”ഞങ്ങൾക്ക് വേണ്ടത് സഹതാപമല്ല, ശാശ്വതമായ പരിഹാരമാണ്”; അലി​ഗഢിലെ കശ്മീരി വിദ്യാർത്ഥി പറയുന്നു

By on
കശ്മീരി ജനതയുടെ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടതിന്റെ 58 ആം ദിവസം സുപ്രീംകോടതി കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ മാറ്റിവച്ചതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയരുകയാണ്. ഈ സാഹചര്യത്തിൽ കശ്മീർ വിഷയത്തോട് പ്രതികരിക്കുകയാണ് അലി​ഗഢ് സർവ്വകലാശാലയിലെ ഒരു കശ്മീർ വിദ്യാർത്ഥി. സഹതാപമല്ല തങ്ങൾക്ക് വേണ്ടതെന്നും കശ്മീർ വിഷയത്തിൻ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും വിദ്യാർത്ഥി പറയുന്നു.

“ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടപ്പോൾ ജമ്മു കശ്മീരിൽ നിന്നുള്ളവരെല്ലാം ക്ഷുഭിതരായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നും തദ്ദേശീയ ജനതയുടെ നിലപാട് പരിഗണിക്കാതെ അവരുടെ ഭാവി എങ്ങനെ തീരുമാനിക്കാൻ കഴിയും എന്നുമാണ് അതിന്‍റെ കാരണം. അന്ന് തന്നെ എല്ലാ കശ്മീരി വിദ്യാർഥികളും കൂടിച്ചേർന്നു. അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിക്കും അലിഗഢ് ലെ ജനങ്ങൾക്കും അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒന്നും വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. അതിന് ശേഷം ഇനി സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് നോക്കിക്കണ്ടു ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന തീരുമാനത്തിലെത്തി ഞങ്ങൾ. നമ്മുടെ പ്രതിഷേധം നമ്മുടെ വേദനയിൽ നിന്നുണ്ടായതാണ്, നമ്മുടെ കുടുംബത്തെക്കുറിച്ച്, നമ്മുടെ രക്ഷിതാക്കളെക്കുറിച്ച്, നമ്മുടെ അമ്മമാരെക്കുറിച്ച്, നമ്മുടെ സഹോദരിമാരെക്കുറിച്ച്, കശ്മീരിലുള്ള ഓരോരുത്തരെയും കുറിച്ച്, നമ്മളെല്ലാവരും ആശങ്കപ്പെട്ടിരുന്നു. ഇതെല്ലാം തുടർന്നുകൊണ്ടേയിരുന്നു, നമ്മളെല്ലാം ചിന്തിച്ചത് നമുക്ക് നമ്മുടെ വീട്ടുകാരെ കാണാൻ കഴിയും എന്നുതന്നെയായിരുന്നു. ആളുകളുടെ കയ്യിൽ പെെസ തീർന്നുകൊണ്ടിരിക്കുകയാണ്. ഫെല്ലോഷിപ്പും സ്റ്റെെപ്പെൻഡുമുള്ള വിദ്യാർത്ഥികൾ പെെസയില്ലാത്ത വിദ്യാർത്ഥികളെ സഹായിച്ചുതുടങ്ങി. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളാണ് വിദ്യാർത്ഥികൾക്ക് പുതിയ സെമസ്റ്ററിനുള്ള ഫീസടക്കേണ്ടത്, അതായിരുന്നു പരിഹരിക്കേണ്ടിയിരുന്ന പ്രധാന പ്രശ്നം. ഇത് കരുതിക്കൂട്ടി ചെയ്തത് തന്നെയാകാം. 2010ലെയും 2014ലെയും രണ്ട് പ്രധാന ജനകീയ പ്രതിരോധങ്ങൾ നോക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാം, ആപ്പിൾ വിളവെടുപ്പിന്‍റെ കാലത്താണ് മുന്നേറ്റങ്ങളുടെ തീവ്രതയിൽ താഴ്ച്ചയുണ്ടാകുക. ആർ‍ട്ടിക്കിൾ 370 റദ്ദാക്കുന്ന സമയം വളരെ കണക്കുകൂട്ടി തീരുമാനിച്ചതുതന്നെയാണ്, സെപ്തംബർ അവസാനത്തോടെ ആപ്പിൾ വിളവെടുപ്പ് തുടങ്ങും, ആളുകൾക്ക് ജോലി ചെയ്യാൻ പുറത്തിറങ്ങേണ്ടിവരും, അതവരുടെ മനസ്സാക്ഷിയെ തകർക്കും, അവർക്ക് ജോലിക്ക് പോകാൻ പറ്റാതാകും, വീട്ടിൽ പെെസയൊന്നും ഉണ്ടാകുകയില്ല, സമ്പദ്വ്യവസ്ഥയ്ക്ക് അത് ഒരു തരത്തിലും ഗുണം ചെയ്യില്ല. ആത്യന്തികമായി അവർ ആർട്ടിക്കിൾ 370ന് വേണ്ടി ആപ്പിളുകൾ ത്യജിക്കും, ലക്ഷ്യം സ്വയം നിർണയാവകാശമാണ്, അതിനു വേണ്ടിയാണ് പോരാട്ടം. അതിന് വേണ്ടിയാണ് സാമ്പത്തികാവസ്ഥയെ കശ്മീരികൾ ത്യജിക്കുന്നത്. അത് കശ്മീരികളെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യമാണ്, ഗ്രാമീണ ജനത പൂർണായും ആപ്പിളിനെ ആശ്രയിച്ചാണ് കഴിയുന്നത്.

