അയോധ്യ വീണ്ടും യുദ്ധഭൂമിയാക്കി സംഘപരിവാർ; മുസ്ലീങ്ങൾ കൂട്ടമായി അയോധ്യ വിടുന്നു

By on

ബാബ്റി മസ്ജിദ് തകർക്കലിന്റെ വാർഷികത്തിന് രണ്ടാഴ്ച മുമ്പ് രാം മന്ദിർ നിർമാണ പ്രഖ്യാപന സമ്മേളനത്തിനായി അയോധ്യയിൽ ശിവസേന, വിഎച്ച്പി പ്രവർത്തകർ എത്തിയപ്പോൾ  1992 ആവർത്തിക്കുമെന്ന ഭയത്തിൽ മുസ്ലീങ്ങൾ കൂട്ടമായി അയോധ്യ വിടുന്നു.  ബാബ്റി മസ്ജിദ് തകർക്കലിനെ തുടർന്ന് വിഎച്ച്പിയും ശിവസേനയും അഴിച്ചുവിട്ട അതിക്രമങ്ങൾ ഭയന്ന് തങ്ങൾ അയോധ്യ വിടുകയാണെന്ന് അയോധ്യയിലെ മുസ്ലീങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.


“നിലവിലുള്ള സംഘർഷാവസ്ഥ മാറിയാൽ മാത്രമേ സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടിയ മുസ്ലീങ്ങൾ തിരിച്ചുവരികയുള്ളൂ. 1992ൽ മസ്ജിദ് തകർക്കാൻ സംഘം ചേർന്ന് എത്തിയതുപോലെ തന്നെയാണ് ഇവർ വന്നിരിക്കുന്നത്. സംഘർ‌ഷാവസ്ഥ ഭയന്ന് ​ഗൊരഖ്പൂരിലുള്ള ബന്ധുവീട്ടിലേക്ക് പോകാനൊരുങ്ങുകയാണ്.” മുഹമ്മദ് അസീസ് എന്ന അമ്പത്തിനാലുകാരൻ പറഞ്ഞു.

“ന​ഗരത്തിൽ ആൾക്കൂട്ടമുണ്ടായാൽ 1992ലെ അതിക്രമങ്ങളെക്കുറിച്ച് ഭയപ്പെട്ടുകൊണ്ടാണ് അയോധ്യയിലെ മുസ്ലീങ്ങൾ ജീവിക്കുന്നത്, അവരുടെ ദെെവത്തെ കാണാനാണ് അവർ ഇങ്ങോട്ട് വരുന്നത് എന്നാൽ ഞങ്ങൾക്ക് ഭയമുണ്ട്, അവരുടെ മനസ്സിൽ എന്താണെന്ന് പറയാൻ കഴിയില്ല. രണ്ട് ട്രെയ്നുകളിലാണ് ഇന്നലെ ശിവസെെനികർ അയോധ്യയിൽ എത്തിയത്.” എന്ന് ബാബ്റി മസ്ജിദ് കേസിലെ  പ്രധാന പരാതിക്കാരനായ ഇഖ്ബാൽ അസീസി ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റിനോട് പ്രതികരിച്ചു .


വിഎച്ച്പി, ശിവസേന കർസേവകർ ബാബ്റി മസ്ജിദ് തകർത്ത ശേഷം 18 മുസ്ലീങ്ങൾ അയോധ്യയിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെ കടകളും വീടുകളും കത്തിച്ചു. 23 പള്ളികൾ തകർക്കപ്പെട്ടു. പക്ഷേ കർസേവകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല.

“ ധരം സഭ നടക്കുമ്പോൾ 1992 ആവർത്തിച്ചേക്കാം, അതിന്റെ പേരിലുണ്ടാകുന്ന ക്രമസമാധാന തടസ്സങ്ങളൊന്നും ഭഗവാൻ രാമന്‍റെ കാര്യത്തിൽ ഒരു പ്രശ്നമല്ല. അതൊക്കെ അദ്ദേഹം നോക്കിക്കോളും.” എന്ന് നേരത്തെ ബിജെപി എംഎൽഎ സുരേന്ദ്ര സിം​ഗ് പറഞ്ഞിരുന്നു. “രാം മന്ദിർ നിർമാണം ചർച്ച ചെയ്യാൻ സന്യാസികളുടെ ഒരു യോ​ഗം നടക്കുന്നുണ്ട് അതിൽ പങ്കെടുക്കാനാണ് വിഎച്ച്പി, ശിവസേന പ്രവർത്തകർ എത്തുന്നത്, മുസ്ലീങ്ങൾ ഭയക്കേണ്ടതില്ല, ഭയന്നവർക്ക് ഞങ്ങൾ അഭയമൊരുക്കാം” എന്നാണ് വിഎച്ച്പി വക്താവ് ശാരദ് ശർമ പറയുന്നത്.അക്രമസംഭവങ്ങൾ ഉണ്ടാകുകയില്ല എന്നാണ് ജില്ലാ ഭരണകൂടം മുസ്ലീങ്ങളോട് പറയുന്നത്.

ഇനിയും ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിച്ചാൽ ബാബ്റി മസ്ജിദ് തകർത്തതുപോലെ തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്ന് നവംബർ 2ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞിരുന്നു.  അന്ന് തന്നെയാണ് അയോധ്യയിൽ സരയൂ തീരത്ത് 221 മീറ്റർ ഉയരമുള്ള രാമ പ്രതിമ നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. 300 കോടിയാണ് നിർമാണ ചെലവ്.

ജനുവരിയിൽ മാത്രമേ രാം മന്ദിർ ആവശ്യത്തെ സുപ്രീം കോടതി പരി​ഗണിക്കൂ എന്ന സാഹചര്യവും നിലവിലുണ്ട്. ബാബ്റി മസ്ജിദ് ഉണ്ടായിരുന്ന ഭൂമിക്ക് മേൽ അവകാശവാദമുന്നയിച്ച് ഫയൽ ചെയ്ത കേസിൽ സുപ്രീം കോടതി അടിയന്തിരമായി വാദം കേൾക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അഖില ഭാരത ഹിന്ദു മഹാസഭയും കേസിൽ വാദം കേൾക്കൽ നേരത്തെയാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അടക്കമുള്ള ബെഞ്ച് സുപ്രീം കോടതിക്ക് അതിന്റെതായ മുൻ​ഗണനകളുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹർജികൾ തള്ളുകയായിരുന്നു. മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പള്ളി അത്യാവശ്യമില്ല എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
ജനുവരിയിൽ സുപ്രീം കോടതി കേസ് വീണ്ടും പരി​ഗണിക്കും.


Read More Related Articles