പാനായിക്കുളം കേസിലേത് എൻഐഎക്കെതിരായ ചരിത്രപരമായ വിധി; ജയിൽമോചിതനായ റാസിക് റഹീം

By on

എൻ​ഐഎക്കെതിരായ ചരിത്രപരമായ വിധിയാണ് പാനായിക്കുളം കേസിലെ കേരള ഹെെ കോടതി വിധിയെന്ന് ജയിൽ മോചിതനായ റാസിക് റഹീം. ജയിലിൽ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് റാസിക് റഹീം ഇക്കാര്യം പറഞ്ഞത്. റാസിക് റഹീം, ഷമ്മാസ്, നിസാമുദ്ദീൻ എന്നിവരാണ് കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടത്.

“രാജ്യത്തെ വിവിധഭാ​ഗങ്ങളിൽ ജയിലിൽ കഴിയുന്ന നിരപരാധികളായ ആളുകൾക്കുള്ള, നിരപരാധികളായ ആളുകളുടെ മോചനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമത്തിന് വേണ്ടവിധം ആക്കം കിട്ടുന്ന ശക്തമായ വിധിയാണ് കേരള ​ഹെെക്കോടതിയുടേത്. വിധിയിൽ വളരെയേറെ സന്തോഷം ഞങ്ങൾക്കുണ്ട്. എൻഐഎയുടെ നിലപാടുകളെയും പ്രവർത്തന രീതിയെയും ചോദ്യം ചെയ്യുന്ന വിധിയാണിത്. കേരളത്തിൽ മുസ്ലിങ്ങൾക്കും ദളിതർക്കുമെതിരെ മാത്രമേ അവർ കേസുകളെടുത്തിട്ടുള്ളു. വലിയ ​ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് എൻഐഎ ഈ കേസ് ഉണ്ടാക്കിയത് എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് സംഝോത എക്സ്പ്രസ് കേസിൽ എൻഐഎ കാണിച്ച ഇരട്ടത്താപ്പ് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് കൂടിയാണ് ഈ വിധിയിൽ നിന്നും മനസ്സിലാകുന്നത്.

യുഎപിഎ പോലുള്ള മനുഷ്യത്വ വിരുദ്ധമായ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന രാജ്യത്തെ മുഴുവൻ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും, മതത്തിന്റെയും ജാതിയുടെയും അതിരുകൾക്ക് അപ്പുറത്ത് നിന്നുകൊണ്ട് ഇത്തരം പോരാട്ടങ്ങളിൽ മുഴുവൻ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും രം​ഗത്ത് വന്നിട്ടുണ്ട്. ഞങ്ങളുടെ കേസ് മെെനോറിറ്റി റെെറ്റ്സ് വാച്ച് ആണ് പ്രധാനമായും മുൻകയ്യെടുത്ത് നടത്തിയത്. മെെനോറിറ്റി റെെറ്റ്സ് വാച്ച് പ്രവർത്തകർക്കും അഭിഭാഷകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പത്തിലേറെ വർഷമായി ​ഗുജറാത്ത് സ്ഫോടനക്കേസിന്റെ പേരിൽ രണ്ട് പേർ തടവിൽ കഴിയുകയാണ്.വിചാരണ പോലും നടക്കാതെ കഴിയുകയാണ് അവർ. രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ ഒരുപാട് തടവുകാർ നീതി നിഷേധിക്കപ്പെട്ട് കഴിയുന്നുണ്ട്. ഈരാറ്റുപേട്ടയിലെ ജനങ്ങളും ഞങ്ങൾക്കൊപ്പം നിന്നു. കോൺ​ഗ്രസ് പ്രകടന പത്രികയിൽ നീതിക്ക് വേണ്ടി മുദ്രാവാക്യമുയരുന്ന രീതിയിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു. അതുതന്നെ ദളിതരും മുസ്ലിങ്ങളും അനുഭവിച്ച പീഡനങ്ങളുടെ തിരിച്ചറിവാണ് എന്നാണ് ജയിലിൽ നിന്നും ഇറങ്ങി വരുന്ന ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാകുന്നത്. രാജ്യദ്രോഹ വകുപ്പ് എടുത്തുകളയണമെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുൾപ്പെടെ ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇതെല്ലാം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അന്യായമായ എൻഐഎ പോലുള്ള ഏജൻസികളുടെ യുഎപിഎ പോലുള്ള ക്രൂര നിയമങ്ങൾക്കെതിരായ ഒരു വലിയ തിരിച്ചറിവാണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കേരളത്തിലാ​ദ്യമായി എൻഐഎ ഏറ്റെടുത്ത കേസാണ് പാനായിക്കുളം കേസ്. 2006ൽ ഒരു സ്വാതന്ത്ര്യ സമര സെമിനാറിന്റെ പേരിൽ എടുക്കപ്പെട്ട കേസാണിത്, ആ കേസിനെ ഇത്രയും വികൃതമായ രീതിയിലേക്ക് മാറ്റിയതിന് എൻഐഎയ്ക്ക് വലിയ പങ്കുണ്ട്, എൻഐഎയുടെ വാ​ദങ്ങൾ മുഴുവൻ തള്ളിക്കളഞ്ഞുകൊണ്ടാണ് ഹെെകോടതി ഞങ്ങളെ കുറ്റവിമുക്തരാക്കിയത്. അതോടൊപ്പം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് തുടർനിയമനടപടിക്കുള്ള ഒരുക്കത്തിലാണ് ഞങ്ങളും ഞങ്ങളുടെ അഭിഭാഷകരും., മുഴുവൻ മനുഷ്യ സമൂഹത്തിന്റെയും പിന്തുണ ഞങ്ങൾ തേടുകയാണ്. അപരവൽക്കരിക്കപ്പെടുക എന്ന വലിയൊരു പ്രശ്നം ഇവിടെയുണ്ട്. തീവ്രവാദ മുദ്ര കുത്തുന്നത് രാജ്യം മുഴുവൻ അറിയുമ്പോഴും ഇത് വിട്ടയക്കുന്ന വാർത്ത വളരെ ചെറുതായി ഏതെങ്കിലും പത്രത്തിന്റെ മൂലയിൽ മാത്രമാണ് വരിക. സ്വാഭാവികമായും അവർ ബ്രാൻഡ് ചെയ്യപ്പെട്ട കാലത്തെ വിവരങ്ങളാണ് ജനങ്ങളുടെ മനസ്സിലുണ്ടാകുക. ആ ബ്രാൻഡ് മാറി നിരപരാധിയാണ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നില്ല എന്ന വേദനാജനകമായ വസ്തുതയാണ് ഉള്ളത്.” – റാസിക് റഹീം പറയുന്നു.