നമ്മുടെ പ്രതിഷേധ പ്രകടനം ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ആയിരുന്നില്ല. യൂണിവേഴ്സിറ്റിക്ക് മേൽ സമ്മർദ്ദമുണ്ട്, എല്ലാവരും പറയുന്നത് അവർ സമ്മർദ്ദത്തിലാണ് എന്നാണ്, മന്ത്രാലയത്തിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരിലേക്ക്, ഉദ്യോഗസ്ഥരിൽ നിന്ന് വെെസ് ചാൻസിലറിലേക്ക്, ആത്യന്തികമായി മുഴുവൻ സമ്മർദ്ദവും ചെന്ന് പതിക്കുന്നത് കശ്മീരിൽ പീഡനമനുഭവിക്കേണ്ടിവരുന്ന ജനങ്ങളിലാണ്. പ്രതിഷേധിക്കാൻ പോലും പറ്റാത്ത ജനങ്ങളിലേക്ക്. ഇത് അസംബന്ധമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയിൽ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കപ്പെടുമ്പോൾ, ആ തീരുമാനം നമ്മളെ മാത്രം ബാധിക്കുന്നൊരു തീരുമാനമാകുകയും അത് മറ്റാരെയും ബാധിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഈ തീരുമാനത്തെ ഗുണകരം/ദോഷകരം എന്ന കളങ്ങളില്‍ പെടുത്തി നോക്കാൻ മാത്രം നിഷ്കളങ്കരായ ജനങ്ങളല്ല ഞങ്ങൾ. അതിലല്ല കാര്യം. നിങ്ങളെടുത്ത തീരുമാനത്തിൽ ഞങ്ങൾക്കുള്ള പങ്കാണ് കാര്യം. ഇനിയിത് ഗുണകരമാണെങ്കിൽ തന്നെ അതിന് വേണ്ടി ഞങ്ങൾക്ക് വോട്ട് ചെയ്യാൻ അറിയാം, നമ്മുടെ വാക്ക് പരിഗണിച്ചില്ല എന്നതാണ് പ്രശ്നം. അവർ ജനങ്ങളുടെ അഭിപ്രായത്തെ അപ്രധാനമാക്കുകയാണ്. അവിടെ ജീവിക്കുന്ന ജനങ്ങളെ നിങ്ങൾ സംസാരിക്കാൻ സമ്മതിക്കുന്നില്ല, അവർക്ക് വേണ്ടതെന്താണെന്ന് തീരുമാനിക്കാൻ സമ്മതിക്കുന്നില്ല. നിങ്ങൾക്ക് നല്ലതാണെന്ന് പറഞ്ഞ് നിങ്ങളുടെ തീരുമാനം ഞങ്ങൾക്ക് മേൽ അടിച്ചേൽപിക്കുകയാണ്, ഞങ്ങളെ അപ്രധാനമാക്കുകയാണ്. ജനങ്ങൾ അതത്ര എളുപ്പത്തിൽ എടുക്കുകയില്ല. ആത്യന്തികമായി നിങ്ങൾ ശ്രമിക്കുന്നത് കശ്മീരി ജനതയെ തകർക്കാനാണ്, സെെനികശക്തി കൊണ്ട് അവരുടെ ധാർമികതയെ തകർക്കാനാണ്, കശ്മീരിൽ സംഭവിക്കുന്നതിനെയെല്ലാം മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. അലിഗഢ് സർവകലാശാലയിൽ നടത്തിയ നമ്മുടെ നിശ്ശബ്ദ പ്രതിഷേധം ഇന്ത്യൻ യൂണിവേഴ്സിറ്റികളിലെ കശ്മീരി വിദ്യാർത്ഥികൾക്ക് അവരുടെ ബന്ധുക്കളോട് സംസാരിക്കാൻ പറ്റാത്തതിനാലാണ്. അവിടെ എന്ത് സംഭവിക്കുന്നു എന്ന് നമ്മൾക്കാർക്കും അറിയാൻ കഴിയുന്നില്ല. അടിയന്തരാവസ്ഥയാണ് അവിടെ, പക്ഷേ നമുക്ക് കൂടുതലൊന്നും അറിയാൻ ‍കഴിയുന്നില്ല. കയ്യിലുള്ള പെെസയെല്ലാം തീർന്ന ഒരു വിദ്യാർത്ഥി പിന്നീട് എങ്ങോട്ടാണ് പോകേണ്ടത്? പലരും മറ്റുള്ളവരോട് പെെസ ചോദിക്കുന്നതിന് മടിക്കുന്നുണ്ട്, എല്ലാം ത്യജിച്ചുകൊണ്ടാണ് ജീവിക്കുന്നത്, ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്, ഇതാണ് നമ്മുടെ സർവ്വകലാശാലയിൽ സംഭവിക്കുന്നത്. കശ്മീരികൾ മാത്രമാണ് ഞങ്ങളെ സഹായിക്കുന്നത് എന്ന് പറയുന്നില്ല, ഇന്ത്യയിൽ നിന്നുള്ളവരും ഞങ്ങളെ സഹായിക്കുന്നുണ്ട്, മാനവികതയുടെ പേരിൽ നിലകൊള്ളുന്നവർ ഒരുപാടുണ്ട്. ഡൽഹിയിൽ നിന്നുള്ളവർ, ഉത്തർപ്രദേശിൽ നിന്നുള്ളവർ എല്ലാം ഞങ്ങളോട് എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണമെന്ന് പറയുന്നുണ്ട്, പക്ഷേ ഞങ്ങൾക്ക് സഹതാപമല്ല വേണ്ടത്. സഹതാപമല്ല ഇവിടത്തെ ചോദ്യം. ആത്മഹത്യയുടെ വക്കിലുള്ള ഒരു കർഷകന് പത്തു ദിവസത്തേക്കുള്ള ഗോതമ്പ് കൊടുത്ത് ഞങ്ങൾ നിങ്ങളോട് സഹതപിക്കുന്നു എന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. അയാൾക്ക് ഒറ്റയ്ക്ക് അതിജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. കുറേക്കാലം നിലനിൽക്കുന്ന ഒരു പരിഹാരം. ഈ പ്രപഞ്ചത്തിൽ സമാധാനം വേണ്ടാത്ത ആരാണ് ഉള്ളത്? ചിലപ്പോൾ ഉണ്ടായിരിക്കാം, സമാധാനം വേണ്ടാത്ത ആളുകൾ. പക്ഷേ ഞങ്ങൾ ഇതെല്ലാം കുറേയായി കാണുന്നു, കൊലപാതകങ്ങൾ, ശവശരീരങ്ങൾ, ബലാത്സംഗങ്ങൾ, എനിക്ക് തോന്നുന്നത് രാജ്യത്തിന്റെ ഈ ഭാഗത്ത് ജീവിക്കുന്ന ജനങ്ങൾക്ക് ഇതേപ്പറ്റിയൊന്നും കൂടുതൽ അറിവില്ലെന്നാണ്, നമ്മൾക്ക് അറിയുന്നത്രയൊന്നും അവർക്ക് അറിയില്ല.
