‘സ്മാഷ് ബ്രാഹ്മിണിക്കൽ പാട്രിയാർക്കി’ പോസ്റ്ററിനെ ട്വിറ്റർ ഇന്ത്യ തള്ളിപ്പറഞ്ഞത് അസ്വസ്ഥപ്പെടുത്തുന്നു; സംഘപാലി അരുണ

By on

ട്വിറ്റർ സിഇഓ ജാക് ഡോഴ്സിക്ക് ‘സ്മാഷ് ബ്രാഹ്മിണിക്കൽ പാട്രിയാർക്കി’ പോസ്റ്റർ സമ്മാനിച്ചതില്‍ ട്വിറ്റർ ഇന്ത്യ മാപ്പ് പറഞ്ഞത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് പോസ്റ്റർ സമ്മാനിച്ച ദലിത് വിമെൻസ് ഫെെറ്റ് ​ഗ്രൂപ്പിലെ ദലിത് സ്ത്രീ ആക്ടിവിസ്റ്റ് സംഘപാലി അരുണ.
സ്വന്തം അഭിപ്രായങ്ങൾ പങ്കുവെക്കാൻ ട്വിറ്റർ ഉപയോ​ഗിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ അനുഭവങ്ങൾ കേൾക്കുക എന്നതും ഒാൺലെെൻ അതിക്രമങ്ങളെപ്പറ്റി അറിയുക എന്നതുമായിരുന്നു ഡൽഹിയിൽ ഏഴ് വനിതാ ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കുമൊപ്പം ജാക് ഡോഴ്സി നടത്തിയ രഹസ്യയോ​ഗത്തിന്റെ ലക്ഷ്യം.

“പോസ്റ്ററിനെതിരെയുള്ള പ്രതികരണങ്ങൾ ഹിന്ദുത്വ ബ്രി​ഗേഡിൽ നിന്നുള്ള വിദ്വേഷം നിറഞ്ഞ ട്രോളുകളാണ്. സവർണ ആധിപത്യം എന്താണ് എന്ന് ഇതോടെ ട്വിറ്ററിന് ബോധ്യപ്പെട്ടിരിക്കും. ട്വിറ്റർ ഇന്ത്യയുടെ മാപ്പപേക്ഷ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു.”സംഘപാലി അരുണ പറയുന്നു.


യോ​ഗത്തിൽ പങ്കെടുത്തിരുന്ന റിതുപർണ ചാറ്റർജി പറയുന്നത് ഇങ്ങനെ,
“ഞങ്ങൾ ഏഴ്പേരും ഞങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു. നല്ല അനുഭവങ്ങൾ അടക്കം. ട്വിറ്റ്ർ ടീം അത് ക്ഷമയോടെ കേൾക്കുകയും ചെയ്തു. ട്വിറ്ററിൽ വരുന്ന അധിക്ഷേപങ്ങളെയും ഭീഷണികളെയും പറ്റി സംസാരിച്ചുകൊണ്ടിരിക്കെ ഒരു ദളിത് അവകാശ പ്രവർത്തക ട്വിറ്ററിൽ ട്രോൾ ചെയ്യപ്പെടുന്നത് എങ്ങനെ എന്നതിനെ പറ്റി സംസാരിച്ചു. ട്വിറ്ററിലെ ജാതി അധിക്ഷേപങ്ങളോട് ദളിത് സ്ത്രീകളും പുരുഷന്മാരും ദിവസംതോറും പോരാടുന്നത് എങ്ങനെ എന്നും ട്വിറ്ററിൽ ഇത്തരം അധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാര്യക്ഷമമായ വഴികൾ ഇല്ലെന്നും ആ ദളിത് സ്ത്രീ പറഞ്‍ഞു. ട്വിറ്റർ ടീം അതിനെ അതീവശ്രദ്ധയോടെ മനസ്സിലാക്കി. ”

“ഒരു  ദളിത് സ്ത്രീ ആണ് ഡോഴ്സിക്ക് സ്മാഷ് ബ്രാഹ്മിണിക്കൽ പാട്രിയാർക്കി പോസ്റ്റർ സമ്മാനിച്ചത്. പക്ഷേ ആ സ്ത്രീ അതുമായി ഡോഴ്സി പോസ് ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. പോസ്റ്ററുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് ഡോഴ്സിയുടെ മാത്രം തീരുമാനമായിരുന്നു” മീറ്റിങ്ങിൽ പങ്കെടുത്ത ബർഖാ ദത്ത് പറയുന്നു.

ട്വിറ്റർ ഇന്ത്യയുടെ ഒരു ഒഫീഷ്യൽ തന്നെയാണ് ഫോട്ടോ എടുത്തത്. പിന്നീട് യോ​ഗത്തിൽ പങ്കെടുത്ത ഒരു മാധ്യമപ്രവർത്തക ട്വീറ്റ് ചെയ്യുകയും ചെയ്തു എന്നാൽ ഈ ഫോട്ടോ പുറത്തുവിട്ടതിൽ ക്ഷമാപണവുമായി ട്വിറ്റർ ഇന്ത്യയുടെ പോളിസി ഹെഡ് വിജയ ​ഗഡ്ഡെ എത്തിയത് നിരാശപ്പെടുത്തുന്നതായി ബർഖാ ദത്ത് പറയുന്നു. ഈ ഫോട്ടോ പോസ്റ്റ് ചെയ്യാൻ ട്വിറ്റർ ടീം തന്നെ തങ്ങളോട് പറയുകയും ചെയ്തിരുന്നുവെന്നും ബർഖ പറഞ്ഞു.

എന്നാൽ സവർണ പുരുഷനെതിരെ ആയുധമെടുത്ത് ഇറങ്ങാനുള്ള കലാപാഹ്വാനമാണ് ഇത് എന്ന് ട്വിറ്ററിലെ സവർണ ഹാൻഡിലുകൾ ഇതിനെ വ്യാഖ്യാനിച്ചു. #JackApologize എന്ന ഹാഷ് ടാ​ഗിലാണ് ഈ വിദ്വേഷ പോസ്റ്റുകൾ ഇടുന്നത്.


Read More Related Articles