പാനായിക്കുളം കേസില്‍ നിയമപോരാട്ടത്തിന് മുന്‍കെെയെടുത്ത മെെനോറിറ്റി റെെറ്റ്സ് വാച്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ അബ്ദുല്‍ മജീദ് നദ്വി കേസിനെപ്പറ്റി പറയുന്നത് ഇങ്ങനെ,

“ഇന്ത്യയിൽ നേതൃനിരയിലേക്ക് ഉയരേണ്ടവരായ വിദ്യാസമ്പന്നരും മതബോധമുള്ള വളരെ ബ്രില്യന്റായ ഒരു യുവസമൂഹത്തെ ഒന്നടങ്കം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സമാനമായ കേസുകളിൽ കുടുക്കി ജയിലിലടച്ച് ഈ സമൂഹത്തിന്റെ ഉണർവിനെ തകർക്കാൻ സംഘപരിവാർ രാഷ്ട്രീയം ശ്രമിക്കുകയാണ്. 2006ലാണ് ഈ കേസിന്റെ ആരംഭം, 2006 ഓ​ഗസ്റ്റ് 15ന് പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തിൽ പരസ്യമായി, റോഡുകൾ കൂടിച്ചേരുന്ന കവലയിൽ ഇന്ത്യൻ‍ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാറിന് വേണ്ടിയാണ് ഇവരവിടെ ഒത്തുകൂടിയത്. സത്യത്തിൽ പരിപാടിയുടെ തുടക്കത്തിൽ തന്നെ പൊലീസ് എത്തുകയും പ്രശ്നങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിൽ കുറച്ചുപേർ കൂടി പ്രശ്നത്തിലാകുമായിരുന്നു. ആദ്യം കേരള പൊലീസ് കേസ് അന്വേഷിച്ചു. അഞ്ചുപേരെ ചാർജ് ചെയ്ത് മറ്റുള്ളവരെ മുഴുവനും വിട്ടയച്ചു. പിന്നീട് സംഘപരിവാറിന്റെ ഭാ​ഗത്തുനിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായപ്പോൾ കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അവരെ കേസ് ഏൽപിച്ചു അവരാണ് ഈ കേസിന്റെ എല്ലാ കള്ള രേഖകളും കള്ള തെളിവുകളും ഉണ്ടാക്കിയെടുത്തത്.

സത്യത്തിൽ ഈ കേസ് എൻ‍ഐഎ ഏറ്റെടുത്ത ശേഷം എൻഐഎ പ്രത്യേകിച്ച് പണിയൊന്നും ചെയ്തിട്ടില്ല. മുൻ ഡിജിപി സിബി മാത്യൂസ് അദ്ദേഹത്തിന്റെ ആത്മകഥയായ നിർഭയം, അതിലെ ഒരു അധ്യായത്തിൽ പറയുന്നുണ്ട് കാത്തുസൂക്ഷിച്ചത് എൻഐഎ കൊണ്ടുപോയി. കേരള പൊലീസ് വളരെ സമർത്ഥമായി കള്ള തെളിവുകളും വ്യാജരേഖകളും ഉണ്ടാക്കി കുടുക്കാൻ തയ്യാറാക്കിയ ഒരു കേസ് എൻഐഎ കൊണ്ടുപോയി ക്രെഡിറ്റെടുത്തു എന്ന് ആ പുസ്തകത്തിൽ അദ്ദേഹം വളരെ വ്യക്തമായി പറയുന്നുണ്ട്. എൻഐഎയുടെ ഏത് കേസ് എടുത്തുനോക്കിയാലും വ്യാജ കുറ്റ സമ്മത മൊഴിയോ അതല്ലെങ്കിൽ കൃത്രിമ മാപ്പുസാക്ഷിയോ ഉപയോ​ഗിച്ചുകൊണ്ട് മാത്രമേ അവർക്ക് കേസ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളു. ഈ കേസിലും കൃത്രിമ മാപ്പുസാക്ഷിയെ കൊണ്ടുവന്നു. ഈ കേസ് വിജയത്തിലെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഒരുപാട് നല്ല ആളുകൾ ഞങ്ങളെ പിന്തുണയ്ക്കുകയും ഞങ്ങളോട് സഹകരിക്കുകയും ചെയ്തിട്ടുണ്ട്.”


Read More Related Articles