ഓരോ ദിവസവും മൃതദേഹങ്ങൾ കാണേണ്ടിവരുന്നത് എത്ര വേദന നിറഞ്ഞതാണെന്ന് അവർക്ക് അറിയില്ല. ഉമ്മമാരും സഹോദരിമാരും ബലാത്സംഗം ചെയ്യപ്പെടുന്നത് കാണുമ്പോൾ അത് എത്രമാത്രം വേദനയുണ്ടാക്കുന്നു എന്ന് അവർക്ക് അറിയില്ല. വാർത്തയിൽ അവരെഴുതുന്നത് ആരോപിതമായ ബലാത്സംഗം എന്നാണ്. പിന്നീട് അന്വേഷണ കമ്മീഷനുകൾ രൂപീകരിക്കുന്നു, പിന്നീട് വർഷങ്ങളോളം അന്വേഷണം നടക്കുന്നു,പക്ഷേ ആരും ഒന്നും തെളിയിക്കുന്നില്ല. നമുക്ക് ഇതിൽ നിന്നെല്ലാം സ്വാതന്ത്ര്യം വേണം. ഇത് മാനസിക പീഡനമാണ്. അതിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം വേണം. ഈ രാജ്യത്തെ മറ്റുള്ളവർ ചെയ്യുന്നതുപോലെ നമുക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല, നമുക്ക് സമാധാനത്തോടെ പഠിക്കാൻ കഴിയുന്നില്ല. നമ്മളെ എന്താണ് കാത്തിരിക്കുന്നത് എന്നതിനെപ്പറ്റിയുള്ള ആയിരം ചിന്തകളാണ് നമ്മുടെ ഉപബോധ മനസ്സ് നിറയെ. ഇപ്പോൾ നമുക്ക് എല്ലാത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നുള്ള പ്രതികരണങ്ങളെപ്പറ്റി
എണ്‍പത് ലക്ഷം ജനങ്ങളെ ജയിലിലടക്കാനുള്ള കടുത്ത തീരുമാനം ഒരു ഭരണകൂടം കെെക്കൊള്ളുമ്പോൾ മനസ്സാക്ഷി ഉണർന്നിരിക്കുന്ന ഒരു ചെറിയ ശതമാനം ജനങ്ങൾ അതിനെ പ്രതിരോധിക്കും പക്ഷേ, ഭൂരിപക്ഷ ജനസംഖ്യയുടെ മനസ്സാക്ഷി വിജയിക്കും, അവർക്ക് ഇത് വേണമായിരുന്നു. ഇരുഭാഗത്തും ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെപ്പറ്റി ബോധ്യമുണ്ടായാലും അവർക്ക് ഇത് വേണം, അതിലൂടെ അവർ സന്തോഷിക്കും. ഇത് ഭരണകൂടത്തിന് പ്രശ്നമായി മാറുന്നത് വലിയൊരു വിഭാഗം ജനങ്ങൾ ഇതേപ്പറ്റി അറിഞ്ഞാൽ മാത്രമാണ്, എന്നാൽ മാധ്യമങ്ങളിലൂടെ ഭരണകൂടം വ്യാജവാർത്ത പ്രചരിപ്പിക്കുകയും ഭരണകൂട അനുകൂല വാദങ്ങൾ ഉറപ്പിക്കുകയും ചെയ്യുന്നു. കശ്മീരിൽ ഇനി നിങ്ങൾക്ക് ഇത് ചെയ്യാം അത് ചെയ്യാം എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഭരണകൂടം നടത്തുന്നത്. അങ്ങനെയൊന്നും എളുപ്പത്തിൽ ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് വേറെ എവിടെനിന്നെങ്കിലും വന്ന് കശ്മീരിൽ ഭൂമി വാങ്ങിക്കാനോ എന്തെങ്കിലും ചെയ്യാനോ പറ്റില്ല. ആളുകൾ ചിന്തിക്കുന്നതുപോലെ എളുപ്പമല്ല അത്. വളരെ മോശം നിക്ഷേപ തീരുമാനമായിരിക്കും അത്, എന്റെ നാടിനെക്കുറിച്ച് എനിക്ക് അറിയാവുന്നതുകൊണ്ടാണ് പറയുന്നത്. എങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഞങ്ങൾ ജീവിക്കുന്നത് എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. ഒരു ജനസംഖ്യയുടെ മൊത്തം മനസ്സാക്ഷിക്ക് സംതൃപ്തി നൽകുന്നതാണ് ഭരണകൂടത്തിന്‍റെ ഈ നീക്കം. നമുക്ക് എന്ത് സംഭവിച്ചാലും അതവർക്ക് സന്തോഷമാണ് നൽകുന്നത്. നമുക്ക് സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി അവരാണ്, നമ്മുടെ ശരീരത്തിലെ ഓരോ മുറിവിനും നമ്മുടെ ഓരോ ചോരത്തുള്ളിക്കും ഉത്തരവാദി അവരാണ്. അവർ ആർത്തുവിളിക്കുകയാണ്, എങ്കിലും ചെറുതാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. അവർ എണ്ണത്തിലും ആശയത്തിലും വലുതാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പ്രതിഷേധങ്ങളിലൂടെ കശ്മീരി ജനത ആവശ്യപ്പെടുന്നത് സ്വാതന്ത്ര്യമാണ്, ഈ ഉപരോധത്തിന്‍റെ അവസാനമാണ്. നമ്മളെ വില്ലൻമാരായാണ് ചിത്രീകരിക്കുന്നത്. പക്ഷേ യാഥാർത്ഥ്യം അതല്ല.
