദ്ധീകരിച്ചു. പ്രാചീന കാലത്ത് അധിനിവേശങ്ങൾ നടന്നതായി രേഖകളുണ്ട്. അത് മാത്രമേ ഉള്ളൂ.
പിന്നീട് 1988ൽ അയോധ്യയിലും മധുരയിലും വാരണാസിയിലും ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട് എന്ന പ്രശ്നമുന്നയിച്ച് വിശ്വഹിന്ദു പരിഷത് മുന്നോട്ട് വന്നു, 1988ൽ ബി ബി ലാൽ തന്നെ ഈ തൂൺ തറകളുടെ ചിത്രമെടുത്ത്, 1975, 1978 വർഷങ്ങളിൽ അയോധ്യയിൽ നിന്ന് ഖനനം ചെയ്തത് എന്ന് അവതരിപ്പിച്ച് ആർഎസ്എസ് പ്രസിദ്ധീകരണമായ മന്തനിൽ പ്രസിദ്ധീകരിച്ചു. ഈ ഫോട്ടോ​ഗ്രാഫ് ക്രൊയേഷ്യയിൽ നടന്ന വേൾഡ് ആർക്കിയോളജിക്കൽ കോൺ​ഗ്രസിൽ അവതരിപ്പിച്ചു, ഖനനം നടത്തിയാൽ ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കാം എന്നും പറയുകയുണ്ടായി.

എന്താണ് ഈ ഫോട്ടോ​ഗ്രാഫിലുള്ളത്?
തൂൺ തറകൾ എന്ന് വിശേഷിപ്പിച്ചാണ് ലാൽ ഇതിനെ അവതരിപ്പിച്ചത്. അർധ ചതുരാകൃതിയിലും അർധ ത്രികോണാകൃതിയിലും അർധ വൃത്താകൃതിയിലും ചേർത്ത് വെക്കപ്പെട്ട ഇഷ്ടികക്കൂട്ടങ്ങൾ. ഇത്തരത്തിലുള്ള മൂന്ന് തൂൺ തറകളാണ് ഈ ഫോട്ടോയിലുള്ളത്. ബാബ്റി മസ്ജിദിന്‍റെ ചുവരിനടുത്തായാണ് ഇവ കണ്ടെടുത്തത്.

ലാലിന്‍റെ ഈ ഫോട്ടോയ്ക്ക് ശേഷം എന്താണ് സംഭവിച്ചത്?
അതിന് ശേഷമാണ് ബിജെപി അയോധ്യ മുന്നേറ്റം ആരംഭിക്കുന്നത്, അതോടെ അതൊരു രാഷ്ട്രീയ മുന്നേറ്റമായി. 1992ൽ മസ്ജിദ് തകർക്കപ്പെടുകയും പുതിയ ഖനനങ്ങൾക്ക് അത് വഴി തെളിക്കുകയും ചെയ്തു. അലഹാബാ​ദ് ഹെെക്കോടതിയിലെ ലഖ്നൗ ബെഞ്ചിലാണ് ഈ കേസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 1999ൽ എൻഡിഎ ​ഗവണ്മെന്‍റ് അധികാരത്തിൽ വന്നതോടെ കോടതി ഖനനത്തിന് ഉത്തരവിട്ടു. 2002ൽ ഒരു ​ഗ്രൗണ്ട് റഡാർ സർവേ നടത്താൻ അവർ ഉത്തരവിട്ടു. ഭൂ​ഗർഭത്തിൽ എന്തെങ്കിലും കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്താൻ സി​ഗ്നലുകൾ അയക്കുന്ന ഒരു രീതിയാണത്. ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഖനനം നടത്താൻ കോടതി ഉത്തരവിട്ടു. മാർച്ച് 2003ൽ ഖനനം ആരംഭിച്ചു. ഓ​ഗസ്റ്റിൽ ഖനനം അവസാനിച്ചു. പിന്നീടവർ റിപ്പോർട്ട് സമർപ്പിച്ചു.

നിങ്ങൾ എങ്ങനെയാണ് ഈ കേസിൽ ഇടപെട്ട് തുടങ്ങിയത്?
ഖനനം തുടങ്ങിയ സമയത്ത് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ സാംസ്കാരിക മന്ത്രാലയത്തിന്‍റെ കീഴിലായതിനാൽ ചില ആശങ്കകളുണ്ടായിരുന്നു. കാരണം ആർക്കിയോളജി ഒരു വിഷയമെന്ന രീതിയിൽ വളരെ സാങ്കേതികമാണ്. ഈ സമയത്ത് സുന്നി വഖഫ് ബോർഡ് തങ്ങളുടെ ഭാ​ഗത്ത് ഒരു ആർക്കിയോളജിസ്റ്റ് ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചു. ഖനന സമയത്തെ രീതികളും മറ്റും റെക്കോർഡ് ചെയ്യാൻ. ആർക്കിയോളജിക്കൽ പ്രക്രിയയിൽ അല്ലാത്ത രീതിയിൽ ഖനനം നടക്കുന്നുണ്ടോ എന്നറിയാൻ. അലി​ഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ മിഡീവൽ
ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ചരിത്രകാരൻ ഇർഫാൻ ഹബീബിനെ അവർ സമീപിച്ചു, ഇർഫാൻ ഹബീബ് ആണ് ഞങ്ങളെ കോൺടാക്ട് ചെയ്തത്.
ഞാനും എന്റെ സഹപ്രവർത്തക ജയ മേനോനും ഇക്കാര്യത്തിൽ കൃത്യത സൂക്ഷിച്ചിരുന്നു. നമുക്ക് രണ്ടുപേർക്കും അറിയണമായിരുന്നു ഈ പള്ളിയുടെ അടിയിൽ എന്താണ് ഉള്ളതെന്ന്. ഞങ്ങൾ‌ക്ക് ഏതെങ്കിലും തരത്തിലുള്ള പക്ഷവാദം ഉണ്ടായിരുന്നതുകൊണ്ടല്ല. നമ്മൾ തുറന്ന മനസ്സോടെയായിരുന്നു ഈ പ്രശ്നത്തെ സമീപിച്ചത്. നമ്മളെ സംബന്ധിച്ച് ഇത് ഒരു അക്കാദമിക് പ്രശ്നം ആയിരുന്നു. അവിടെ നേരിട്ട് പോകാതെ അതേപ്പറ്റി ഒരു തരത്തിലും അറിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയിരുന്നു. നമ്മുടെ പ്രൊഫഷണൽ കരിയറിന്‍റെ വിലയായിരുന്നു അതിന്. ഒരു ആർക്കിയോളജിസ്റ്റ് എന്ന നിലയിൽ എനിക്ക് ഒരു സെെറ്റിൽ ഖനനം നടത്തണമെങ്കിൽ ആർക്കിയോളജിക്കൽ സർവേയുടെ അനുമതി കിട്ടണം. ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയിൽ നിന്ന് അനുമതി കിട്ടാൻ ബുദ്ധിമുട്ടാണ്.

ടെെറ്റിൽ സ്യൂട്ടിലെ പരാതിക്കാർ സുന്നി വഖഫ് ബോർഡ് ആയതുകൊണ്ടാണോ നിങ്ങൾ നിരീക്ഷകരായി സെെറ്റിൽ പോയത്?
ഖനനത്തിന് ശരിയായ മെത്തേഡുകളാണോ ഇവർ സ്വീകരിക്കുന്നത് എന്ന് നിരീക്ഷിക്കാൻ തന്നെയാണ് പോയത്. എൻഡിഎ ആണ് അധികാരത്തിലിരിക്കുന്നത്. വിവരങ്ങൾ വളച്ചൊടിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. സെെറ്റിൽ ഇല്ലാത്ത വസ്തുക്കൾ സെെറ്റിൽ കൊണ്ടുവെക്കും എന്നും ഭയന്നിരുന്നു. ക്ഷേത്രത്തിന്റെ തെളിവുകൾ കിട്ടിയില്ലെങ്കിൽ അവർ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുമോ എന്നും നമ്മൾ ഭയന്നിരുന്നു. എന്തെങ്കിലും വി​ഗ്രഹമോ ചിത്രമോ അവർ സെെറ്റിൽ കൊണ്ടുവെക്കുമെന്ന്.

ഇത് കാരണം എന്തെങ്കിലും രീതിയിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
അവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് നമുക്ക് ഭാ​ഗ്യമായി. നമ്മൾ രണ്ട് സെെറ്റുകളിൽ പോയി. അയോധ്യ തർക്കവുമായി ബന്ധപ്പെട്ട സെെറ്റുകളല്ല. ഇന്നാണ് ഞാൻ ഖനനത്തിന് അനുമതി തേടുന്നത് എങ്കിൽ എനിക്കൊരിക്കലും അനുമതി കിട്ടാൻ സാധ്യതയില്ല എന്നാണ് തോന്നുന്നത്.

ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് എന്താണ് പറയുന്നത്?
നിങ്ങൾ ആ റിപ്പോർട്ട് വായിച്ചാൽ അതിൽ ഏതെങ്കിലും ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം കാണാൻ കഴിയില്ല. ക്രോണോളജിയെപ്പറ്റിയും പലതരം ഘടനകളെപ്പറ്റിയും പോട്ടറിയെപ്പറ്റിയുമൊക്കെയുള്ള അധ്യായങ്ങളുണ്ട്.
ഇതിൽ ഇല്ലാത്തത് മൃഗങ്ങളുടെ എല്ലുകളുടെയും മനുഷ്യരുടെ എല്ലുകളുടെയും ബാക്കികളെ പറ്റിയുള്ള അധ്യായമാണ്. അതാണ് അവർ കണ്ടെത്തിയതെങ്കിലും അവരത് പ്രസിദ്ധീകരിച്ചിട്ടില്ല. മേൽപറഞ്ഞ അധ്യായങ്ങൾ തയ്യാറാക്കിയ വ്യക്തികളുടെ പേരുകൾ അതിലുണ്ട് എന്നാൽ കൺക്ലൂഷനിൽ ആ പേരുകൾ ഇല്ല. കൺക്ലൂഷന്റെ അവസാന പാര​ഗ്രാഫിൽ പറ‍ഞ്ഞിരിക്കുന്നത് വെസ്റ്റേൺ വാളിന്റെയും തൂൺതറകളുടെയും ചില കെട്ടിട ബാക്കികളുടെയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബാബ്റി മസ്ജിദ് നിന്നതിന് കീഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നാണ്. മൂന്ന് വരികളിലായാണ് ഇത് എഴുതിയിരിക്കുന്നത്. ഇതേ തെളിവുകൾ വെച്ച് തന്നെയാണ് ബാബ്റി മസ്ജിദ് നിന്നതിന് കീഴെ പള്ളികളാണ് ഉണ്ടായിരുന്നത് എന്ന് നമ്മൾ വ്യാഖ്യാനിച്ചത്.

നിങ്ങളുടെ വിദ​ഗ്ധാഭിപ്രായത്തിൽ ഇന്നുവരെയും ബാബ്റി മസ്ജിദിന് കീഴെ ക്ഷേത്രം ഉണ്ടായിരുന്നില്ല? അതിന് കീഴെ എന്താണ് ഉണ്ടായിരുന്നത്?
ബാബ്റി മസ്ജിദിന് കീഴെ ക്ഷേത്രം ഉണ്ടായിരുന്നില്ല. 12ാം നൂറ്റാണ്ടിനും പിന്നോട്ട് പോയാൽ, നാല് ആറ് നൂറ്റാണ്ടുകളിലേക്ക് പോയാൽ ​ഗുപ്ത കാലഘട്ടത്തിൽ അവിടെ ബുദ്ധ സ്തൂപം ഉണ്ടായിരുന്നു എന്ന് കാണാം. ബുദ്ധിസ്റ്റ് അധിനിവേശം ഉണ്ടായിരുന്നു, അത് തന്നെയാണ് അലക്സാണ്ടർ കണ്ണിങ്ഹാമും കണ്ടെത്തിയത്. ബാബ്റി മസ്ജി​ദിന് പുറത്ത് ബുദ്ധിസ്റ്റ് സ്തൂപങ്ങളും മൊണാസ്റ്ററികളും നിന്നിരുന്ന കുന്നുകളും ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ബിസി രണ്ടാം നൂറ്റാണ്ട് മുതൽ എഡി ആറാം നൂറ്റാണ്ട് വരെ അവിടെ ബുദ്ധിസ്റ്റ് സമൂഹം ഉണ്ടായിരുന്നു. അന്ന് ഉപേക്ഷിക്കപ്പെട്ടതും പിന്നീട് വീണ്ടും 11-12ാം നൂറ്റാണ്ടിൽ അധിനിവേശം നടന്നതും പിന്നീടൊരു മുസ്ലീം സമൂഹം അവിടെ രൂപപ്പെട്ടുവന്നു എന്നും നമ്മൾ അനുമാനിക്കുന്നു. അവിടെ അവർക്ക് ഒരു പള്ളിയുണ്ടായിരുന്നു, മുസ്ലീം സമൂഹം വളർന്നതോടെ പള്ളിയും വളർന്നു. പിന്നീട് 1528ൽ ബാബർ പള്ളി നിർമ്മിക്കുകയായിരുന്നു.

