സ്ത്രീസുരക്ഷ പഠിപ്പിക്കാനെത്തിയ യുപി പൊലിസിനോട് പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ ചോദ്യം; പരാതിപ്പെട്ടാല്‍ ഞാന്‍ സുരക്ഷിതയാവുമോ?

By on

സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസെടുക്കാൻ വന്ന ഉത്തർപ്രദേശ് അഡീഷനൽ എസ്പിയോട് ഉന്നാവോ പെൺകുട്ടിയുടെ വിഷയം ഉന്നയിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെതിരെ ലെെംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിൽ റ്റ്രക്ക് ഇടിക്കുകയും പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയുടെ ചോദ്യം. എല്ലാവർക്കും അറിയാം അത് വധശ്രമമാണെന്ന് എന്ന് പറഞ്ഞുകൊണ്ടാണ് തനിക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ എന്ത് സുരക്ഷയാണ് ലഭിക്കുക എന്ന ചോദ്യം മുനിബ കിദ്വായി എന്ന വിദ്യാർത്ഥിനി ഉയർത്തിയത്. പൊലീസ് സുരക്ഷയുടെ ഭാഗമായാണ് ബറാബാങ്കിയിലെ സ്കൂളുകളിൽ ഇന്ന് യുപി പൊലീസ് എത്തിയത്. ആനന്ദ് ഭവൻ സ്കൂളിലാണ് ലെെംഗികാതിക്രമത്തിനെതിരെ ശബ്ദിച്ചതിന് ഉന്നാവോ കേസിലെ പെൺകുട്ടിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന അനീതിയെക്കുറിച്ച് യുപി പൊലീസിന് വിദ്യാർത്ഥിനിയുടെ ചോദ്യം നേരിടേണ്ടിവന്നത്.

”ഞങ്ങൾ ശബ്ദമുയർത്തണമെന്നും പ്രതിഷേധിക്കണമെന്നും താങ്കൾ പറയുന്നു. പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തു. അവരുടെ കുടുംബത്തിന് സംഭവിച്ച റോഡപകടം, എല്ലാവർക്കും അറിയാം അത് റോഡപകടം അല്ലെന്ന്. ആ പെൺകുട്ടിയും അവളുടെ അമ്മയും അഭിഭാഷകനും ബന്ധുക്കളും കാറിൽ ഉണ്ടായിരുന്നു, നമ്പർ പ്ലേറ്റ് കറുപ്പു മഷി കൊണ്ട് മായ്ച്ചുകളഞ്ഞ ഒരു റ്റ്രക്കാണ് കാറിലിടിച്ചത്. ആ റ്റ്രക്കിന്‍റെ നമ്പർ കാണാൻ കഴിയില്ല… ഏതെങ്കിലും ഒരു സാധാരണ വ്യക്തിക്കെതിരെ പ്രതിഷേധമുയർത്താൻ കഴിയും എന്നാൽ അധികാരമുള്ള, വലിയൊരാൾക്കെതിരെ എങ്ങനെ പ്രതിഷേധിക്കും? ഞങ്ങൾ പ്രതിഷേധമുയർത്തിയാലും അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നറിയാം, നടപടി എടുത്താലും അതുകൊണ്ട് ഒരു കാര്യവും ഉണ്ടാകില്ലെന്നറിയാം. ആ പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. നിർഭയയ്ക്കും മൂന്നുവയസ്സുകാരിക്കും സംഭവിച്ചത് നമ്മൾ കണ്ടു. ഇനി ഞങ്ങൾ പ്രതിഷേധിച്ചാലും നീതി ലഭിക്കുമോ? എങ്ങനെ നിങ്ങൾ പിന്നീട് എന്‍റെ സുരക്ഷ ഉറപ്പാക്കും?”

എന്ന് മുനിബ ചോദിച്ചു. അഡീഷണൽ എസ് പി എസ് ഗൗതം, സ്വന്തം ശബ്ദമുയർത്താനുള്ള ഒരു പെൺകുട്ടിയുടെ അവകാശത്തെക്കുറിച്ചും പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ച് നിർത്തിയപ്പോഴാണ് മുനിബ കിദ്വായി എഴുന്നേറ്റുനിന്ന് ചില ചോദ്യങ്ങൾ പൊലീസിനോട് തിരിച്ചുചോദിച്ചത്.

മുനിബ കിദ്വായിയുടെ ചോദ്യങ്ങൾക്ക് സഹപാഠികളായ പെൺകുട്ടികളുടടെ കയ്യടിയും പ്രോത്സാഹനവും ഉണ്ടായി. തങ്ങൾക്ക് നേരെയുണ്ടായത് കുൽദീപ് സെംഗാറിന്‍റെ പദ്ധതിയനുസരിച്ചുള്ള വധശ്രമമാണ് എന്ന് പെൺകുട്ടിയുടെ അമ്മയും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

ജനുവരിയിൽ പെൺകുട്ടിയുടെ അമ്മ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ റ്റ്രാന്‍സ്ഫർ പെറ്റിഷൻ നൽകിയിരുന്നു. ജൂലെെ 12ന് തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ട് എന്നും നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്ത് സുപ്രിം കോടതി രജിസ്റ്റ്രി തടഞ്ഞുവെക്കുകയായിരുന്നു. ഈ കത്തിനെപ്പറ്റി മാധ്യമങ്ങൾ വഴി അറിഞ്ഞത് എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രതികരിച്ചത്. ഈ കത്ത് എന്തുകൊണ്ട് കോടതിയിൽ എത്തിയില്ല എന്നതിനെപ്പറ്റി റിപ്പോർട്ട് നൽകണമെന്ന് രഞ്ജൻ ഗൊഗോയ് സുപ്രിം കോടതി രജിസ്റ്റ്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Read More Related Articles