വലിയൊരു ഭൂരിഭാഗത്തിന്‍റെ ദേശീയ ചോദ്യമായി മാറിയിരിക്കുകയാണ്, കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചത് എന്താണ് എന്നത്. ഞങ്ങളതിന് ഉത്തരവാദികളല്ല. നിങ്ങൾ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് അത്രയധികം ആശങ്കയുള്ളവരാണെങ്കിൽ ഒരു സ്വതന്ത്ര അന്വേഷണം നടത്തൂ, അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കൂ, അതൊരു നേതാവാകട്ടെ, ഒരു വിമോചന നേതാവാകട്ടെ. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾക്കറിയില്ല, ഒരു അന്വേഷണം നടത്തൂ, അങ്ങനെയൊരു അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല. നിങ്ങൾക്ക് കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനാണ് താൽപര്യം, നമ്മൾക്കതിന് താൽപര്യമില്ല എന്നല്ല. കശ്മീർ അവരുടെ കൂടി ഭൂമിയാണ്. അവരുടെ ജന്മദേശമാണ്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് അവർക്ക് അവിടെനിന്നും ഇറങ്ങിപ്പോകേണ്ടിവന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. അതിന്‍റെ വേദന പുതിയ തലമുറകളിലെ കശ്മീരി പണ്ഡിറ്റുകൾക്ക് അറിയണമെന്നില്ല, പക്ഷേ അവിടംവിട്ട് പോകേണ്ടിവന്ന അവരുടെ രക്ഷിതാക്കൾക്ക് അറിയുമായിരിക്കും. അവിടെയുള്ള വിടവ് നികത്തപ്പെട്ടിട്ടില്ല. നമുക്കും അവരെ തിരികെ വേണം. പക്ഷേ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രീതിയിലല്ല അവരെ തിരിച്ചുകൊണ്ടുവരേണ്ടത്. പക്ഷേ കശ്മീരി മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്ത് അവരുടെ വേരറുത്തുകൊണ്ടല്ല അത് ചെയ്യേണ്ടത് അങ്ങനെ ചെയ്യുമ്പോൾ അത് സെറ്റ്ലർ കൊളോണിയലിസം ആണ്, പ്രത്യേക കോളനികൾ സൃഷ്ടിച്ചുകൊണ്ട്. അതാണ് ഇസ്രയേൽ പലസ്തീനിൽ ചെയ്തുകൊണ്ടിരിക്കുന്നത്, അതാണ് സെറ്റ്ലർ കൊളോണിയലിസം, നമുക്ക് വേർതിരിക്കപ്പെട്ട ഒരു സമൂഹം വേണ്ട. അത് ദൂരവ്യാപകമായ, നിലവിലുള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കശ്മീർ ഒരിക്കലും വർഗീയമായിരുന്നില്ല, 1990ൽ സംഭവിച്ച ചരിത്രത്തിലെ നിർഭാഗ്യകരമായ ആ സംഭവമൊഴിച്ച്. സർക്കാർ രേഖകളിൽ മൂന്ന് ലക്ഷം മുസ്ലിങ്ങൾ കൊല്ലപ്പെട്ടതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ജനങ്ങൾക്കറിയാം അഞ്ച് ലക്ഷത്തിലേറെ മുസ്ലിങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. മുസ്ലിങ്ങൾക്ക് സംഭവിച്ചതിനെക്കുറിച്ചെല്ലാം മുസ്ലിങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ അത് ഒരിക്കലും അവസാനിക്കാത്ത പോരാട്ടമല്ലേ ഉണ്ടാക്കുക? സംഭവിച്ചതെല്ലാം സംഭവിച്ചു എന്നതാണ്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്ക് അതറിയില്ല.