ബാബറിന്‍റെ ജനറൽ മീർ ബഖി ഒരു ക്ഷേത്രം തകർത്ത് പള്ളി പണിതതാണ് എന്ന വാദത്തിന് തെളിവുകളൊന്നുമില്ലേ?
പുരാവസ്തുപരമായ ഒരു തെളിവും ഇല്ല. പക്ഷേ വാമൊഴി രേഖകൾ ഉണ്ട്. 19ാം നൂറ്റാണ്ടിന്‍റെ അവസാന കാലത്താണ് അലക്സാണ്ടർ കണ്ണിങ്ഹാം അവ രേഖപ്പെടുത്തിയത്. പക്ഷേ കണ്ണിങ്ഹാമും ഒരു ക്ഷേത്രം ബാബ്റി മസ്ജിദിന് കീഴിൽ‌ അവിടെ ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവും രേഖപ്പെടുത്തിയിട്ടില്ല. കണ്ണിങ്ഹാം മൂന്ന് ക്ഷേത്രങ്ങളെപ്പറ്റി പറയുന്നുണ്ട്. മൂന്ന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി വാമൊഴി ചരിത്രമുണ്ട്. പക്ഷേ അവയൊന്നും ഉണ്ടായതായി പറയപ്പെടുന്നത് ബാബ്റി മസ്ജിദിന്‍റെ അടിയിൽ അല്ല. അയോധ്യയിലെ മറ്റ് ചില ക്ഷേത്രങ്ങളാണ് അവ.

അവകാശ തർക്ക കേസില്‍ ഈ റിപ്പോർട്ടിന് എന്ത് ഫലമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്?
ബെഞ്ചിൽ മൂന്ന് ജഡ്ജിമാരാണ് ഉണ്ടായിരുന്നത്. രണ്ട് ഹിന്ദുക്കളും ഒരു മുസ്ലീമും. മുസ്ലീം ജഡ്ജി എസ് യു ഖാൻ ആർക്കിയോളജിക്കൽ തെളിവുകളിലേക്ക് പോയില്ല. ഇതൊരു അവകാശ തർക്ക കേസാണ് എന്നും അതിനാൽ അവിടെ മുമ്പ് ആരാണ് ഉണ്ടായിരുന്നത് എന്ന കാര്യം പ്രസക്തമല്ലെന്നുമുള്ള ശക്തമായ നിലപാടുണ്ടായിരുന്നു. 1950ൽ ഈ കേസ് ഫയൽ ചെയ്യപ്പെട്ട സമയത്തുള്ള അവസ്ഥയനുസരിച്ച് കേസ് തുടരാമായിരുന്നു. പക്ഷേ മറ്റ് രണ്ട് ജഡ്ജിമാർ, ഡിവി ശർമ, സുധീർ അ​ഗർവാൾ എന്നീ രണ്ട് ജഡ്ജിമാർ പ്രത്യേകിച്ച് സുധീർ അ​ഗർവാൾ പറഞ്ഞത് ഇങ്ങനെയാണ്, ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ പറയുന്നത് പള്ളിക്ക് കീഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നാണ് അതിനാൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ പുരാവസ്തു വിദ​ഗ്ധർ പറയുന്നതിനാണ് വിലകൊടുക്കേണ്ടത്.

ഒരു ക്ഷേത്രം എന്നാണോ?
അതെ ഒരു ക്ഷേത്രം. അത് രാമക്ഷേത്രം ആണ് എന്ന് പറയുകയോ അത് നിലനിന്ന കാലഘട്ടം നിർണയിക്കുകയോ ചെയ്തിട്ടില്ല.

