ശബരിമലയിലെ ക്രിമിനലുകളെ അവിടെ നിന്ന് നീക്കി സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി

By on

തിരുവനന്തപുരം:  ശബരിമലയിൽ സംഘടിച്ചിരിക്കുന്ന ക്രിമിനലുകളെ അവിടെ നിന്ന് നീക്കി സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ദൗത്യം നിറവേറ്റുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷയൊരുക്കക സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഭരണഘടനാ ബെഞ്ചിന്‍റെ വിധി നടപ്പാക്കുക എന്നത്  പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സന്ദ​ർശനം നടത്താൻ ആ​ഗ്രഹിച്ചെത്തുന്ന വനിതകൾക്ക് പൊലീസ് സംരക്ഷണം ഒരുക്കുക തന്നെ ചെയ്യും. പൊലീസിനെ അടക്കം വര്‍ഗിയവത്കരിക്കാനുള്ള ഹീനമായ ശ്രമമാണ് ആര്‍ എസ്എസ് നടത്തിയത്. പൊലീസിലും വിശ്വാസികളുണ്ട്. ഒരു പൊലീസുദ്യോഗസ്ഥന്‍ രാവിലെ ദര്‍ശനത്തിന്എത്തിയത് പോലും ദുര്‍വ്യാഖ്യാനം നടത്താനുള്ള ശ്രമമുണ്ടായിയെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  സുപ്രീംകോടതിയുടെ വിധിയെ അട്ടിമറിക്കാന്‍ തന്ത്രിമാരും പരികര്‍മ്മകളും നടത്തിയ ശ്രമം അംഗീകരിക്കാനാവില്ല. ക്ഷേത്രം തുറക്കാനും അടക്കാനുമുള്ള അധികാരം ദേവസ്വം ബോഡിനാണ്. തുറന്ന ക്ഷേത്രത്തില്‍ ഏത് രീതിയില്‍ പ്രവര്‍ത്തിക്കണം എന്ന് തന്ത്രിക്ക് തീരുമാനിക്കാം. ഇത്തരം ആളുകള്‍ ബോഡിന്‍റെ ജീവനക്കാര്‍ക്ക് ഒപ്പമാണ് എന്ന് അവര്‍ മറക്കരുത്. വിശ്വാസികളെ ക്ഷേത്രത്തില്‍ കടത്താതിരിക്കുക എന്നതല്ല കടത്തുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. ദേവസ്വംബോഡിന്‍റെ ചില്ലിക്കാശ് സര്‍ക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ല. ക്ഷേത്രം ആരുടെ സ്വത്താണ്? ക്ഷേത്രം ദേവസ്വം ബോഡിന്‍റെ സ്വത്താണ്.

സംഘര്‍ഷത്തിന് ആര്‍എസ്എസിന്‍റെ ഗൂഢപദ്ധതി

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ഗൂഢപദ്ധതി  തയ്യാറാക്കി അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പഭക്തർക്ക് സുരക്ഷ ഒരുക്കുന്നത് പൊലീസിന്‍റെ ദൗത്യമാണ്. ദർശനത്തിന് എത്തിയവർക്ക് നേരെ വലിയ ആക്രമണം ഉണ്ടായി. മാനസിക പീഡനം വനിതകൾക്ക് ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടായി. അവിടെ വന്ന വനിതകൾക്ക് നേരെ തെറിയഭിഷേകവും ആക്രമണവും സംഘപരിവാറുകാർ നടത്തി. അതേസമയം അവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അവരെ ആക്രമിച്ചത് അയ്യപ്പഭക്തരല്ല. അത് ആസൂത്രിത പദ്ധതിയാണ്. ​ഗൂഢപദ്ധതി തയ്യാറാക്കപ്പെട്ടു. ഇതിന് പിന്നിൽ ​ഗൂഡാലോചനയുണ്ട്. ശബരിമലയിൽ എത്തുന്ന സ്ത്രീകൾ ആരാണെന്ന് മനസിലാക്കുകയും അവരുടെ വീടുകൾ മനസിലാക്കി ആക്രമണം നടത്താനുള്ള ​ഗൂഢപദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നു. ചില വോയ്സ് മെസേജുകൾ ഇപ്പോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരുമുടിക്കെട്ട് പോലെ ഒന്ന് എടുത്ത് കറുത്ത വസ്ത്രമുടുത്ത് ശബരിമലയിലേക്ക് വരണം. എന്ന് സംഘപരിവാറുകാരോട് പറയുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ആസൂത്രിത നീക്കം സംഘപരിവാറിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ട്. ശബരിമലയെ സംഘർഷഭൂമിയാക്കുക എന്നതാണ് പദ്ധതി. ഭക്തിയുടെ പേരിൽ അക്രമകളിലെ സംഘടിപ്പിക്കുകയാണ് ഉണ്ടായത്.


Read More Related Articles