ഇനി ആരാണ് ഈ വാർത്ത ഭൂരിപക്ഷം ജനങ്ങളിലേക്ക് എത്തിക്കുക? ആളുകൾ പറയുന്നത് മാധ്യമസ്ഥാപനങ്ങൾ വിൽക്കപ്പെട്ടു കഴിഞ്ഞു എന്നാണ്. പക്ഷേ യഥാർത്ഥത്തിൽ അവർ വിൽക്കപ്പെട്ട് കഴിഞ്ഞവരല്ല, അവർ തൊഴിൽ ചെയ്യുന്നത് തന്നെ ഭരണകൂടത്തിനോടൊപ്പമാണ്. ഒരു പ്രത്യേക അജണ്ട പ്രചരിപ്പിക്കാൻ വേണ്ടി ഒരാൾ ബോധപൂർവ്വം ഒരു മാധ്യമസ്ഥാപനം ആരംഭിച്ചേക്കാം. ആ അർത്ഥത്തിൽ നോക്കുമ്പോൾ അവർ വിൽക്കപ്പെട്ടവരല്ല, അവർ ആദ്യാവസാനം ഭരണകൂടത്തോടൊപ്പം നിലനിൽക്കുന്നവരാണ്. സത്യത്തിൽ അവർ ഈ സംഭവങ്ങളിലെല്ലാം സന്തോഷിക്കുന്നവരാണ്. അവർ പറഞ്ഞുകൊണ്ടേയിരിക്കും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്, നിങ്ങൾ ഞങ്ങളുടെ ഭാഗമാണ് എന്ന്. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഒരു ഭാഗം ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അതിൽ സന്തോഷിക്കാൻ കഴിയുന്നത് എങ്ങനെയാണ്? കശ്മീരിൽ നിന്ന് ചോരവാർന്നൊലിക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ് അതേപ്പറ്റി സന്തോഷിക്കാൻ കഴിയുന്നത്? ഭരണഘടനാപരമായിട്ടാണെങ്കിലും ഇതൊരു ജനാധിപത്യമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയെ ജനാധിപത്യ വ്യവസ്ഥയാക്കുന്നത് എത്രത്തോളം അതിലെ ജനങ്ങൾ ബോധമുള്ളവരാണ് എന്നും എത്രത്തോളം അവരുടെ മനസ്സാക്ഷി ഉണർന്നിരിക്കുന്നു എന്നതിന്‍റെയും അടിസ്ഥാനത്തിലാണ്. ജനകീയ ഉത്തരവാദിത്തമില്ലെങ്കിൽ ജനാധിപത്യവുമില്ല. ജനാധിപത്യം വെറും വോട്ടിങ്ങും തെരഞ്ഞെടുപ്പും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കലും മാത്രമല്ല. ഒരു ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരും നിയമത്തിന് മുന്നിൽ ഉത്തരവാദിത്തമുള്ളവരാണ്. പക്ഷേ ഇതെല്ലാം ജനാധിപത്യത്തിന്‍റെ നിയമവിരുദ്ധമായ രൂപമാറ്റങ്ങളാണ് ഇന്നിവിടെയുള്ളത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെങ്ങും ഇതാണ് ജനാധിപത്യം. എല്ലാവരും അതിനാൽ ബാധിക്കപ്പെട്ടിരിക്കുകയാണ്.
സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ആളുകൾ പറയുന്നു, യഥാർത്ഥ വിവരങ്ങൾ മറച്ചുപിടിച്ച് മാന്ദ്യം ഇല്ലെന്ന് കാണിക്കാനാണ് സർക്കാർ നോക്കുന്നതെന്ന്, ലിബറൽ ക്ലാസിലും ലെഫ്റ്റ് ലിബറൽ ക്ലാസിലുമുള്ള ആളുകൾ പറയുന്നത് സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നത്തെ മറച്ചുപിടിക്കാൻ വേണ്ടിയാണ് കശ്മീർ പ്രശ്നം സൃഷ്ടിച്ചത് എന്നാണ്. എനിക്കീ ലെഫ്റ്റ് ലിബറലുകളോട് ചോദിക്കാനുള്ളത് നിങ്ങളുടെ മനസ്സാക്ഷി ഇപ്പോഴും ജീവനോടെയുണ്ടോ എന്നാണ്. നിങ്ങളിപ്പോഴും അവിടെ സംഭവിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല? എണ്‍പത് ലക്ഷം ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. ഇതെത്ര കാലമായി തുടരുകയാണ്? ഏതെങ്കിലും ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ചെറിയ പരാജയമുണ്ടായാൽ അതിന്‍റെ ദേഷ്യം കശ്മീരിന്‍റെ പുറത്താണ് തീർക്കുന്നത്, അവരുടെ പരാജയത്തിന് നമ്മൾക്ക് എന്തുകൊണ്ടാണ് വില കൊടുക്കേണ്ടിവരുന്നത്? ഭരണകൂട വാദത്തിന് ചാലകശക്തിയായി പ്രവർത്തിക്കുകയാണ് ഈ ലെഫ്റ്റ് ലിബറലുകൾ. അവർ പ്രശ്നത്തെ സാധാരണവൽക്കരിക്കുകയാണ്, അതാണ് ഞങ്ങൾക്ക് പ്രശ്നം. നന്നായി വായിക്കുന്നവരും ചർച്ചകളിൽ പങ്കെടുക്കുന്നവരും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ അത്രയും വായിക്കാത്തവരുടെ അവസ്ഥയെന്തായിരിക്കും? ഇന്ത്യൻ പൊതുസമൂഹത്തിലെ ആരൊക്കെ ചോദിക്കും എന്തുകൊണ്ടാണ് നമ്മുടെ ഭരണഘടനാ പ്രക്രിയകൾ അട്ടിമറിക്കപ്പെട്ടതെന്ന്? ഇത് എല്ലാവർക്കും ഒരു പ്രശ്നമാണ്, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് മാത്രമുള്ള പ്രശ്നമല്ല. നാളെ ഇത് മറ്റേതെങ്കിലും സംസ്ഥാനത്തിന് സംഭവിക്കാം. അസമിൽ എൻആർസി സംഭവിച്ചു. ഇപ്പോൾ ഹരിയാന മുഖ്യമന്ത്രിയെപ്പോലുള്ളവരും എൻആർസി വേണമെന്ന് ആവശ്യപ്പെടുന്നു.