ഖനന പ്രക്രിയയിലെ ചില രീതികൾ ഖനന സംഘം നടപ്പിലാക്കിയിട്ടില്ല എന്ന് നിങ്ങൾ ഇപിഡബ്ല്യു റിപ്പോർട്ടിൽ പറയുന്നുണ്ടല്ലോ?
അതെ, അവർ അവകാശപ്പെടുന്നത് ഇവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്നാണ്. രാമക്ഷേത്രം വെെഷ്ണവ ക്ഷേത്രം ആണല്ലോ. അവിടെ പൊതുവായി എല്ലുകൾ കണ്ടെത്തപ്പെടാൻ സാധ്യതയില്ലല്ലോ. പക്ഷേ ഖനനം തുടങ്ങിയപ്പോൾ അവർ ഒരുപാട് എല്ലുകൾ കണ്ടെത്തിത്തുടങ്ങി, മൃ​ഗങ്ങളുടെ എല്ലുകൾ. ഒരു വെെഷ്ണവ ക്ഷേത്രം നിലനിന്നിരുന്ന ഭൂമിയിൽ മൃ​ഗങ്ങളുടെ എല്ലുകൾ കണ്ടെത്തുന്നതിനെ നിങ്ങൾ എങ്ങനെ വിശദീകരിക്കും? അവർക്കത് രേഖപ്പെടുത്താൻ താൽപര്യമുണ്ടായിരുന്നില്ല. അവർ ഖനനത്തിന് ഏർപ്പെടുത്തിയ തൊഴിലാളികൾ ഈ എല്ലുകൾ പെറുക്കി എറിഞ്ഞുകളയുന്നത് നമ്മൾ ശ്രദ്ധിച്ചിരുന്നു. മുസ്ലീങ്ങൾ ഉപയോ​ഗിച്ചിരുന്ന സെറാമിക് പാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടായിരുന്നു. അത്തരം പാത്രങ്ങളും അവർ എറിഞ്ഞുകളയുകയായിരുന്നു. അപ്പോൾ നമ്മൾ അതുകൂടി റെക്കോർഡ് ചെയ്യണം എന്ന് പരാതി നൽകി. ഒരു വെെഷ്ണവ ക്ഷേത്രത്തിൽ എങ്ങനെയാണ് മിനുസമുള്ള പാത്രങ്ങളുണ്ടാകുന്നത്? ഖനനത്തിന്‍റെ എത്തിക്സ് പുരാവസ്തു വകുപ്പ് ലംഘിച്ചിട്ടുണ്ട്.

ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ഈ എല്ലുകളുടെ കാലപ്പഴക്കം നിർണയിച്ചിട്ടുണ്ടോ?
ഇല്ല അവരത് ചെയ്തിട്ടില്ല.

വിദേശീയരായ ആർക്കിയോളജിസ്റ്റുകളുടെ സംഘത്തിന് ഇനി സെെറ്റിൽ ഖനനം ചെയ്യാൻ സാധിക്കുമോ?
വിദേശീയരായ ആർക്കിയോളജിസ്റ്റുകൾക്ക് അറിയാം ഇതൊരു രാഷ്ട്രീയ പ്രശ്നമാണെന്ന്. അവർക്കിതിൽ സ്വയം പെട്ടുകിടക്കാൻ താൽപര്യമുണ്ടാകില്ല. അവർക്ക് ഇന്ത്യയിൽ വേറെ എന്തെങ്കിലും പുരാവസ്തു ​ഗവേഷണം നടത്തണമെങ്കിൽ അവർ പല പ്രശ്നങ്ങളും നേരിട്ടേക്കും. ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. അതെല്ലാവർക്കും അറിയുകയും ചെയ്യാം.

ഇത്തരമൊരു കേസിൽ ഖനനം നടത്താൻ ആറുമാസം ചെറിയ സമയമല്ലേ?
ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയെക്കുറിച്ചും അതിലെ ആർ‍ക്കിയോളജിസ്റ്റുകളെക്കുറിച്ചും പറയുകയാണെങ്കിൽ അവർക്ക് വെെ​ദ​ഗ്ധ്യം ഒരു മുൻ​ഗണന അല്ല. ഏറ്റവും പുതിയ രീതികളെക്കുറിച്ച് അവർ അറിവുള്ളവര്‍ അല്ല. ഏറ്റവും പുതിയ സെെദ്ധാന്തിക വികാസങ്ങളെക്കുറിച്ച് അവർക്ക് അറിയാൻ താൽപര്യമില്ല. ഇതൊരു ഭരണപരമായ തൊഴിൽ എന്നതിനപ്പുറത്തേക്ക് ഒരു പഠനവിഷമയമാണെന്ന് അവർ കരുതുന്നേ ഇല്ല.


Read More Related Articles