എനിക്ക് മൂന്നുതവണ കശ്മീരിൽ നിന്ന് ഫോൺകോൾ വന്നു. ആദ്യത്തേത് ഓഗസ്റ്റ് 17ന് ആയിരുന്നു, ഓഗസ്റ്റ് അഞ്ചിന് ശേഷം പന്ത്രണ്ട് ദിവസങ്ങൾ കഴിഞ്ഞ്. എന്റെ ഉമ്മ മൂന്ന് നീണ്ട മണിക്കൂറുകൾ ഡിസ്ട്രിക്റ്റ് കമ്മീഷണറുടെ ഓഫീസിൽ ക്യൂവിൽ നിന്ന് വിളിച്ചതാണ്. ഫോണെടുത്തപ്പോൾ അപ്പുറത്തുനിന്ന് ഹലോ, നിനക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാൻ ഓക്കേയാണ് എന്ന് പറഞ്ഞു. ഉമ്മ ചോദിച്ചു, നിന്‍റെ കയ്യിൽ ആവശ്യത്തിന് പെെസയുണ്ടോ? എന്ന്. ഞാൻ പറഞ്ഞു, ഉണ്ട്, അതിന്റെ കാര്യം ഞാൻ നോക്കിക്കോളാം, അതേപ്പറ്റി ആലോചിക്കേണ്ട എന്ന്. അവിടെ എല്ലാം ഓക്കേയാണോ എന്ന് ഞാൻ ചോദിച്ചു, ഓക്കേയാണ് എന്ന് ഉമ്മ പറഞ്ഞു. പിന്നിൽ നിന്ന് ഒരാൾ പറയുന്നത് കേട്ടു, സമയം കഴിഞ്ഞു, സമയം കഴിഞ്ഞു എന്ന്.
നമ്മുടെ ജനങ്ങൾക്ക് മേൽ ആർമി പീഡനം തുടരുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് വേറെയാരും പറയാതെ തന്നെ നമ്മൾക്കറിയാം.ഇന്നത്തെ സാഹചര്യത്തിൽ അവിടെ സെെനികർ ജനങ്ങളെ പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അവർ നമ്മളോട് ചോദിക്കും നിങ്ങളെന്തിനാണ് ആർമിയെ കുറ്റപ്പെടുത്തുന്നത് എന്ന്. മുമ്പും കശ്മീരിൽ സെെനികർ ജനങ്ങളെ പീഡിപ്പിക്കുന്നുണ്ടായിരുന്നു, നമുക്കറിയാം അതവിടെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഈയിടെ പുൾവാമയിൽ നിന്നും ഒരു ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടു, പതിനാറുവയസ്സുള്ള ഒരു ആൺകുട്ടി, സത്യത്തിൽ അവൻ കൊല്ലപ്പെടുകയായിരുന്നു. ആർക്കുമറിയില്ല അവന് സംഭവിച്ചതെന്താണെന്ന്. യുദ്ധത്തിൽ സംഭവിക്കുന്നത് അതാണ്. സത്യസന്ധമായ, ഭയരഹിതമായ മാധ്യമപ്രവർത്തനമില്ലെങ്കിൽ, അന്വേഷണാത്മക മാധ്യമപ്രവർത്തനമില്ലെങ്കിൽ, അധികാരമില്ലാത്ത ജനങ്ങൾ എത്രവലിയ സത്യം വിളിച്ചുപറഞ്ഞാലും ആരുമത് കാര്യമാക്കില്ല. അതിശക്തമായി നിലകൊള്ളാൻ തയ്യാറുള്ള അന്വേഷണാത്മക മാധ്യമപ്രവർത്തകരുണ്ടെങ്കിൽ, സത്യസന്ധതയുള്ള മാധ്യമ കൂട്ടായ്മകളുണ്ടായിരുന്നെങ്കിൽ, കുറഞ്ഞത് മാധ്യമപ്രവർത്തകർക്കെങ്കിലും ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമായിരുന്നില്ല. ഇവിടെ മാധ്യമപ്രവർത്തകർക്ക് ഭയത്തിൽ കഴിയേണ്ടിവരികയാണ്. ഫോട്ടോ ജേണലിസ്റ്റുകളാണ് മാധ്യമപ്രവർത്തക കുടുംബത്തിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവർ. ശ്രീനഗർ സിറ്റിയിലും സൗത് കശ്മീരിലും ജോലി ചെയ്യുന്നവർ.
മാനസികാഘാതം ഓരോ വർഷം കഴിയും തോറും തീവ്രമായിക്കൊണ്ടിരിക്കുകയാണ്. തൊണ്ണൂറുകളുടെ ആദ്യത്തിൽ ജനിച്ച എന്നെപ്പോലുള്ളവർ, എന്റെ തലമുറയിൽ പെട്ട പലരും ഒരിക്കലും സാധാരണ ജീവിതം കണ്ടിട്ടില്ല. വീട്ടിൽ നിന്ന് വരുന്ന പലരും പറയുക എല്ലാം നോർമൽ ആണെന്നാണ്. ആ നോർമൽ യുദ്ധാവസ്ഥയാണ്. എന്‍റെ തലമുറയിൽ പെട്ടവർ കുട്ടിക്കാലത്ത് ചിന്തിച്ചിരുന്നത് ജീവിതം ഇങ്ങനെ ആണെന്നാണ്. ആർമിയുണ്ട്, റെബലുകളുണ്ട്, പിന്നെ നമ്മളും. നമ്മൾ ഒരിക്കലും അറിഞ്ഞിരുന്നില്ല ലോകത്ത് ഇങ്ങനെയൊരു ഭാഗമുണ്ട്, അവിടെ രാത്രിയിൽ പുറത്തുപോകാനും റോഡ് സെെഡിൽ ചായ കുടിക്കാനും പോകാൻ പറ്റുമെന്ന്, അക്കാര്യം യൂണിവേഴ്സിറ്റിയിൽ വരുന്നതുവരെ ഞങ്ങൾക്ക് അറിയുമായിരുന്നില്ല, പത്തുമണിക്ക് ശേഷം ഞങ്ങൾക്കും പുറത്തുപോകാൻ കഴിയുമെന്ന്. കശ്മീരിൽ നിലനില്‌‍ക്കുന്ന സാധാരണാവസ്ഥ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിൽ സാധാരണാവസ്ഥയാകുന്നില്ല. അടിച്ചേൽപ്പിക്കപ്പെട്ട സാധാരണാവസ്ഥയാണ് കശ്മീരിൽ നിലനിൽക്കുന്നത്, കശ്മീരിൽ എല്ലാം സാധാരണമാണ് എന്ന് കശ്മീരികൾ പറഞ്ഞാൽ വലിയ കൊലപാതകങ്ങൾ നടന്നിട്ടില്ല എന്നാണ് അതിന്‍റെ അർത്ഥം. എന്നാലത് ടെൻഷൻ ഇല്ലാത്ത അവസ്ഥയാണ് എന്നല്ല അർത്ഥമാക്കുന്നത്. ആളുകൾക്ക് പുറത്തിറങ്ങി പ്രതിഷേധം പ്രകടിപ്പിക്കേണ്ട എന്നർത്ഥമില്ല. ആളുകൾക്ക് പ്രതിഷേധിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അവർക്കതിന് അനുവാദമില്ല. പുറത്തിറങ്ങിയാൽ തന്നെ അവർക്ക് ബുള്ളറ്റുകൾ നേരിടേണ്ടിവരും, കൊലപാതകങ്ങളുണ്ടാകും. ഈ സാധാരണാവസ്ഥ അടിച്ചേൽപിക്കപ്പെട്ട സാധാരണാവസ്ഥയാണ്.


Read More Related Articles